Cricket | രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസ് ഒഴിവാക്കുമോ?; സ്വന്തമാക്കാൻ മറ്റൊരു ടീം തയാർ
ടീമിന് അഞ്ച് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച നായകനെങ്കിലും പ്രായം കാരണം മുംബൈ ഇന്ത്യൻസ് രോഹിത്തിനെ വിട്ടയക്കാൻ സാധ്യതയുണ്ട്.
മുബൈ: (KVARTHA) അടുത്ത ഐപിഎൽ സീസണിലെ താരലേലം വലിയൊരു ചർച്ചയായിരിക്കുകയാണ്. പ്രത്യേകിച്ചും മുംബൈ ഇന്ത്യൻസ് തങ്ങളുടെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ നിലനിർത്തുമോ എന്ന ചോദ്യം ആരാധകർക്കിടയിൽ ഉയർന്നിരിക്കുന്നു.
കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി ഹാർദിക് പാണ്ഡ്യയിലേക്ക് മാറിയതോടെ രോഹിത് ശർമ്മയുടെ ഭാവി സംബന്ധിച്ച് നിരവധി ചർച്ചകൾ ഉണ്ടായിരുന്നു. ടീമിന് അഞ്ച് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച നായകനെങ്കിലും പ്രായം കാരണം മുംബൈ ഇന്ത്യൻസ് രോഹിത്തിനെ വിട്ടയക്കാൻ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ, രോഹിത്തിനെ ലേലത്തിൽ സ്വന്തമാക്കാൻ പഞ്ചാബ് കിങ്സ് തയ്യാറെടുക്കുകയാണ് എന്ന തരത്തിലും വാർത്ത വരുന്നുണ്ട്. ശിഖർ ധവാൻ വിരമിച്ചതിനെ തുടർന്ന് പഞ്ചാബ് കിങ്സിന് പുതിയ നായകനെ ആവശ്യമാണ്. രോഹിത് ശർമ്മയുടെ അനുഭവവും നേതൃത്വഗുണവും പഞ്ചാബ് കിങ്സിന് വലിയൊരു ആനുകൂല്യമായിരിക്കും.
'രോഹിത്തിനെ സ്വന്തമാക്കാനുള്ള പണമുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. രോഹിത്തിന് ലേലത്തിൽ വമ്പന്‍ വില ലഭിക്കും എന്നുറപ്പാണ്' പഞ്ചാബ് കിങ്സിന്റെ ക്രിക്കറ്റ് ഡെവലപ്‌മെന്‍റ് തലവൻ സഞ്ജയ് ബംഗാർ പറഞ്ഞു.
രോഹിത് ശര്‍മ്മ 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമാണ് ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. 2009 ഡെക്കാന്‍ കിരീടം നേടുമ്പോൾ സീസണില്‍ എമേര്‍ജിംഗ് താരത്തിനുള്ള പുരസ്‌കാരം താരത്തിനായിരുന്നു. 2011ല്‍ രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സില്‍ എത്തി. തുടർന്ന് 2013ൽ നായക പദവി അലങ്കരിച്ച താരം അഞ്ച് കിരീടം നേടിക്കൊടുത്തു.