Test | 'റുതുരാജ് മഹാരാഷ്ട്രക്കാരുടെ സഞ്ജു സാംസണ്‍'; ബി സി സി ഐക്കെതിരെ ആരാധകര്‍
അവസരം നൽകുന്ന കാര്യത്തിൽ സെലക്ടർമാർ സഞ്ജു സാംസണോട് കാണിച്ച അതേ നിലപാടാണ് റുതുരാജിനോടും കാണിക്കുന്നതെന്ന് ആരാധകർ ആരോപിക്കുന്നു
ചെന്നൈ: (KVARTHA) ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ റുതുരാജ് ഗെയ്ക്വാദിനെ ഒഴിവാക്കിയതിൽ സാമൂഹ്യമാധ്യമങ്ങളിൽ ആരാധക രോഷം.
റുതുരാജിനെ 'മഹാരാഷ്ട്രയുടെ സഞ്ജു സാംസൺ' എന്ന് വിശേഷിപ്പിച്ച് സെലക്ടർമാരുടെ തീരുമാനത്തെ വിമർശിക്കുകയാണ് ഒരു കൂട്ടം ആരാധകർ.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും റുതുരാജിന് ടെസ്റ്റ് ടീമിൽ സ്ഥാനം ലഭിക്കാത്തത് ആരാധകരെ അസ്വസ്ഥരാക്കുന്നു. ഓപ്പണറായ റുതുരാജിനെ ടീമിൽ എടുത്താലും, നിലവിലെ ടീമിൽ അദ്ദേഹത്തെ എവിടെ കളിപ്പിക്കുമെന്നതാണ് സെലക്ടർമാർക്ക് മുന്നിലുള്ള പ്രധാന പ്രശ്നം.
രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങുന്ന യശസ്വി ജയ്‌സ്വാൾ ഈ സീസണിലെ ഏറ്റവും മികച്ച ഫോമിലാണ്. മറ്റൊരു ഓപ്പണറായ ശുഭ്മാൻ ഗിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
ചേതേശ്വർ പൂജാരയെ ഒഴിവാക്കിയതിനാൽ ഗിൽ ഇപ്പോൾ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നു. ഈ സാഹചര്യത്തിൽ, റുതുരാജിന് അവസരം നൽകുന്ന കാര്യത്തിൽ സെലക്ടർമാർ സഞ്ജു സാംസണോട് കാണിച്ച അതേ നിലപാടാണ് റുതുരാജിനോടും കാണിക്കുന്നതെന്ന് ആരാധകർ ആരോപിക്കുന്നു.
ദുലീപ് ട്രോഫിയിൽ റുതുരാജ് ആദ്യ ഇന്നിംഗ്സിൽ നിരാശപ്പെടുത്തിയെങ്കിലും, രണ്ടാം ഇന്നിംഗ്സിൽ 48 പന്തിൽ 46 റൺസ് നേടി ടീമിന് നിർണായക മുതൽകൂട്ടായിരുന്നു. എന്നാൽ, ശുഭ്മാൻ ഗിൽ രണ്ട് ഇന്നിംഗ്സിലും പരാജയപ്പെട്ടിട്ടും അദ്ദേഹത്തിന് വീണ്ടും ഇന്ത്യൻ ടീമിൽ അവസരം കൊടുത്തതും ആരാധക രോഷം ഉയരാൻ കാരണമായി.