Record Broken | 41 വർഷം പഴക്കമുള്ള ഇന്ത്യൻ താരത്തിന്റെ റെക്കോർഡ് മറികടന്ന് ശ്രീലങ്കൻ താരം
236 റൺസിന് ശ്രീലങ്കയുടെ എല്ലാവരും കൂടാരം കയറിയപ്പോൾ ഇംഗ്ലണ്ട് ആദ്യ ദിനം വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസ് നേടി അവസാനിപ്പിച്ചു.
മാഞ്ചസ്റ്റർ: (KVARTHA) ടെസ്റ്റ് ക്രിക്കറ്റിൽ 41 വർഷം പഴക്കമുള്ള ഇന്ത്യൻ താരത്തിന്റെ റെക്കോർഡ് തകർത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ പുതുമുഖ താരം മിലൻ രത്നായകെ.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഒമ്പതാമനായി ബാറ്റിങ്ങിനിറങ്ങിയ മിലൻ 72 റൺസ് നേടി തന്റെ ടീമിന്റെ രണ്ടാമത്തെ ഉയർന്ന സ്കോറർ കൂടിയായി.
ഒമ്പതാം നമ്പറിൽ ബാറ്റിംഗിനിറങ്ങി ഏറ്റവും ഉയർന്ന സ്കോർ നേടിയ ഇന്ത്യൻ താരമായ ബൽവീന്ദർ സിംഗ് സന്ധുവിന്റെ റെക്കോർഡാണ് മിലൻ മറികടന്നത്. 1983ൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ബൽവീന്ദർ സന്ധു നേടിയ 71 റൺസായിരുന്നു ഇതിനുമുൻപ് ഉണ്ടായിരുന്ന റെക്കോർഡ്.
ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും 113/7 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാൽ ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയ്ക്കൊപ്പം മിലൻ രത്നായകെ ചേർന്ന് ഒരു അർദ സെഞ്ചുറി കൂട്ടുകെട്ട് നടത്തി ടീമിനെ 176 റൺസിലെത്തിച്ചു. ധനഞ്ജയ ഡി സിൽവ പുറത്തായ ശേഷം വിശ്വം ഫെർണാണ്ടോയ്ക്കൊപ്പം ചേർന്ന് മിലൻ തന്റെ ഇന്നിംഗ്സ് തുടർന്നു. 135 പന്തിൽ ആറ് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹായത്തോടെ 72 റൺസ് നേടി മിലൻ തിളങ്ങി.
ഇംഗ്ലണ്ടിനായി ക്രിസ് വോക്സ്, ഷൊയൈബ് ബഷീർ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ഗുസ് അറ്റ്കിൻസൺ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 236 റൺസിന് ശ്രീലങ്കയുടെ എല്ലാവരും കൂടാരം കയറിയപ്പോൾ ഇംഗ്ലണ്ട് ആദ്യ ദിനം വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസ് നേടി അവസാനിപ്പിച്ചു.