ചുനക്കര രാമൻകുട്ടി ഓർമ്മയായിട്ട് അഞ്ച് വർഷം: നിത്യഹരിത ഗാനങ്ങളിലൂടെ ഇന്നും ജീവിക്കുന്നു


● 'ദേവദാരു പൂത്തത് ഹൃദയവനിയിലെ' എന്ന ഗാനം അദ്ദേഹത്തെ പ്രശസ്തനാക്കി.
● നാടകഗാനങ്ങളിലൂടെയാണ് അദ്ദേഹം കലാരംഗത്തേക്ക് വന്നത്.
● സംഗീതസംവിധായകൻ ശ്യാമുമായുള്ള കൂട്ടുകെട്ട് നിരവധി ഹിറ്റ് ഗാനങ്ങൾ നൽകി.
● 'സിന്ദൂര തിലകവുമായി', 'ധനുമാസക്കാറ്റേ വാ' തുടങ്ങിയവ അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാനങ്ങളാണ്.
(KVARTHA) സാധാരണ സിനിമ ഗാന ആസ്വാദകർ ഇന്നും നെഞ്ചിലേറ്റുന്ന നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ രചയിതാവായ ചുനക്കര രാമൻകുട്ടി ഈ ലോകത്തോട് വിടവാങ്ങിയിട്ട് ചൊവ്വാഴ്ച അഞ്ച് വർഷം തികയുന്നു. നിത്യഹരിതമായ ആ ഗാനങ്ങൾ ഇന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിർത്തുന്നു.
മലയാള സിനിമ ഗാന ചരിത്രത്തിൽ കേവലം 75 സിനിമകളിൽ ഇരുനൂറിനടുത്ത് പാട്ടുകൾക്ക് മാത്രമാണ് ഗാനരചന നടത്തിയതെങ്കിലും മലയാള സിനിമ ഗാന പ്രേമികളുടെ മനസ്സിൽ 'ദേവദാരു പൂത്തത് ഹൃദയവനിയിലെ' ആ ഗായകനിലൂടെയായിരുന്നു. തീവ്രമായ പ്രമേയങ്ങളും ലളിതമായ പദസമ്പത്തും ചുറുചുറുക്കുള്ള വരികളുമായി ഗാനമേള സദസ്സുകളിലെ ഗായകരെയും ആസ്വാദകരെയും ആനന്ദ നിർവൃതിയിൽ ആറാടിച്ച വരികളുടെ ഉടമയായിരുന്നു ചുനക്കര.

1983-ൽ പുറത്തിറങ്ങിയ സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം മണി സംവിധാനം ചെയ്ത 'എങ്ങനെ നീ മറക്കും' എന്ന ചിത്രത്തിലെ 'ദേവദാരു പൂത്തത്' എന്ന ഗാനം മുതൽ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന മണ്ണിന് മറക്കാൻ കഴിയാത്ത നിരവധി ഗാനങ്ങൾ പിന്നീട് ആ തൂലികത്തുമ്പിൽ നിന്നും പുറത്തുവന്നു. 1936 ജനുവരി 19-ന് ജനിച്ച ചുനക്കര രാമൻകുട്ടി നാടകഗാന രചനയിലൂടെയാണ് കലാരംഗത്ത് പ്രവേശിച്ചത്. നാടകഗാനങ്ങൾക്ക് പുറമെ ആകാശവാണിയിലെ ലളിതഗാനങ്ങളും ശ്രദ്ധേയമായിരുന്നു.
1978-ൽ 'ആശ്രമം' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ഗാന രംഗത്തേക്ക് അദ്ദേഹം കടന്നുവന്നത്. ആ ഗാനം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തുടർന്ന് സംഗീതസംവിധായകൻ ശ്യാമുമായുള്ള കൂട്ടുകെട്ട് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ മലയാള സിനിമ ഗാനരംഗം കീഴടക്കുന്നതിന് വഴിയൊരുക്കി. 'സിന്ദൂര തിലകവുമായി' (കുയിലത്തേടി), 'ദേവി നിൻ രൂപം' (എങ്ങനെ നീ മറക്കും), 'ഹൃദയവനിയിലെ' (കിഴക്കൻ പത്രോസ്), 'ധനുമാസക്കാറ്റേ വാ' (മുത്തോട് മുത്ത്), 'മണിക്കുട്ടി എന്റെ ചിരിക്കുട്ടി' (ആ ദിവസം), 'ചന്ദനക്കുറിയുമായി' (ഒരു നോക്കു കാണാൻ) തുടങ്ങിയ മലയാളികൾ മറക്കാത്ത ഗാനങ്ങൾ ചുനക്കര മലയാള സിനിമ ലോകത്തിന് സമ്മാനിക്കുകയുണ്ടായി. വ്യവസായ വാണിജ്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം തന്റെ 84-ാം വയസ്സിൽ 2020 ആഗസ്റ്റ് 12-ന് ഈ ലോകത്തോട് വിടവാങ്ങി.
Article Summary: Remembering lyricist Chunakkara Ramankutty on his fifth death anniversary.
#ChunakkaraRamankutty #MalayalamSongs #Lyricist #Anniversary #EvergreenSongs #Kerala