Milestone | മറ്റൊരു നാഴികക്കല്ലിനരികെ കോഹ്ലി; പഴങ്കഥയാവുക സചിന്റെ റെക്കോർഡ്
● ഈ മാസം 19നാണ് ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റ് മത്സരം.
● കോഹ്‌ലിക്ക് വേണ്ടത് 58 റൺസ് മാത്രം.
ചെന്നൈ: (KVARTHA) ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയുടെ ആരംഭത്തിലേക്ക് കണ്ണുകൾ നട്ടിരിക്കെ, വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ടി20യിൽ നിന്ന് വിരമിച്ച ശേഷം, ടെസ്റ്റിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്താനുള്ള കോഹ്‌ലിയുടെ ശ്രമങ്ങൾക്ക് പിന്തുണയുമായി ആരാധകർ ഒന്നടങ്കം.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുമായി എപ്പോഴും താരതമ്യപ്പെടുന്ന കോഹ്‌ലി ഇപ്പോൾ മറ്റൊരു വലിയ നാഴികക്കല്ലിനരികെയാണ്. രാജ്യാന്തര ക്രിക്കറ്റിൽ 27,000 റൺസ് എന്ന നേട്ടം കൈവരിക്കാൻ കോഹ്‌ലിക്ക് വേണ്ടത് 58 റൺസ് മാത്രം.
ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ 27,000 റൺസ് പൂർത്തിയാക്കുന്ന താരമെന്ന റെക്കോർഡും കോഹ്‌ലിക്ക് സ്വന്തമാക്കാം. 623 ഇന്നിങ്സിൽ (226 ടെസ്റ്റ്, 396 ഏകദിന, ഒരു ടി20) നിന്ന് സച്ചിൻ ഈ നേട്ടം കൈവരിച്ചപ്പോൾ, കോഹ്‌ലി ഇതുവരെ 591 ഇന്നിങ്സുകളിൽ 26,942 റൺസ് നേടിയിട്ടുണ്ട്. ഇനി വരുന്നു എട്ട് ഇന്നിങ്സുകളിൽ ഈ നാഴികക്കല്ല് പിന്നുടുകയാന്നെങ്കിൽ 147 വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ 600 ഇന്നിങ്സിനുള്ളിൽ 27,000 റൺസ് നേടുന്ന ആദ്യ താരമെന്ന അപൂർവ്വ നേട്ടം കോഹ്‌ലിയുടെ പേരിലാകും.
സച്ചിന് പുറമെ, മുൻ ഓസീസ് താരം റിക്കി പോണ്ടിങ്, ശ്രീലങ്കയുടെ കുമാർ സംഗക്കാര എന്നിവരും രാജ്യാന്തര ക്രിക്കറ്റിൽ 27,000 റൺസ് പിന്നിട്ടിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ കോഹ്‌ലി ഈ നേട്ടം കൈവരിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.