Bhama | 'സ്ത്രീകള്‍ ഒരിക്കലും വിവാഹം ചെയ്യരുതെന്നല്ല ഉദ്ദേശിച്ചത്', വിവാദ പോസ്റ്റിൽ വ്യക്തത വരുത്തി നടി ഭാമ


സ്ത്രീധനത്തിന്റെ പേരിൽ ഭീഷണി നേരിടേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചാണ് താൻ പങ്കുവെച്ചതെന്ന് താരം
കൊച്ചി: (KVARTHA) വിവാഹജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ (Social Media) അടക്കം വലിയ രീതിയിൽ ചർച്ചയായതോടെ വ്യക്തത വരുത്തി നടി ഭാമ (Bhama) രംഗത്തെത്തി. സ്ത്രീധനത്തിന്റെ (Dowry) പേരിൽ ഭീഷണി നേരിടേണ്ടി വരുന്ന സ്ത്രീകളുടെ (Women) അവസ്ഥയെക്കുറിച്ചാണ് താൻ പങ്കുവെച്ചതെന്ന് ഭാമ വ്യക്തമാക്കി.
'എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള്‍ സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താലുണ്ടാവുന്ന പ്രത്യേഘാതത്തെ കുറിച്ചുമാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്കു കൊടുക്കുന്ന സമ്മർദം, അതുമൂലം സ്വന്തം ജീവനുവരെ ഭീഷണിയോടെ ഒരു വീട്ടില്‍ പേടിച്ച് കഴിയേണ്ടിവരിക. കുഞ്ഞുങ്ങള്‍ കൂടെ ഉണ്ടേല്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. അതെല്ലാമാണ് പറയാൻ ശ്രമിച്ചത്.
അങ്ങനെ സ്ത്രീകള്‍ ഒരിക്കലും വിവാഹം ചെയ്യരുതെ എന്നാണ്. വിവാഹശേഷമാണേല്‍ സമ്മർദം സഹിച്ച് ജീവിതം തുടരാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. അല്ലാതെ സ്ത്രീകള്‍ വിവാഹമേ ചെയ്യരുത് എന്നല്ല. എഴുതിയതിന്റെ ആശയം മനസിലാകുമെന്ന് കരുതുന്നു', താരം ഫേസ്‌ബുകിൽ കുറിച്ചു.
ചർച്ചയുടെ തുടക്കം
'വേണോ നമുക്ക് സ്ത്രീകള്‍ക്ക് വിവാഹം? എന്ന അടിക്കുറിപ്പോടെ (Caption) ഭാമ ഇൻസ്റ്റാഗ്രാമിൽ (Instagram) ഒരു കുറിപ്പ് പങ്കുവെച്ചതോടെയാണ് ചർച്ച ആരംഭിച്ചത്. 'വേണോ നമ്മുക്ക് സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം...' എന്നായിരുന്നു വിവാദ പോസ്റ്റ്.
സ്ത്രീകൾക്കെതിരെ ഉയരുന്ന ഭീഷണികളെയും അതിക്രമങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ച ഭാമയുടെ പോസ്റ്റിനെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. വിവാഹം, സ്ത്രീധനം, സ്ത്രീകൾ ഭർതൃവീട്ടിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ ഇതൊക്കെ ചർച്ചയായി. എന്നാൽ ചിലർ താരത്തിന്റെ പ്രസ്താവനയോട് രൂക്ഷ വിമർശനവും ഉന്നയിച്ചു.
വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ
തൻ്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെയാണ് നടിയുടെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയമായത്. 2020-ൽ അരുണിനെ വിവാഹം കഴിച്ചതിന് ശേഷം മകൾ ഗൗരിയെ വളർത്തിയ അനുഭവങ്ങൾ ഭാമ മുമ്പ് പങ്കുവെച്ചിരുന്നു. അടുത്തിടെ, ഭാമയും അരുണും തമ്മിലുള്ള വേർപിരിയലിനെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിച്ചിരുന്നു.
അടുത്തിടെ, ഭാമ അരുണിന്റെ പേരും ചിത്രങ്ങളും തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് നീക്കം ചെയ്തതോടെയാണ് ഊഹാപോഹങ്ങൾ ആളിക്കത്തിയത്. എന്നിരുന്നാലും, ഭാമയോ അരുണോ ഈ വിവാദങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത ഭാമ ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്.