Cricket | ഒരു ഓവറിൽ 39 റൺസ്!; യുവരാജ് സിങ്ങിന്റെ റെക്കോർഡ് തകർത്ത് സമോവൻ താരം
വനൗതു ബൗളർ നളിൻ നിപികോക്കെതിരെയായിരുന്നു വൈസ്സറിന്റെ അവിശ്വസനീയമായ പ്രകടനം.
അപിയ: (KVARTHA) ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സമോവൻ താരം ഡാരിയസ് വൈസ്സർ ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചു. ഒരു ഓവറിൽ ആറ് സിക്സറടക്കം 39 റൺസ് അടിച്ച് യുവരാജ് സിങ്ങിന്റെ റെക്കോർഡ് തകർത്തു.
2007ൽ സ്റ്റുവർട്ട് ബ്രോഡിനെതിരെ യുവരാജ് സിങ് അടിച്ച 36 റൺസ് എന്ന റെക്കോർഡായിരുന്നു ഇതുവരെ ഏറ്റവും ഉയർന്നത്. വനൗതു ബൗളർ നളിൻ നിപികോക്കെതിരെയായിരുന്നു വൈസ്സറിന്റെ അവിശ്വസനീയമായ പ്രകടനം.
ആറ് സിക്സറും മൂന്ന് നോ ബോളും ഉൾപ്പെടെയാണ് 39 റൺസ് പിറന്നത്. ഇതോടൊപ്പം രാജ്യാന്തര ടി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ സമോവൻ ബാറ്ററെന്ന നേട്ടവും വൈസ്സർ സ്വന്തമാക്കി.
ഈ മത്സരത്തിൽ സമോവ 174 റൺസ് നേടി വിജയിച്ചു. വൈസ്സർ മാത്രമല്ല, ടീം മുഴുവൻ മികച്ച പ്രകടനം കാഴ്ചവച്ചു. 2026 ലെ ടി20 ലോകകപ്പിന് യോഗ്യത നേടാനുള്ള സമോവയുടെ ശ്രമങ്ങൾക്ക് ഈ വിജയം വലിയ ഊർജ്ജം നൽകും.