Victory | ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് തകർപ്പൻ ജയം; അശ്വിന് 6 വിക്കറ്റ്
● ഇന്ത്യ 515 റൺസിന്റെ വിജയലക്ഷ്യം നൽകി
● ബംഗ്ലാദേശിൻ്റെ രണ്ടാം ഇന്നിംഗ്സ് 234 റൺസിൽ ഒതുങ്ങി
● ബംഗ്ലാദേശിനായി നസ്മുൽ ഹുസൈൻ ഷാൻ്റോ 82 റൺസ് നേടി.
● രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി.
ചെന്നൈ: (KVARTHA) ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെ 280 റൺസിന് തോൽപ്പിച്ച് രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. 515 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിൻ്റെ രണ്ടാം ഇന്നിംഗ്സ് 234 റൺസിൽ ഒതുങ്ങി. രവിചന്ദ്രൻ അശ്വിൻ ആറ് വിക്കറ്റ് വീഴ്ത്തി. ടെസ്റ്റിലെ താരത്തിന്റെ 37-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ബംഗ്ലാദേശിനായി നസ്മുൽ ഹുസൈൻ ഷാൻ്റോ 82 റൺസ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 376 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിൻ്റെ ഒന്നാം ഇന്നിംഗ്സ് 149 റൺസിൽ അവസാനിച്ചു. ബംഗ്ലാദേശിനെ ഫോളോ ഓണ് അനുവദിക്കാതെ 227 റൺസിൻ്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്ത ഇന്ത്യൻ ടീം നാല് വിക്കറ്റിന് 287 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്‌ത 515 റൺസിൻ്റെ വിജയലക്ഷ്യം നൽകി.
ഞായറാഴ്‌ച നാല് വിക്കറ്റിന് 158 റൺസെന്ന നിലയിൽ കളി തുടങ്ങിയ ബംഗ്ലാദേശിന് 76 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന ആറ് വിക്കറ്റ് നഷ്ടമായി. ഞായറാഴ്ച അശ്വിനാണ് ബംഗ്ലാദേശിന് ആദ്യ പ്രഹരം നൽകിയത്. ഷാക്കിബ് അൽ ഹസനെ പവലിയനിലേക്ക് അയച്ചു. ഷാക്കിബും ഷാൻ്റോയും തമ്മിൽ 48 റൺസിൻ്റെ കൂട്ടുകെട്ട് നേടിയിരുന്നു. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി.
#INDvBAN #Cricket #TestCricket #Ashwin #Victory #TeamIndia