Asia Cup | ഏഷ്യാ കപ്പ്: ഇന്ത്യയെ തകർത്ത് ശ്രീലങ്ക ചാമ്പ്യൻമാർ

 
Sri Lanka Clinches Asia Cup, Thrashes India by Eight Wickets
Sri Lanka Clinches Asia Cup, Thrashes India by Eight Wickets

Photo Credit: Instagram/ officialslc

ശ്രീലങ്ക വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ഏഷ്യാ കപ്പിൽ മുത്തമിട്ടു

ധാംബുള്ള: (KVARTHA) വനിതാ ഏഷ്യാ കപ്പ് ശ്രീലങ്കയ്ക്ക്. ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്താണ് ശ്രീലങ്ക കിരീടം നേടുന്നത്.

വനിതാ ഏഷ്യ കപ്പ് ചരിത്രത്തിൽ അവരുടെ ആദ്യ കിരീടമാണിത്. ധാംബുള്ളയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 165 റണ്‍സാണ് നേടിയത്. 60 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹര്‍ഷിത സമരവിക്രമ (51 പന്തില്‍ പുറത്താവാതെ 69), ചമാരി അത്തപ്പത്തു (61) എന്നിവരാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ലങ്കയ്ക്ക് രണ്ടാം ഓവറില്‍ തന്നെ വിഷ്മി ഗുണരത്‌നെയുടെ (1) വിക്കറ്റ് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ചമാരി - ഹര്‍ഷിത സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12-ാം ഓവറില്‍ ചമാരിയെ ദീപ്തി ശര്‍മ ബൗള്‍ഡാക്കി. 43 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ഒമ്പത് ഫോറും നേടി. ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും കവിഷ ദില്‍ഹാരിയെ (16 പന്തില്‍ 30) കൂട്ടുപിടിച്ച് ഹര്‍ഷിത ലങ്കയെ ആധികാരിക വിജയത്തിലേക്ക് നയിച്ചു. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹര്‍ഷിതയുടെ ഇന്നിംഗ്‌സ്.

നേരത്തെ, സ്മൃതിക്ക് പുറമെ ജെമീമ റോഡ്രിഗസും റിച്ച ഘോഷും നടത്തിയ പോരാട്ടമാണ് ഇന്ത്യയെ 150 കടത്തിയത്. ശ്രീലങ്കക്കായി കാവിഷ ദില്‍ഹാരി രണ്ട് വിക്കറ്റെടുത്തു. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 44 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 19 പന്തില്‍ 16 റണ്‍സെടുത്ത ഷഫാലിയെ പുറത്താക്കി കവിഷ ദില്‍ഹാരിയാണ് ശ്രീലങ്കക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. വണ്‍ ഡൗണായി എത്തിയ ഉമ ഛേത്രിയും (9), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(11 പന്തില്‍ 11)പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ പതറി.

ജെമീമയെ (16 പന്തില്‍ 29) കൂട്ടുപിടിച്ച് മന്ദാന നടത്തിയ പോരാട്ടം ഇന്ത്യയെ 100 കടത്തി. പതിനാറാം ഓവറില്‍ ജെമീമ റണ്ണൗട്ടായതിന് പിന്നാലെ സ്മൃതിയെ കവിഷ പുറത്താക്കി. ഇന്നിംഗ്‌സിനൊടുവില്‍ തകര്‍ത്തടിച്ച റിച്ച ഘോഷ് (14 പന്തില്‍ 30) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. പൂജ വസ്ട്രക്കറും (5*), രാധാ യാദവും(1*) പുറത്താകാതെ നിന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയും ശ്രീലങ്കയും ഫൈനലിലെത്തിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia