മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ ബാറ്റിന് 13 ലക്ഷവും മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ ബാറ്റിന് 11 ലക്ഷവും ലഭിച്ചു
മുബൈ: (KVARTHA) ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം സമാഹരിക്കാനായി കെ എൽ രാഹുൽ നടത്തിയ ലേലത്തിൽ 1.93 കോടി രൂപ ലഭിച്ചു.
രാഹുലും ഭാര്യ അതിയ ഷെട്ടിയുടെയും സംയുക്ത സംരംഭമായ വിപ്ല ഫൗണ്ടേഷൻ വഴിയാണ് ലേലം സംഘടിപ്പിച്ചത്. ലേലത്തിൽ വിരാട് കോലിയുടെ ജേഴ്സിക്ക് ഏറ്റവും കൂടുതൽ തുകയായ 40 ലക്ഷം രൂപ ലഭിച്ചു. കോലിയുടെ ഗ്ലൗസിന് 28 ലക്ഷം രൂപയും ലഭിച്ചു.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിന് 24 ലക്ഷം രൂപ ലഭിച്ചു. മുൻ നായകൻ എം എസ് ധോണിയുടെ ബാറ്റിന് 13 ലക്ഷവും മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ ബാറ്റിന് 11 ലക്ഷവും ലഭിച്ചു. കെ എൽ രാഹുലിന്റെ ജേഴ്സിക്ക് 11 ലക്ഷം രൂപയും ജസ്പ്രീത് ബുമ്രയുടെ ഇന്ത്യൻ ടീം ജേഴ്സിക്ക് എട്ട് ലക്ഷം രൂപയും ലേലത്തിൽ ലഭിച്ചു.
രോഹിത് ശർമയുടെ ഗ്ലൗസിന് ഏഴര ലക്ഷം രൂപയും യുസ്‌വേന്ദ്ര ചാഹലിന്റെ രാജസ്ഥാൻ റോയൽസ് ജേഴ്സിക്ക് 50,000 രൂപയും ലഭിച്ചു. റിഷഭ് പന്തിന്റെ ക്രിക്കറ്റ് ബാറ്റിന് ഏഴ് ലക്ഷം രൂപ ലഭിച്ചപ്പോൾ കീപ്പിംഗ് ഗ്ലൗസിന് 3,80,000 രൂപ ലഭിച്ചു.
ഇന്ത്യൻ താരം രവിചന്ദ്ര അശ്വിൻ ഒപ്പിട്ട ടീം ഇന്ത്യ ജേഴ്സിക്ക് 4,80,000 രൂപയാണ് ലേലത്തിൽ നേടിയത്. ലേലത്തിലൂടെ ലഭിച്ച തുക വിപ്ല ഫൗണ്ടേഷൻ ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്ന് അതിയ ഷെട്ടി പറഞ്ഞു.