Congress | കെ എസ് യു തെക്കൻ മേഖലാ ക്യാംപിലെ തമ്മിലടി: കോൺഗ്രസിൽ സുധാകരനും സതീശനും തമ്മിൽ പുതിയ പോർമുഖം തുറക്കുന്നു


/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) കോൺഗ്രസിന് നാണക്കടായി മാറിയ കെ എസ് യു നെയ്യാർ ഡാമിലെ തമ്മിൽ തല്ലിൽ അച്ചടക്ക നടപടിക്ക് ഒരുങ്ങി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതോടെ കെ എസ് യുവിലെ തമ്മിലടി പാർട്ടിയിലേക്കും പടരുമെന്ന സാഹചര്യമാണുള്ളത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മാത്രം ക്ഷണിച്ച കെ എസ് യു തെക്കൻ മേഖലാ പഠന ക്യാംപ് ഗ്രൂപ്പിസത്തിൻ്റെ വേദിയാക്കി മാറ്റിയതിൽ കെ സുധാകരൻ രോഷാകുലനാണ്. അതുകൊണ്ടു തന്നെ കെ എസ് യു സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ് കെ സുധാകരൻ നീക്കം നടത്തുന്നത്.
കെഎസ്‍യു ക്യാമ്പിലെ തമ്മില്‍ത്തല്ല് വിഷയത്തിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് കെപിസിസി അന്വേഷണ കമ്മീഷന്‍ സുധാകരന് കൈമാറിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. സംഭവത്തിൽ ഗുരുതര അച്ചടക്ക ലംഘനം നടന്നുവെന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. കെപിസിസിയുമായി കൂടിയാലോചിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെഎസ്‍യു സംസ്ഥാന പ്രസിഡന്റിന്റെ വാദം തള്ളിയാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. കെപിസിസി പ്രസിഡന്റിനെ ക്യാമ്പിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
സംസ്ഥാന ഭാരവാഹികൾ തന്നെ സംഘർഷത്തിന്റെ ഭാഗമായത് കോൺഗ്രസ് നേതൃത്വം ഗൗരവകരമായാണ് കാണുന്നത്. ക്യാമ്പ് നടത്തിപ്പ് കെപിസിസിയുമായി ആലോചിച്ചിട്ടില്ല. കെ സുധാകരനെ ക്ഷണിച്ചെന്നായിരുന്നു കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞതെങ്കിലും ഇതു തെറ്റാണെന്നാണ് കെപിസിസി അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്. നെയ്യാർ ഡാം കെ എസ് യു തെക്കൻ മേഖലാ ക്യാംപിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയുള്ള നീക്കമാണ് കെ. സുധാകരൻ നടത്തുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ പാർട്ടിയെ മറികടന്ന് വി ഡി സതീശൻ പ്രവർത്തിക്കുന്നുവെന്ന അതൃപ്തി സുധാകരനിൽ നിലനിൽക്കവെയാണ് പുതിയ പോർമുഖം തുറക്കുന്നത്