Award | രാജ്യാന്തര കാര്‍ടൂണ്‍ പ്രദര്‍ശനത്തില്‍ മലയാളിക്ക് പുരസ്‌കാരം; നേട്ടമെഴുതി സിബി ഷിബു

 


എറണാകുളം: (www.kvartha.com) രാജ്യാന്തര കാര്‍ടൂണ്‍ പ്രദര്‍ശനത്തില്‍ പുരസ്‌കാരം സ്വന്തമാക്കി മലയാളി അഭിമാനമായി. ചൈനയിലെ ചൈന ഡെയ്‌ലി ന്യൂസ് പേപറും വാക്‌സി മുനിസിപല്‍ പീപ്പിള്‍സ് ഗവണ്‍മെന്റും ചേര്‍ന്ന് നടത്തിയ മനുഷ്യരാശിക്ക് വേണ്ടിയുള്ള, 2022 അന്താരാഷ്ട്ര കാര്‍ടൂണ്‍ ആന്‍ഡ് ഇലസ്‌ട്രേഷന്‍ എക്‌സിബിഷനില്‍ അംഗീകാരം നേടിയാണ് ചിത്രകാരന്‍ സിബി ഷിബു നേട്ടം കൈവരിച്ചത്. അദ്ദേഹത്തിന്റെ 'ദ ട്രീ' എന്ന ചിത്രം സില്‍വര്‍ പ്രൈസ് നേടി. 20,000 ചൈനിസ് യുവാനും (രണ്ട് ലക്ഷത്തിലധികം ഇന്‍ഡ്യന്‍ രൂപ) ട്രോഫിയും പ്രശസ്തിപത്രവും പോര്‍ട് ഫോളിയോ ബുകും അടങ്ങുന്ന അവാര്‍ഡാണ് ഷിബുവിന് ലഭിക്കുക. പേനയും ജലച്ചായവും ഉപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. ബീജിങ്ങില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറും.
        
Award | രാജ്യാന്തര കാര്‍ടൂണ്‍ പ്രദര്‍ശനത്തില്‍ മലയാളിക്ക് പുരസ്‌കാരം; നേട്ടമെഴുതി സിബി ഷിബു

'കുറഞ്ഞ കാര്‍ബണ്‍ ജീവിതശൈലിയെ അടിസ്ഥാനമാക്കിയായിരുന്നു മല്‍സരം. കൂടുതല്‍ സമാധാനപരവും സമൃദ്ധവും മനോഹരവുമായ നല്ലൊരു ലോകത്തിന് വേണ്ടിയുള്ള ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളാണ് ക്ഷണിച്ചത്. ഭൂമിയും മനുഷ്യനും, ജീവജാലകങ്ങളുടെ നിലനില്‍പ്പ്, ആഗോളതാപനം, പരിസ്ഥിതി സംരക്ഷണം ഇതൊക്കെ മനസിലാക്കി ഞാന്‍ 15 ചിത്രങ്ങള്‍ സമര്‍പിച്ചു', ഷിബു പറഞ്ഞു.

ആദ്യമായിട്ടാണ് മലയാളിക്ക് ആഗോളതലത്തില്‍ രണ്ടാം സ്ഥാനം ലഭിക്കുന്നത്. ഇതിന് മുമ്പ് മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്. നേട്ടത്തോടെ സിബി ഷിബു ലോക പ്രശസ്തരായിട്ടുള്ള കലാകാരന്‍മാരുടെ കൂട്ടത്തിലെത്തി. മുമ്പും ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഷിബു നേടിയിട്ടുണ്ട്. ഹിന്ദുസ്താന്‍ ടൈംസിന്റെ ദേശീയ അംഗീകാരം, ചൈനയില്‍ നിന്ന് സ്‌പെഷ്യല്‍ പ്രൈസ്, സൗത് കൊറിയയില്‍ നിന്ന് നാലു തവണ ഹോണറബിള്‍ ബഹുമതി, ബെല്‍ജിയതില്‍ നടന്ന നോക് ഫീസ്റ്റ് അന്തര്‍ദേശീയ കാര്‍ടൂണ്‍ മേളയില്‍ രാജ്യത്തെ പ്രിതിനിധീകരിക്കാന്‍ ക്ഷണം തുടങ്ങിയവ നേട്ടങ്ങളില്‍ ചിലതാണ്.

2007 ല്‍ തുര്‍കിയില്‍ നടന്ന 24-ാമത് അയ്ഡിന്‍ ഡോഗണ്‍ അന്തര്‍ദേശീയ കാര്‍ടൂണ്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചതോടെ സിബി ഷിബു എന്ന കലാകാരന്‍ ലോകത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഈ അവാര്‍ഡ് ഷിബു ഇസ്താംബുളില്‍ വെച്ചാണ് വാങ്ങിയത്. വീണ്ടും തുര്‍കിയില്‍ തന്നെ 2018 -ല്‍ നടന്ന രണ്ടാമത് ഔവര്‍ ഹെറിറ്റേജ് ജറുസലേം ഇന്റര്‍നാഷ്ണല്‍ കാര്‍ടൂണ്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു. 2019 ല്‍ ഡെല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സിന്റെ പ്രഥമ അന്തര്‍ദേശീയ നോ ടൈം ഫോര്‍ ലിവര്‍ കാര്‍ടൂണ്‍ മത്സരത്തിലും മൂന്നാം സ്ഥാനം നേടി.

2022-ല്‍ ആഥന്‍സിലെ ഡാനിയിടോസ് മുന്‍സിപാലിറ്റിയുടെ ഒമ്പതാമത് ഇന്റര്‍നാഷ്ണല്‍ കാര്‍ടൂണ്‍ എക്‌സിബിഷനില്‍ മെറിറ്റ് അവാര്‍ഡും കരസ്ഥമാക്കി. തുര്‍കി, ജപാന്‍, ചൈന, കൊറിയ, ഇറാന്‍, പോളന്‍ഡ്, ഇറ്റലി, ഗ്രീസ്, ബെല്‍ജിയം, മെക്‌സികോ എന്നിങ്ങനെ ഒട്ടേറെ രാജ്യങ്ങളില്‍ ഷിബുവിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നേരത്തെ കലാരംഗത്തെ അംഗീകാരങ്ങളും നേട്ടങ്ങളും മാനിച്ചുകൊണ്ട് അദ്ദേഹത്തെ എറണാകുളം ജില്ലാ ഭരണകൂടം ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചിരുന്നു.

ഡ്രോയിംഗിലും പെയിന്റിംഗിലും ഫൈന്‍ ആര്‍ട് ഡിപ്ലോമ നേടിയിട്ടുണ്ട്. ചെറിയപാടത്ത് പരേതനായ സി എന്‍ ബാലന്‍ - ശാന്താമണി ദമ്പതികളുടെ മകനാണ്. ചിത്രരചന, ഫോടോഗ്രാഫി, ഡ്രോയിംഗ് അധ്യാപകനാണ്.

Keywords:  Latest-News, Kerala, Ernakulam, Top-Headlines, Award, Cartoon, International Cartoon Exhibition, Award to Malayalee in international cartoon exhibition.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia