Cricket | ബാബർ അസമിനെ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് നീക്കിയേക്കും
മുഹമ്മദ് റിസ്വാനെ പുതിയ വൈറ്റ് ബോൾ ക്രിക്കറ്റ് ക്യാപ്റ്റനായി നിയമിക്കുമെന്നും സൂചനയുണ്ട്
കറാച്ചി: (KVARTHA) പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന്, ടീമിന്റെ നായകനായ ബാബർ അസമിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്ന് റിപ്പോർട്ട്.
ഓസ്ട്രേലിയൻ പര്യടനത്തിൽ പാകിസ്താൻ ടീം പുതിയ നായകന് കീഴിലാകും കളിക്കുകയെന്നാണ് സൂചന.
ബാബറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധികൃതരുമായി പരിശീലകൻ ഗാരി കേഴ്സ്റ്റൺ ഇതിനകം ചർച്ച നടത്തിയതായാണ് വിവരം.
ടെസ്റ്റ് ക്രിക്കറ്റിൽ ഉൾപ്പെടെ ബാബർ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം നാട്ടിൽ ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമായിരുന്നു ബാബറിറിൻ്റെത്.
പാകിസ്താൻ ഡ്രസ്സിങ് റൂമിൽ താരങ്ങൾക്കിടയിൽ ഭിന്നത ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 2023 ഏകദിന ലോകകപ്പിലെ തിരിച്ചടിക്കു ശേഷം ഒരിക്കൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ബാബർ പിന്നീട് വീണ്ടും ഈ സ്ഥാനത്തേക്ക് എത്തിയിരുന്നു. എന്നാൽ, താരം ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും വീണ്ടും നിരാശപ്പെടുത്തി. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം പുറത്തായിരുന്നു.
ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ പാകിസ്താൻ ചാമ്പ്യൻസ് വൺ ഡേ കപ്പിനുള്ള ടീമുകളെ തെരഞ്ഞെടുത്തപ്പോൾ ബാബറിനെ നായകനായി പരിഗണിച്ചിരുന്നില്ല. ഇത് ബാബറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിനുള്ള വ്യക്തമായ സൂചനയായി കണക്കാക്കപ്പെടുന്നു. നവംബറിലാണ് ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം. അതിനു മുമ്പായി ബാബറിനെ മാറ്റി മുഹമ്മദ് റിസ്വാനെ പുതിയ വൈറ്റ് ബാൾ ക്രിക്കറ്റ് ക്യാപ്റ്റനായി നിയമിക്കുമെന്നും സൂചനയുണ്ട്.