Tragedy | വെള്ളപ്പൊക്കത്തില്‍ മരിച്ച നെവിന്റെ മൃതദേഹം രാത്രിയോടെ നാട്ടിലേക്കെത്തിക്കും; കരോള്‍ബാഗില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം; നീതി കിട്ടും വരെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ദൃഢപ്രതിജ്ഞ


വിദ്യാര്‍ഥികള്‍ കരോള്‍ബാഗ് മെട്രോ സ്റ്റേഷന് സമീപം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഗതാഗത തടസ്സം നേരിട്ടതോടെ വിദ്യാര്‍ഥികളില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
ന്യൂഡെല്‍ഹി: (KVARTHA) ഡെല്‍ഹി കരോള്‍ബാഗിലെ (Delhi Karol bagh) സ്വകാര്യ സിവില്‍ സര്‍വീസ് കോചിങ് സെന്ററില്‍ (Civil Service Coaching Centre) കഴിഞ്ഞദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ (Flood) മരിച്ച നെവിന്റെ (Nevin) പോസ്റ്റ്‌മോര്‍ടം (Postmortem) നടപടികള്‍ പുരോഗമിക്കുന്നു. രാവിലെ 10 മണിയോടെയാണ് പോസ്റ്റ്‌മോര്‍ടം നടപടികള്‍ ആരംഭിച്ചത്. മരണവിവരം അറിഞ്ഞ് ഞായറാഴ്ച വൈകിട്ടോടെ ഡെല്‍ഹിയിലെത്തിയ അമ്മാവന്‍ ലിനു രാജ്, നെവിന്റെ മൃതദേഹം (Dead body) തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്ക് ശേഷം രാത്രി 8.45നുള്ള തിരുവനന്തപുരം വിമാനത്തില്‍ (Flight) മൃതദേഹം നാട്ടിലേക്ക് അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ ദുരന്തത്തില്‍ മൂന്ന് സഹപാഠികള്‍ മരിച്ച പശ്ചാത്തലത്തില്‍ കരോള്‍ബാഗില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടരുകയാണ്. നീതി കിട്ടും വരെ സമരത്തില്‍നിന്ന് പിന്മാറില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വിദ്യാര്‍ഥികള്‍ കരോള്‍ബാഗ് മെട്രോ സ്റ്റേഷന് സമീപം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇതേതുടര്‍ന്ന് ഞായറാഴ്ച ഗതാഗത തടസ്സം നേരിട്ടതോടെ പ്രതിഷേധക്കാരായ വിദ്യാര്‍ഥികളില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
ഡെല്‍ഹി മുനിസിപല്‍ കോര്‍പറേഷന്റെ (MCD) ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഓടകള്‍ കാലാകാലങ്ങളില്‍ വൃത്തിയാക്കാത്തതാണ് കോചിങ് സെന്ററിലുണ്ടായ ദുരന്തത്തിലേക്ക് നയിച്ചതെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. കോചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ അനധികൃതമായാണ് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നതെന്ന് ഞായറാഴ്ച എംസിഡി അധികൃതര്‍ പറഞ്ഞിരുന്നു. എന്‍ഒസിയില്‍ സ്റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നും പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു.
നേരത്തേ ഇതേ വിഷയം ചൂണ്ടിക്കാട്ടി കോചിങ് സെന്ററിലെ വിദ്യാര്‍ഥി എംസിഡിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. സര്‍കാരിന്റെ നിസംഗതയാണ് ദുരന്തത്തിന് കാരണമായതെന്നും നീതി ലഭിക്കും വരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമുള്ള നിലപാടിലാണ് വിദ്യാര്‍ഥികള്‍.