Kuwait Fire | കുവൈറ്റിലെ തീപ്പിടുത്തത്തിന്റെ കാരണങ്ങൾ സമഗ്രമായി അന്വേഷിക്കുന്നുവെന്ന് അധികൃതർ
കുവൈറ്റ് സിറ്റി: (KVARTHA) മാംഗെഫിൽ 49 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടുത്തത്തിൻ്റെ കാരണങ്ങൾ കണ്ടെത്താനുള്ള സമഗ്ര അന്വേഷണം നടന്നുവരുന്നതായി ഫയർഫോഴ്‌സിലെ പബ്ലിക് റിലേഷൻസ് ആൻ്റ് മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ഗരീബിനെ ഉദ്ധരിച്ച് കുവൈറ്റ് വാർത്താ ഏജൻസിയായ കുന റിപ്പോർട്ട് ചെയ്തു.
ഈജിപ്ഷ്യൻ സെക്യൂരിറ്റി ഗാർഡിൻ്റെ താമസ സ്ഥലത്ത് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. തീ ആളിപ്പടരുകയും അത് കെട്ടിടത്തിലുടനീളം പെട്ടെന്ന് പടരുകയും ചെയ്തു. മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. കെട്ടിടത്തിൻ്റെ ഉടമയും കമ്പനിയുടെ സ്പോൺസറും കുവൈറ്റ് സ്വദേശിയാണ്.
കെട്ടിടത്തിൽ വിവിധ അപ്പാർട്ട്‌മെൻ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്, 92 പേർ സുരക്ഷിതരാണെന്നും 20 പേർ രാത്രി ജോലി കാരണം സംഭവസമയം കെട്ടിടത്തിൽ ഉണ്ടായിരുന്നില്ലെന്നും അധികൃതർ വിശദീകരിച്ചു. പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്, ഈ സമയം ഭൂരിഭാഗം തൊഴിലാളികളും ഉറങ്ങുകയായിരുന്നു. ഇതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചു. തീയിൽ നിന്ന് രക്ഷപ്പെതുന്നതിനായി ചിലർ കെട്ടിടത്തിൽ നിന്ന് ചാടുക പോലുമുണ്ടായി. ശ്വാസം മുട്ടിയാണ് ഭൂരിഭാഗം പേരും മരിച്ചത്.
അതേസമയം കുവൈറ്റിലെ നിയമം അനുസരിച്ചുള്ള താമസസൗകര്യമാണ് ഒരുക്കിയതെന്ന് കമ്പനി അധികൃതർ പറയുന്നു. രക്ഷപ്പെട്ടവരിൽ കൂടുതലും ഒന്നും രണ്ടും നിലകളിലുള്ളവരാണ്. അപകടം നടന്ന് ആദ്യ മണിക്കൂറിൽ ഇവിടെ നിന്ന് ഭൂരിഭാഗം പേരെയും രക്ഷിക്കാനായി. തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ പാചകത്തിനുള്ള സംവിധാനമില്ല. കമ്പനിയുടെ സെൻട്രൽ കിച്ചനിൽനിന്ന് പാചകം ചെയ്ത ഭക്ഷണമാണ് തൊഴിലാളികൾക്ക് എത്തിക്കുന്നതെന്നും കമ്പനി പ്രതിനിധികൾ വ്യക്തമാക്കി.
മരിച്ചവരിൽ ഭൂരിഭാഗവും കേരളം, തമിഴ്‌നാട്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അതേസമയം ദുരന്തത്തിൽ പരിക്കേറ്റവരുടെ ചികിത്സയ്ക്കും മൃതദേഹങ്ങൾ യഥാസമയം നാട്ടിലെത്തിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈറ്റിലെത്തി.