Arrested | ആന്തൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ടെറസിന്റെ വാതിലിന്റെ പൂട്ടുപൊളിച്ചാണ് കവര്‍ചക്കാര്‍ അകത്ത് കടന്നത്
പത്തരപവന്റെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നിരുന്നു
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയെ ഞെട്ടിച്ച കവര്‍ചാക്കേസിലെ പ്രതികളെ പൊലീസ് ഒടുവില്‍ അറസ്റ്റുചെയ്തു. ആന്തൂര്‍ അഞ്ചാം പീടികയില്‍ വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയി തിരിച്ചെത്തുന്നതിനിടെയില്‍ വീട് കുത്തിത്തുറന്ന് പത്തരപവന്റെ സ്വര്‍ണം കവര്‍ന്ന കേസിലെ മോഷ്ടാക്കളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായ പ്രതികളാണ് അഞ്ചാംപീടികയില്‍ നടന്ന മോഷണസംഭവത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. കെ നിയാസുദ്ദീനെന്ന മസില്‍ നിയാസ്(40), കെ അജേഷ് എന്ന കുറുക്കന്‍ അജേഷ്(33) എന്നിവരാണ് കവര്‍ച നടത്തിയതെന്നാണ് തെളിഞ്ഞത്. ധര്‍മശാല- അഞ്ചാം പീടിക റൂട്ടില്‍ ചിത്ര സ്റ്റോപ്പിന് മുന്‍പിലെ കുന്നില്‍ ശശിധരന്റെ വീട് കുത്തിത്തുറന്ന് പത്തരപവന്റെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ശശിധരനും ഭാര്യ പ്രീതയും മകന്‍ അമലും മകള്‍ അമൃതയും വീടുപൂട്ടി മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് ഇവര്‍ മടങ്ങിയെത്തിയത്. അപ്പോഴാണ് വീട്ടില്‍ കവര്‍ച നടന്നത് വ്യക്തമായത്. ടെറസിന്റെ വാതിലിന്റെ പൂട്ടുപൊളിച്ചാണ് കവര്‍ചക്കാര്‍ അകത്ത് കടന്നത്.
അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പൂജാമുറിയിലെ ഭണ്ഡാരത്തിലെ പണവുമാണ് നഷ്ടമായത്. ശശിധരന്റെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പുറകില്‍ കണ്ണൂരില്‍ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാക്കളാണെന്ന് തിരിച്ചറിഞ്ഞത്.