Cricket | ലെജന്‍ഡ്സ് ലീഗ്: 40 വർഷത്തിന് ശേഷം കശ്മീരിൽ ക്രിക്കറ്റ് മൈതാനം ഉണരുന്നു
1986ൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു അവസാന മത്സരം നടന്നത്.
ശ്രീനഗര്‍: (KVARTHA) 40 വർഷത്തിന് ശേഷം കശ്മീരിൽ അന്തർദേശീയ ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകാൻ പോകുന്നു.
ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ശിഖർ ധവാൻ, ദിനേശ് കാർത്തിക് തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും.
സെപ്റ്റംബർ 20 മുതൽ ജോധ്പൂരിൽ ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഒക്ടോബർ 16ന് ശ്രീനഗറിൽ വെച്ച് നടക്കും. 38 വർഷത്തിന് ശേഷമാണ് കശ്മീരിൽ അന്തർദേശീയ ക്രിക്കറ്റ് മത്സരം നടക്കുന്നത്. 1986ൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു അവസാന മത്സരം നടന്നത്.
ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങൾക്ക് കശ്മീരും വേദിയാവുന്നതിൽ സന്തോഷമുണ്ടെന്ന് ലീഗിന്റെ സഹസ്ഥാപകൻ രാമൻ റഹേജ പറഞ്ഞു. കശ്മീരിലെ ജനങ്ങൾക്ക് 40 വർഷത്തിന് ശേഷം സ്റ്റേഡിയത്തിൽ തത്സമയം ക്രിക്കറ്റ് കാണാനുള്ള അവസരമാണിതെന്ന് സംഘാടകർ വ്യക്തമാക്കി.
ഇതുവരെ കശ്മീരിന്‍റെ ചരിത്രത്തിൽ രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ മാത്രമാണ് നടന്നത്. ഏകദിന മത്സരങ്ങളായിരുന്നു രണ്ടും. 1983 ഒക്‌ടോബർ 13ൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യമായി ഏറ്റുമുട്ടിയപ്പോൾ
വിൻഡീസ് 28 റൺസിന് വിജയിച്ചു. രണ്ടാം മത്സരം 1986ൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു. അതിൽ ഓസീസ് വിജയിക്കുകയായിരുന്നു.