Travel | പോർട്ട് ബ്ലെയറില്‍ നിന്ന് ക്വാലാലംപൂരിലേക്ക് നേരിട്ടുള്ള നേരിട്ടുള്ള വിമാന സർവീസ്; എയർ ഏഷ്യയുടെ പുതിയ സമ്മാനം! ആകർഷകമായ ഓഫറുകൾ
ഈ വർഷം നവംബർ 16 മുതൽ ആരംഭിക്കുന്ന ഈ സർവീസ്, ആഴ്ചയിൽ മൂന്ന് തവണയായിരിക്കും
കൊച്ചി: (KVARTHA) ആൻഡമാൻ നിക്കോബാർ ദ്വീപപും മലേഷ്യയും ഇനി കൂടുതൽ അടുത്തു. എയർ ഏഷ്യ പോർട്ട് ബ്ലെയറിൽ നിന്ന് മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഈ വർഷം നവംബർ 16 മുതൽ ആരംഭിക്കുന്ന ഈ സർവീസ്, ആഴ്ചയിൽ മൂന്ന് തവണയായിരിക്കും. ഇത് ഇന്ത്യയിൽ നിന്നുള്ള എയർ ഏഷ്യയുടെ പതിനേഴാമത്തെ സർവീസ് റൂട്ടാണ്.
ഇന്ത്യയിലുടനീളമുള്ള നിരവധി നഗരങ്ങളില്‍ നിന്നായി ആഴ്ചയില്‍ 91 വിമാന സർവീസുകളാണ് എയര്‍ ഏഷ്യ നടത്തുന്നത്. എയര്‍ ഏഷ്യ 2024-ല്‍ മാത്രം മലേഷ്യയിലേക്കും തായ്‌ലൻഡിലേക്കും കോഴിക്കോട് ഉള്‍പ്പെടെ പത്ത് പുതിയ റൂട്ടുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ ഒരു ഗേറ്റ് വേ ആയി ക്വാലാലംപൂര്‍ മാറിയിട്ടുണ്ട്. ക്വാലാലംപൂരില്‍ നിന്നുള്ള എയര്‍ ഏഷ്യയുടെ വിപുലമായ നെറ്റ്‌വർക്ക് ഉപയോഗിച്ച് തന്നെ 130-ലധികം ലക്ഷ്യസ്ഥാനത്തേക്ക് ഇന്ത്യന്‍ യാത്രക്കാർക്ക് സഞ്ചരിക്കാനാവും.
ആകർഷകമായ ഓഫറുകൾ:
പോർട്ട് ബ്ലെയറില്‍ നിന്ന് ക്വാലാലംപൂരിലേക്ക് സർവീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി, എയർ ഏഷ്യ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വശത്തേക്ക് മാത്രം 4,999 രൂപയാണ് തുടക്കത്തിലുള്ള നിരക്ക്. ഈ പ്രത്യേക നിരക്കുകള്‍ എയർ ഏഷ്യ മൂവ് ആപ്പിലും വെബ്സൈറ്റിലും (airasia(dot)com) ബുക്ക് ചെയ്യുമ്പോള്‍ ലഭ്യമാണ്. 2024 നവംബര്‍ 16നും 2025 ഒക്ടോബര്‍ എട്ടിനും ഇടയ്ക്ക് യാത്ര ചെയ്യാന്‍ 2024 ഓഗസ്റ്റ് 25 വരെ ഈ പ്രത്യേക നിരക്കുകളിൽ ബുക്ക് ചെയ്യാം.
മലേഷ്യയിലേക്ക് വിസ രഹിത പ്രവേശനം ലഭിക്കുന്നതും ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു വലിയ ആകർഷണമാണ്. 2025 ജൂണ്‍ 30 വരെ മുപ്പതു ദിവസത്തെ സന്ദർശനത്തിനെത്തുന്ന എല്ലാ ഇന്ത്യക്കാരും മലേഷ്യയിലേക്ക് വിസാ രഹിത പ്രവേശനത്തിന് അർഹരാണ്.