Controversy | ടി-20 ലോകകിരീടം നേടിയ ഇന്‍ഡ്യന്‍ ടീമിന്റെ മടക്കയാത്രയെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നു; എയര്‍ ഇന്‍ഡ്യയോട് വിശദീകരണം തേടി ഡിജിസിഎ
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപണം
പകരം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെന്ന് ജീവനക്കാര്‍
ന്യൂഡെല്‍ഹി: (KVARTHA) ടി-20 ലോകകിരീടം നേടിയ ഇന്‍ഡ്യന്‍ ക്രികറ്റ് ടീമിന്റെ ഇന്‍ഡ്യയിലേക്കുള്ള മടക്കയാത്രയെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നതിനിടെ എയര്‍ ഇന്‍ഡ്യയോട് വിശദീകരണം തേടി സിവില്‍ ഏവിയേയേഷന്‍ ഡയറക്ടര്‍ ജെനറല്‍ (ഡിജിസിഎ). ടീമിന്റെ യാത്രയ്ക്കായി ചാര്‍ടര്‍ ചെയ്ത വിമാനം ബര്‍ബഡോസിലേക്ക് എത്തിച്ചത് മറ്റൊരു സര്‍വീസ് റദ്ദാക്കിയാണെന്ന പരാതിയിലാണ് വിശദീകരണം തേടിയത്.
എന്നാല്‍ ഇന്‍ഡ്യന്‍ ടീമിനായി വിമാനം നല്‍കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്ന് എയര്‍ ഇന്‍ഡ്യ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ജൂലൈ രണ്ടിന് ടികറ്റ് ബുക് ചെയ്ത എല്ലാ യാത്രക്കാരേയും വിവരം നേരത്തേ അറിയിച്ചിരുന്നുവെന്നും വിവരം അറിയിക്കാന്‍ സാധിക്കാത്ത കാരണത്താല്‍ വിമാനത്താവളത്തിലെത്തിയ ചില യാത്രക്കാരെ റോഡ് മാര്‍ഗം ന്യൂയോര്‍കിലേക്ക് കൊണ്ടുപോയെന്നും അവര്‍ക്ക് മറ്റൊരു വിമാനത്തില്‍ ഡെല്‍ഹിയിലേക്ക് യാത്രയൊരുക്കിയെന്നും എയര്‍ ഇന്‍ഡ്യ വ്യക്തമാക്കി.
യു എസിലെ ന്യൂജേഴ്സി സംസ്ഥാനത്തെ നവാര്‍ക്കില്‍ നിന്ന് ന്യൂഡെല്‍ഹിയിലേക്കുള്ള ബോയിങ് 777 യാത്രാവിമാനമാണ് ഇന്‍ഡ്യന്‍ ടീമിനുവേണ്ടി ബര്‍ബഡോസിലേക്ക് എത്തിച്ചതെന്നുള്ള റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. നവാര്‍ക്ക്-ഡെല്‍ഹി വിമാനം ഇന്‍ഡ്യന്‍ ടീമിനായി ബര്‍ബഡോസിലേക്ക് കൊണ്ടുപോയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നതരത്തലുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. ഇതോടെയാണ് ഡിജിസിഎ എയര്‍ ഇന്‍ഡ്യയോട് റിപോര്‍ട് ആവശ്യപ്പെട്ടത്.
വ്യാഴാഴ്ച രാവിലെയാണ് ഇന്‍ഡ്യന്‍ ടീം ഡെല്‍ഹിയില്‍ വിമാനമിറങ്ങിയത്. ബര്‍ബഡോസിലെ ഗ്രാന്റ്ലി ആദംസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്‍ഡ്യയുടെ പ്രത്യേക വിമാനത്തിലായിരുന്നു യാത്ര. ടി-20 ലോകകപ്പ് വിജയത്തെ സൂചിപ്പിക്കുന്ന എ ഐ സി 24 ഡബ്ല്യു സി(AIC24WCഎയര്‍ ഇന്‍ഡ്യ ചാമ്പ്യന്‍സ് 24 വേള്‍ഡ് കപ്പ്) എന്ന കോള്‍ സൈനോടെയാണ് വിമാനം ഇന്‍ഡ്യയിലേക്ക് പറന്നത്.
16 മണിക്കൂര്‍ യാത്ര ചെയ്താണ് ടീം സ്വന്തം നാട്ടില്‍ എത്തിയത്. ന്യൂഡെല്‍ഹി വിമാനത്താവളത്തില്‍ ആരാധകര്‍ വമ്പന്‍ സ്വീകരണമാണ് ടീമിന് ഒരുക്കിയത്. നൂറുകണക്കിന് ആരാധകരാണ് ടീം അംഗങ്ങളേയും കാത്ത് വിമാനത്താവളത്തില്‍ എത്തിയിരുന്നത്. തുടര്‍ന്ന് ടീം ഡെല്‍ഹിയിലെ ഐടിസി മൗര്യ ഹോടെലിലെത്തി. ഇവിടെ ലോകകപ്പിന്റെ മാതൃകയിലുള്ള കേക് ഒരുക്കിയിരുന്നു. പിന്നീട് പ്രത്യേക കേക് മുറിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.
പ്രഭാത ഭക്ഷണം പ്രധാന മന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പമായിരുന്നു. മോദിയുമായി വസതിയില്‍ കൂടിക്കാഴ്ചയും നടന്നു. പിന്നാലെ നടക്കുന്ന അനുമോദന ചടങ്ങിലും ഓപണ്‍ ബസ് പരേഡിലും ധരിക്കാന്‍ പ്രത്യേകം തയാറാക്കിയ ജേഴ്സിയും ഉണ്ട്. ഇതിന്റെ ചിത്രങ്ങള്‍ നേരത്തെ സഞ്ജു സാംസന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരുന്നു.
ന്യൂഡെല്‍ഹിയിലെ ടീം ഹോടെലില്‍ നിന്നാണ് താരം ചിത്രം പങ്കുവെച്ചത്. സഞ്ജു പങ്കിട്ട ചിത്രത്തില്‍ ഇന്‍ഡ്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയത്തെ സൂചിപ്പിക്കാന്‍ ബിസിസിഐ ലോഗോയ്ക്ക് മുകളില്‍ രണ്ട് നക്ഷത്രങ്ങളുണ്ട്. ജേഴ്സിയുടെ മുന്‍വശത്ത് 'ചാംപ്യന്‍സ്' എന്നെഴുതിയിട്ടുണ്ട്. 2007-ല്‍ എംഎസ് ധോണിയുടെ നേതൃത്വത്തിലാണ് പ്രഥമ ടി20 ലോകകപ്പ് ഇന്‍ഡ്യ നേടിയത്.