Cricket | അഫ്ഗാനിസ്ഥാൻ-ന്യൂസിലൻഡ് ടെസ്റ്റ് മത്സരം മഴമൂലം ഉപേക്ഷിച്ചു
● ടെസ്റ്റ് ക്രിക്കറ്റിൽ ഇരുടീമുകളും തമ്മിലുള്ള ആദ്യ മത്സരമായിരുന്നു ഇത്.
● 1998ൽ ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് മത്സരവും ഇതുപോലെ ഉപേക്ഷിച്ചിരുന്നു.
നോയിഡ: (KVARTHA) അഫ്ഗാനിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് മത്സരം തുടർച്ചയായ മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇരുടീമുകളും തമ്മിലുള്ള ആദ്യ മത്സരമായിരുന്നു ഇത്. ഗ്രേറ്റർ നോയിഡയിലെ ഷഹീദ് വിജയ് സിംഗ് പതിക് സ്റ്റേഡിയത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി ശക്തമായ മഴയാണ്. തുടരെയുള്ള മഴ കാരണം അഫ്ഗാൻ-കീവിസ് ടെസ്റ്റിൻ്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസവും മാച്ച് ഒഫീഷ്യൽസ് റദ്ദാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നു.
1998ൽ ഡിസംബറിൽ ന്യൂസിലൻഡും ഇന്ത്യയും തമ്മിൽ ഡുനെഡിനിൽ നടന്ന ടെസ്റ്റ് മത്സരമാണ് അവസാനമായി ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ച മത്സരം. 1970ൽ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ഉപേക്ഷിച്ച മെൽബൺ ടെസ്റ്റാണ് ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിന് ജന്മം നൽകിയത്. ആ മത്സരത്തിലെ രണ്ട് ടീമുകളും ആദ്യം നിശ്ചയിച്ചിരുന്ന അഞ്ചാം ദിവസം കാലാവസ്ഥ ശമിച്ചപ്പോൾ 40 ഓവർ മത്സരം കളിക്കാൻ തീരുമാനിച്ചു. പിന്നീട് ഇത് ആദ്യത്തെ ഏകദിനമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.