Cricket | ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കുറിച്ച ചരിത്രം; ലോക കിരീടം ചൂടിയ പുരുഷ താരങ്ങളുടെ പ്രകടനങ്ങൾക്കിടയിൽ മുങ്ങിപ്പോയ വലിയ നേട്ടം
മുജീബുല്ല കെ വി
(KVARTHA) ടെസ്റ്റ് ക്രിക്കറ്റ് എന്നത് വനിതകൾക്ക് കിട്ടാക്കനിയാണ്. ഇന്ത്യൻ വനിതകൾക്ക് വിശേഷിച്ചും. വനിതാ ക്രിക്കറ്റിലെ 'സച്ചിൻ ടെണ്ടുൽക്ക'റായ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ് വുമൺ സാക്ഷാൽ മിത്തലി രാജ് 20 വർഷങ്ങൾ നീണ്ട തൻറെ കരിയറിനിടെ ആകെ കളിച്ചത് വെറും പന്ത്രണ്ട് ടെസ്റ്റ് മാച്ചുകൾ. 232 ഏകദിനങ്ങൾ കളിച്ചപ്പോഴാണിത്! അതുപോലെ, ഏകദിനങ്ങളിൽ സെഞ്ച്വറി പിന്നിട്ട (133 ഏകദിനങ്ങൾ) ഇന്ത്യൻ ക്യാപ്റ്റൻ ഹർമാൻ പ്രീത് കൗറിന്റെ അഞ്ചാം ടെസ്റ്റ് മാച്ച് മാത്രമാണിത്! ഏകദിനങ്ങളും പിന്നീട് ട്വൻറി ട്വൻറിയും ചേർത്ത അന്താരാഷ്ട്ര ടൂർ പരമ്പരകളിൽ മരുന്നിന് ഒരു ടെസ്റ്റ് മാച്ച് ഉണ്ടായാലായി, അതും ഈ അടുത്തകാലത്ത്.
നീണ്ട 18 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇന്ത്യയിലൊരു വനിതാ ടെസ്റ്റ് മാച്ച് നടക്കുന്നത്. ഇംഗ്ലണ്ടിനെതിരെ മുംബൈലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 347 റൺസിന് ഇന്ത്യ ഇംഗ്ലണ്ടിനെ തുരത്തിവിട്ടു. വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെതന്നെ റെക്കോർഡ് റൺസ് വിജയമായിരുന്നു അത്. തൊട്ടടുത്ത ആഴ്ച തന്നെ ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഇന്ത്യൻ വനിതകൾ ഒരു ടെസ്റ്റ് കളിച്ചു. എട്ടു വിക്കറ്റിന്റെ തകർപ്പൻ വിജയവും നേടി. ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യൻ വനിതകളുടെ ആദ്യ ടെസ്റ്റ് വിജയവുമായിരുന്നു അത്. എന്നാലിപ്പോൾ സൗത്താഫ്രിക്കയ്‌ക്കെതിരെയെന്നപോലെ, മേൽ രണ്ട് പരമ്പരകളിലും ഓരോ ടെസ്റ്റ് മാച്ചുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
നാളിതുവരെയുള്ള പുരുഷന്മാരുടെ ടെസ്റ്റ് മത്സരങ്ങൾ 2537-ൽ എത്തിനിൽക്കുമ്പോൾ, വനിതകളുടേത് കാതങ്ങൾ പുറകിലാണ്. ഇപ്പോൾ നടക്കുന്ന ഇന്ത്യ സൗത്താഫ്രിക്ക മത്സരം വനിതകളുടെ 149-ാമത് ടെസ്റ്റ് മാത്രം. ഇതിൽതന്നെ, നാളിതുവരെ ഇന്ത്യ കളിച്ചിട്ടുള്ളത് വെറും 41 ടെസ്റ്റുകളും!
ചെന്നൈ ടെസ്റ്റിനെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. ചെന്നൈയിൽ റെക്കോർഡുകളുടെ പെരുമഴയുമായായിരുന്നു ഇന്ത്യൻ വനിതകളുടെ ബാറ്റിംഗ്. റെക്കോർഡുകൾ ഒന്നൊന്നായി ഭേദിച്ച് മുന്നേയ ഇന്നിങ്സിനെക്കുറിച്ച്, 'ദേ ആർ റീ കൺസ്ട്രക്റ്റിംഗ് റെക്കോർഡ്സ്' എന്നായിരുന്നു കമന്റേറ്ററുടെ വിശേഷണം. ടെസ്റ്റിന് തൊട്ടുമുമ്പ് സമാപിച്ച ഏകദിന പരമ്പരയിൽ മൂന്ന് മാച്ചുകളിൽ രണ്ടിലും സെഞ്ച്വറികളും, മൂന്നാമത്തേതിൽ 90 റൺസും നേടി തൻ്റെ കരിയറിലെതന്നെ ഉജ്ജ്വല ഫോമിലുള്ള സ്മൃതി മന്ദാനയും, ഓപണിംഗ് പാർട്ണർ ഷെഫാലി വർമ്മയും ചേർന്ന് ഒന്നാം വിക്കറ്റിന് ചേർത്തത് 292 റൺസ്. സ്മൃതി മന്ദാന 149 റൺസിന് പുറത്താവുമ്പോൾ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പുതിയ റെക്കോഡ് കുറിച്ചിരുന്നു.
തലങ്ങും വിലങ്ങും ബൗണ്ടറികളും സിക്സറുകളുമായി ഗംഭീര ബാറ്റിംഗ് തുടർന്ന ഷെഫാലി ഡബിൾ സെഞ്ച്വറി പൂർത്തിയാക്കിയത് വെറും 194 പന്തുകളിൽ. വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ വേഗതയേറിയ ഇരട്ട ശതകം. ഒപ്പം, ഒരൊറ്റ ദിവസം കൊണ്ട് ഡബിൾ തികച്ച റെക്കോർഡും. വേറെയും വിശേഷങ്ങളുണ്ട് ഇരുപതുകാരിയായ ഷെഫാലിയുടെ ഇന്നിങ്സിന്. ഡബിൾ സെഞ്ച്വറി തികയ്ക്കുന്നതിനിടെ അവർ പറത്തിയത് എട്ട് സിക്‌സറുകൾ. ഒരു ഇന്നിങ്സിൽ രണ്ടിലപ്പുറം സിക്‌സുകൾ ടെസ്റ്റിൽ ആരും ഇതുവരെ നേടിയിട്ടില്ല. ദൗർഭാഗ്യകരമായ ഒരു റണ്ണൗട്ടിൽ ആ ഇന്നിങ്സിന് വിരാമമായിരുന്നില്ലെങ്കിൽ ആ ഫോമിൽ അവർ മുന്നൂറ് തന്നെ കടന്നേനെ.
ഒന്നാം ദിവസം അവസാനിക്കുമ്പോൾ നാല് വിക്കറ്റിന് 525 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. 'തല്ലുമാല'യായ ടി20 എന്ന കുട്ടിക്രിക്കറ്റിന്റെ ഈ പ്രതാപകാലത്ത് ഇരു ടീമുകളും ചേർന്ന് നാല്പതോവറിൽ അഞ്ഞൂറിനുമേൽ സ്‌കോർ ചെയ്യുന്നത് സാധാരണമായിട്ടുണ്ടെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിൽ പുരുഷ-വനിതാ ടീമുകളിലാരും ഒരൊറ്റ ദിവസം ഇത്രയും റൺസ് സ്‌കോർ ചെയ്തിട്ടില്ല. പുരുഷ ടെസ്റ്റ് മാച്ചുകളിൽനിന്ന് വ്യത്യസ്തമായി, ഇപ്പഴും നാലു ദിവസം മാത്രം നീളുന്ന വനിതാ ടെസ്റ്റിന് പക്ഷെ, ദിവസവും 100 ഓവറാണ് കളി. അഞ്ചാം വിക്കറ്റിന് ക്യാപ്റ്റൻ ഹർമാൻ പ്രീതും റിച്ച ഘോഷും ചേർന്ന് അതിവേഗം ചേർത്ത 143 റൺസും റെക്കോർഡ് ബുക്കിൽ കയറി. തകർത്ത് മുന്നേറിയ ഇന്ത്യൻ ഇന്നിംഗ്സിന് 603/6 എന്ന നിലയിൽ ഡിക്ലറേഷനിലൂടെ വിരാമമാകുമ്പോൾ വനിതാ ക്രിക്കറ്റ് ടെസ്റ്റിലെ ഉയർന്ന ഇന്നിംഗ്‌സ് സ്കോറായിരുന്നു അത്.
വീരോജ്വലമായ പോരാട്ടത്തിനുശേഷമാണ് പക്ഷെ സൗത്താഫ്രിക്ക കീഴടങ്ങിയത്. ഇന്ത്യയുടെ കൂറ്റൻ സ്കോറിനു മുന്നിൽ പതറാതെ പോരാടിയ അവർക്ക് മൂന്നാം ദിനം രാവിലത്തെ ബാറ്റിംഗ് തകർച്ച ഒഴിവാക്കാനായിരുന്നെങ്കിൽ ഒരുപക്ഷെ ടെസ്റ്റ് സമനിലയിൽ അവസാനിച്ചേനെ. മൂന്നാം ദിനം രാവിലെ 236/4 എന്ന ഭേദപ്പെട്ട നിലയിൽ കളി തുടർന്ന അവരുടെ ശേഷിക്കുന്ന ആറ് വിക്കറ്റുകൾ ആദ്യ മണിക്കൂറിൽ തന്നെ സ്നേഹ റാണയ്ക്കുമുന്നിൽ കീഴടങ്ങുകയായിരുന്നു: 266 റൺസിന് എല്ലാവരും പുറത്ത്.
എന്നാൽ രണ്ടാം ഇന്നിങ്സിൽ സൗത്താഫ്രിക്കൻ വനിതകളുടെ മറ്റൊരു മുഖമാണ് കണ്ടത്. 314 പന്തുകൾ നീണ്ട മാരത്തോൺ ഇന്നിംഗ്‌സിലൂടെ ക്യാപ്റ്റൻ ലോറ വോൾവാർഡും സുനെ ലൂസും സെഞ്ച്വറികളുമായി പൊരുതിനിന്നപ്പോൾ, ഒരുവേള മത്സരം സമനിലയായേക്കുമെന്ന്തന്നെ തോന്നി. ഓൾറൗണ്ടർ നദീൻ ഡി ക്ലാർക് പിടിച്ചു നിന്നത് 185 പന്തുകൾ. ആദ്യ ഇന്നിങ്സിൽനിന്ന് വ്യത്യസ്തമായി, വാലറ്റത്തെ കൂട്ടുപിടിച്ച് ക്ലാർക്ക് പൊരുതിനിന്നതോടെ ഇന്നിംഗ്‌സ് പരാജയം ഒഴിവായി. 154.4 ഓവറുകളാണ് സൗത്താഫ്രിക്കൻ വനിതകൾ പ്രതിരോധിച്ചത്. കൃത്യമായിപ്പറഞ്ഞാൽ, ഒന്നര ദിവസത്തിലേറെ!
ജയിക്കാനാവശ്യമായ 37 റൺസ് ഇന്ത്യൻ ഓപ്പണർമാർ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ നേടിയതോടെ ടെസ്റ്റിൽ ഇന്ത്യയ്ക്ക് പത്തു വിക്കറ്റിന്റെ ഉജ്ജ്വല ജയം. ഇരു ഇന്നിംഗ്സുകളിലുമായി 10 വിക്കറ്റുകൾ നേടിയ സ്നേഹ റാണ മാൻ ഓഫ് ദ മാച്ച് ആയി. ടെസ്റ്റിൽ ഇന്ത്യൻ വനിതകളുടെ തുടർച്ചയായ മൂന്നാം ജയമാണിത്. മൂന്നും വമ്പൻ ജയങ്ങൾ. അതും ടെസ്റ്റ് ക്രിക്കറ്റിലെ മൂന്ന് പ്രമുഖ ടീമുകൾക്കെതിരെ: ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇപ്പോൾ സൗത്താഫ്രിക്കയും. ക്രിക്കറ്റിന്റെ സൗന്ദര്യമായ ടെസ്റ്റ് ക്രിക്കറ്റിൽ വനിതകൾക്ക് കൂടുതൽ അവസരങ്ങൾ ക്രിക്കറ്റ് ബോഡ് ഉറപ്പായും നൽകേണ്ടതുണ്ട്.