Karnataka Premier League | കർണാടക പ്രീമിയർ ലീഗിൽ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത്; മൈസൂരു വാരിയേഴ്സിന്റെ പുതിയ താരം
50,000 രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്
ബെംഗളൂരു: (KVARTHA ) മഹാരാജ ട്രോഫിക്ക് വേണ്ടിയുള്ള കർണാടക പ്രീമിയർ ലീഗിൽ മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ് മൈസൂരു വാരിയേഴ്സിൽ അരങ്ങേറുന്നു.
18 കാരനായ സമിത് കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പുകളായ മൈസൂരു വാരിയേഴ്സിൽ അംഗമായി. മീഡിയം പേസറും മധ്യനിര ബാറ്ററുമായ സമിത് കഴിഞ്ഞ സീസണിൽ കൂച്ച് ബെഹാര്‍ ട്രോഫി നേടിയ കർണാടക അണ്ടർ 19 ടീമിലും അംഗമായിരുന്നു. 50,000 രൂപയ്ക്കാണ് താരത്തിനെ സ്വന്തമാക്കിയത്. കരുൺ നായരാണ് മൈസൂരു വാരിയേഴ്സിന്റെ നായകൻ . സമിതിനെ കൂടാതെ, ഓൾറൗണ്ടർമാരായ കെ ഗൗതം (7.4 ലക്ഷം), ജെ സുചിത് (4.8 ലക്ഷം) എന്നിവരെയും ടീം സ്വന്തമാക്കി. മുൻ ഇന്ത്യൻ താരമായ പ്രസിദ്ധ് കൃഷ്ണയെ ഒരു ലക്ഷം രൂപയ്ക്കും മൈസൂരു സ്വന്തമാക്കി.
വിക്കറ്റ് കീപ്പർ ബാറ്ററായ എൽ ആർ ചേതനെ ബെംഗളൂരു ബ്ലാസ്റ്റേഴ്സ് 8.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. ലീഗിലെ ഏറ്റവും മൂല്യമേറിയാ താരവും ചേതനാണ്. ഇന്ത്യൻ താരം മായങ്ക് അഗർവാളാണ് ബ്ലാസ്റ്റേഴ്സിന്റെ നായകൻ. ശ്രേയസ് ഗോപാലിനെ മംഗലൂരു ഡ്രാഗണ്‍സ് 7.6 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. പരിക്കുമൂലം കഴിഞ്ഞ സീസൺ നഷ്ടമായ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ഗുൽബർഗ മിസ്റ്റിക്സ് നിലനിർത്തി.
മനീഷ് പാണ്ഡെയുടെ നായകത്വത്തിലുള്ള ടൈഗേഴ്‌സ് കെ സി കരിയപ്പയെ നിലവിലെ ചാമ്പ്യൻമാരായ ഹുബ്ലി ടൈഗേഴ്സ് 4.2 ലക്ഷത്തിന് സ്വന്തമാക്കി. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ ഒന്ന് വരെയായിരിക്കും മഹാരാജാ ട്രോഫിക്കുവേണ്ടിയുള്ള കർണാടക പ്രീമിയർ ലീഗ്.