Controversy | ഭരിക്കുന്നവർ നല്ലതായാൽ എല്ലാം നന്ന്, അല്ലെങ്കിൽ നാട്ടിൽ മുഴുവൻ ഗുണ്ടകൾ, അത് ഫൈസൽ ആയാലും

 
Kerala Police
Kerala Police


പണമുണ്ടെങ്കിൽ ഒന്നും ഇവിടെ പ്രശ്നമല്ല എന്നായിരിക്കുന്നു. 

/ സോണി കല്ലറയ്ക്കൽ 

(KVARTHA) ഒരു ഗുണ്ട ഈ കേരളത്തിൽ പടവൃക്ഷം പോലെ വളരണമെങ്കിൽ അവൻ്റെ പിന്നിൽ രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്. അവരില്ലാതെ കേരളത്തിൽ ഇവന്മാർ ഇങ്ങനെ വളരില്ല എന്നതിനുള്ള ശക്തവും വ്യക്തവുമായ തെളിവ് അല്ലേ ഒരു ഗുണ്ടാ നേതാവിൻ്റെ വീട്ടിൽ വിരുന്നു സൽക്കാരത്തിൽ രണ്ട് പൊലീസുകാരും ഒരു ഡി.വൈ.എസ്.പിയും പങ്കെടുത്തത്. അവരുടെ മുഖം മൂടി അഴിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ബിഗ് സല്യൂട്ട് കൊടുക്കാതെ തരമില്ല. കുപ്രസിദ്ധ ഗുണ്ടനേതാവ് തമ്മനം ഫൈസലും കൂട്ടാളികളും താമസിക്കുന്ന അങ്കമാലി പാറക്കടവ് പുളിയനത്തെ വീട്ടിലാണ് ഞായറാഴ്ച വൈകീട്ട് ഡി.വൈ.എസ്.പിയും പൊലീസുകാരും വിരുന്നിനെത്തിയത്. 

വീട് സുഹൃത്തിന്‍റേതാണെന്ന് ഡി.വൈ.എസ്.പി പൊലീസുകാരെ വിശ്വസിപ്പിച്ചെന്നാണ് വിവരം. പൊലീസ് സംഘം വീട്ടിലെത്തി അധികം കഴിയും മുൻപ് അങ്കമാലി എസ്.ഐ റോയിയും സംഘവും പരിശോധനക്കെത്തി. ഗുണ്ടകളെ പിടികൂടാനുള്ള 'ഓപറേഷൻ ആഗി'ന്‍റെ ഭാഗമായായിരുന്നു പരിശോധന. പൊലീസ് എത്തിയതോടെ ഡിവൈ.എസ്.പി ശൗചാലയത്തില്‍ കയറി ഒളിച്ചു. പൊലീസുകാർ ചിതറിയോടി. പൊലീസിന്‍റെ അടിയേല്‍ക്കുമെന്ന് കണ്ടതോടെ, ഡിവൈ.എസ്.പിയും പൊലീസുകാരുമാണെന്ന് സംഘം വെളിപ്പെടുത്തുകയായിരുന്നു. മെയ് 31ന് ഡിവൈ.എസ്.പി സർവീസില്‍ നിന്ന് വിരമിക്കുകയാണ്. സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ യാത്രയയപ്പ് ചടങ്ങ് ഉപേക്ഷിച്ചു. ഇതാണ് ഇപ്പോൾ പുതിയതായി വന്നിരിക്കുന്ന വാർത്ത. 

ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെയും ചാനലുകളിലെയും ഒക്കെ പ്രധാന ചർച്ചാ വിഷയവും ഇത് തന്നെ. നമ്മുടെ നാട്ടിൽ ഒരു കുഴപ്പവുമില്ലാതെ ഗുണ്ടാ വിളയാട്ടം നാട്ടിലെ ജനങ്ങളെ ഭയമില്ലാതെ അരങ്ങു തകർക്കുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ ഉന്നതങ്ങൾ പിടിപാട് ഉണ്ട് എന്നുള്ളതിന് വ്യക്തമായ സൂചനയാണ് ഈ സംഭവം നൽകുന്നത്. അതിന് യാതൊരു സംശയവുമില്ല. അതുകൊണ്ട് തന്നെയാണ് ഇതുപോലെയുള്ളവർ ഇങ്ങനെ അഴിഞ്ഞാടി കൊണ്ടിരിക്കുന്നത് . ഇവരെയൊക്കെ വളർത്തുന്നത് രാഷ്ട്രീയക്കാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ നേതാക്കന്മാരും തന്നെയാണ്. ഇവരുടെ കാര്യസാധ്യത്തിന് വേണ്ടി ഇവരെയൊക്കെ ഗുണ്ടകൾ എന്ന് ഊതിവീർപ്പിച്ച് വളർത്തി വലുതാക്കും. കാര്യം കണ്ടു കഴിഞ്ഞാൽ കറിവേപ്പില പോലെ എടുത്തു ദൂരെക്കളയുകയും ചെയ്യും. 

ശരിക്കും ഗുണ്ടകളെയല്ല, ഗുണ്ടകളെ സപ്പോർട്ട് ചെയ്തു വളർത്തുന്നവരെയാണ് ആദ്യം കൽത്തുറുങ്കിൽ അടയ്ക്കേണ്ടത്. അങ്ങനെയെങ്കിൽ കേരളത്തിൽ മന:സമാധാനമായിട്ട് ജനങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയും. ശരിക്കും ഇവിടെ നടക്കുന്നത് ചില സിനിമകളിൽ ഒക്കെ കാണുന്നതുപോലെയുള്ള  ജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ടുള്ള കള്ളനും പൊലീസും കളിയാണ്. ആദ്യം അകത്താക്കും, പിന്നെ പുറത്തു കൊണ്ടുവരും. ആദ്യം പുറത്തുകൊണ്ടു വരും, പിന്നെ അകത്താക്കും. ഈ കളികളാണ് ഇവിടെ നടക്കുന്നത്. ശരിക്കും ഈ സംഭവത്തിലെ പൊലീസ് ഉദ്യോഗസ്ഥരെപ്പോലെയുള്ള ആളുകളാണ് ഈ നാട് വികൃതമാക്കുന്നത്. അവർക്ക് ലക്ഷക്കണക്കിന് രൂപ മാസാമാസം ശമ്പളമായി ലഭിക്കുന്നുണ്ട്. പോരാത്തതിന് കിമ്പളവും. ഇതുപോലെയുള്ള ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ട് എന്ത് കാര്യം. 

ഇവർക്ക് വേണ്ടി പണിയെടുക്കാനും പണിമുടക്കാനും യൂണിയനുകൾ രംഗത്ത് ഉണ്ട്. വൈകാതെ കുറച്ച് കഴിയുമ്പോൾ ഇതുപോലെയുള്ള ഉദ്യോഗസ്ഥർ പുല്ല് പോലെ സർവീസിൽ കയറും. സർവീസ് തീരുന്നവരാണെങ്കിൽ വലിയ തുക പെൻഷനും മേടിക്കും. ഭരിക്കുന്ന സർക്കാരിന് പേടി ജനങ്ങളെയല്ല. സംഘടനകളെ എന്നായിരിക്കുന്നു. അതാണ് ഈ നാടിൻ്റെ ശാപവും. ശരിക്കും അന്വേഷിച്ചാൽ ഏതെങ്കിലും ഒക്കെ രാഷ്ട്രീയക്കാർ ഈ ഡിവൈഎസ്പിയുടെയും പൊലീസുകാരുടെയും ഗുണ്ടയുടെയും ഒക്കെ പിന്നിൽ ഉണ്ടാകും. അല്ലാതെ ഒന്നും കേരളത്തിൽ ഒരു ഗുണ്ട വിളയാട്ടവും നടത്താൻ ആർക്കും കഴിയില്ലെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ.   

ആദ്യം വേണ്ടത് ഇതിൽ എത്ര രാഷ്ട്രീയക്കാരുണ്ട്, എത്ര പൊലീസുകാരുണ്ട്, എത്ര പൊലീസുകാരുടെ പിൻബലത്തിലാണ് കേരളത്തിൽ അഴിഞ്ഞാട്ടം നടത്തുന്നത്,  ഉന്നതങ്ങളിലേക്കും എത്ര രാഷ്ട്രീയ നേതാക്കന്മാർ ഇവർക്ക് സപ്പോർട്ട് കൊടുക്കുന്നുണ്ട് എന്ന് അന്വേഷിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. അതോടെ കേരളത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. പിന്നെ മാധ്യമങ്ങൾ യഥാർത്ഥ വസ്തുത മറച്ചു വെച്ച് ഫൈസലിനെപ്പോലെയുള്ളവരെ ഊതി വീർപ്പിച്ച് വലിയ സംഭവമാക്കുന്ന രീതി അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം ക്രിമിനലുകൾക്ക് നമ്മുടെ നാട്ടിൽ ആരാധകർ കൂടാനുള്ള കാരണം വേറെയൊന്നുമല്ല. ഇതൊക്കെ വെറും ഉടായിപ്പ് പരിശോധനയാണെന്ന് ആർക്കാണ് അറിയാത്തത്. 

ഈ ഗുണ്ടയൊക്കെ നാളെ അല്ലെങ്കിൽ മറ്റന്നാൾ ഇറങ്ങി വരും. ഒപ്പം ഇതിനു പിന്നിലെ പൊലീസ് ഉദ്യോഗസ്ഥരും. ഇതൊക്കെ നമ്മൾ കാണാൻ വേണ്ടിയുള്ള ഒരു നാടകം. ഇങ്ങനെ പിടിച്ചവരെയൊക്കെ മാന്യമായി ശിക്ഷിക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്തിരുന്നെങ്കിൽ നമ്മുടെ കേരളത്തിൽ ഇത്തരക്കാർ വളരുമായിരുന്നില്ല. പക്ഷേ എല്ലാവരുടെയും ഒത്താശയോടെ തഴച്ചു വളരുകയാണ്  ഇങ്ങനെയുള്ള ടീമുകൾ. എല്ലാവർക്കും വേണ്ടത് പണം. പണമുണ്ടെങ്കിൽ ഒന്നും ഇവിടെ പ്രശ്നമല്ല എന്നായിരിക്കുന്നു. ആഭ്യന്തരം എന്നത് വെറും വാഴപ്പിണ്ടിയാകുന്നതാണ് ഇവിടുത്തെ യഥാർത്ഥ പ്രശ്നം. ഈ വിഷയത്തെ ഒറ്റവാക്കിൽ പറഞ്ഞാൽ ഇങ്ങനെ പറയേണ്ടിയിരിക്കുന്നു. ഭരിക്കുന്നവൻ നല്ലതായാൽ എല്ലാം നന്ന്, ഭരിക്കുന്നവൻ ഗുണ്ടയാണെങ്കിൽ നാട്ടിൽ മുഴുവൻ ഗുണ്ടകൾ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia