Cricket | ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങുന്നു; കോലിയും രോഹിത്തും തിരിച്ചെത്തും


കൊളംബോ: (KVARTHA) ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തിന് വെള്ളിയാഴ്ച കൊളംബോയിൽ തുടക്കമാകും.
2023ലെ ഏകദിന ലോകകപ്പ് ഫൈനലിനു ശേഷം ആദ്യമായാണ് ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ഏകദിന ക്രിക്കറ്റിൽ വീണ്ടും ഇറങ്ങുന്നത്.
ഓപ്പണറായി ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം വൈസ് ക്യാപ്റ്റൻ കൂടിയായ ശുഭ്മാൻ ഗില്ലിനെ കളിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം നമ്പറിൽ വിരാട് കോലിയും തുടർന്ന് ശ്രേയസ് അയ്യരും കെ എൽ രാഹുലുമാകും. ഹാര്‍ദ്ദിക് പാണ്ഡ്യ ഇല്ലാത്തതിനാൽ ഫിനിഷറായി പന്തിനെ കളിപ്പിക്കണോ അതോ ശിവം ദുബെയെയോ റിയാൻ പരാഗിനെയോ കളിപ്പിക്കണമെന്ന ആശയക്കുഴപ്പം ഇന്ത്യക്കുണ്ട്. പാര്‍ട്ട് ടൈം സ്പിന്നറായതിനാൽ റിയാന്‍ പരാഗിന് ഏകദിന അരങ്ങേറ്റത്തിന് അവസരമൊരുങ്ങുന്നു.
അക്സർ പട്ടേലാകും സ്പിൻ ഓൾ റൗണ്ടറായി ടീമിലെത്തുക. സ്പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് പ്ലേയിംഗ് ഇലവനിലെത്തുമ്പോൾ ടി20 പരമ്പരയിലെ താരമായ വാഷിംഗ്ടണ്‍ സുന്ദറിന് പ്ലേയിംഗ് ഇലവനിൽ ഇടം ലഭിക്കാൻ സാധ്യതയില്ല. കുൽദീപും അക്സറും പരാഗും അടക്കം മൂന്ന് സ്പിന്നർമാരുള്ളതാണ് സുന്ദറിന് തടസമാകുക. ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനിൽ തുടരും.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസറായ ഹർഷിത് റാണക്കും അരങ്ങേറ്റത്തിന് സാധ്യതയുണ്ട്. സിറാജിനും ഹർഷിതിനുമൊപ്പം അർഷ് ദീപ് സിംഗും പ്ലേയിംഗ് ഇലവനിൽ കാണും.