Autorickshaw | ചിത്രലേഖയ്ക്ക് പിന്തുണയുമായി ആപ് മഹിളാവിഭാഗം പ്രവര്‍ത്തകര്‍; 'സി ഐ ടി യുക്കാര്‍ അഗ്നിക്കിരയാക്കിയ' ഓടോറിക്ഷയ്ക്ക് പകരം പുതിയത് കൈമാറി


ഒന്‍പത് മാസം മുന്‍പാണ് കണ്ണാടിപറമ്പിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓടോറിക്ഷ കത്തിച്ചത്
4 ലക്ഷം രൂപ ചെലവില്‍ ആം ആദ്മി സവാരി എന്ന പേരിലാണ് പുതിയ ബജാജ് ഓടോറിക്ഷ പ്രവര്‍ത്തകര്‍ ധനസമാഹരണം നടത്തി വാങ്ങി നല്‍കിയത്.
സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്‍ താക്കോല്‍ കൈമാറി
കണ്ണൂര്‍: (KVARTHA) തൊഴില്‍ വിവേചനവും മാനസിക ശാരീരിക പീഡനവും അനുഭവിക്കുന്ന ദളിത് യുവതിയും ഓടോറിക്ഷ ഡ്രൈവറുമായ ചിത്രലേഖയ്ക്ക് സി ഐ ടി യു പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കിയ ഓടോറിക്ഷയ്ക്ക് പകരം ആം ആദ് മി മഹിളാവിഭാഗം പുതിയ ഓടോറിക്ഷ കൈമാറി.
ഒന്‍പത് മാസം മുന്‍പാണ് കണ്ണാടിപറമ്പിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓടോറിക്ഷ കത്തിച്ചത്. ഇതേ തുടര്‍ന്ന് ജോലി ചെയ്യാനോ കുടുംബം നോക്കാനോ കഴിയാത്ത ചിത്രലേഖ തൊഴില്‍ രഹിതയായി വീട്ടിലിരിക്കുന്ന സാഹചര്യത്തിലാണ് അവരെ കര്‍മരംഗത്ത് ഇറക്കുന്നതിനായി നാലുലക്ഷം രൂപ ചെലവില്‍ ആം ആദ്മി സവാരി എന്ന പേരില്‍ പുതിയ ബജാജ് ഓടോറിക്ഷ ആപ് പ്രവര്‍ത്തകര്‍ ധനസമാഹരണം നടത്തി വാങ്ങി നല്‍കിയത്.
കണ്ണൂര്‍ തെക്കി ബസാര്‍ ഗുരുഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആം ആദ്മി പാര്‍ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്‍ താക്കോല്‍ കൈമാറി. ചിത്രലേഖയ്ക്ക് കണ്ണൂരില്‍ ജോലി ചെയ്യാനുള്ള സാഹചര്യം പാര്‍ടി ഒരുക്കുമെന്ന് വിനോദ് മാത്യു വില്‍സണ്‍ പറഞ്ഞു.
സിപിഎമിന്റെ ഒരു വെല്ലുവിളിയും ഇനി നടക്കില്ലെന്നും ചിത്രലേഖ സ്വതന്ത്രമായി ജോലി ചെയ്ത് ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കഴിഞ്ഞ 20 വര്‍ഷമായി അവരുടെ സംവിധാനവും ധാര്‍ഷ്ട്യവും ഉപയോഗിച്ച് ചിത്രലേഖയെ വേട്ടയാടുകയാണെന്ന് വിനോദ് മാത്യു വില്‍സന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഓടോറിക്ഷ ഓടിച്ച് ജീവിക്കുമെന്ന് ചിത്രലേഖ പറഞ്ഞു. വെല്ലുവിളികളെ അതിജീവിച്ച് മുന്‍പോട്ട് പോകാനാണ് തീരുമാനം. തനിക്കെതിരായ അക്രമങ്ങളില്‍ ജില്ലാ ഭരണകൂടമോ പൊലീസോ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും ചിത്രലേഖ പറഞ്ഞു.
താക്കോല്‍ ദാന ചടങ്ങില്‍ ആപ് വനിതാ വിഭാഗം മഹിളാ ശക്തി സംസ്ഥാന പ്രസിഡന്റ് ഡോ. സബീന എബ്രഹാം, നേതാക്കളായ എ അരുണ്‍, അജി കൊളോണിയ, ജയദേവ് ഗംഗാധരന്‍, ടി ടി സ്റ്റീഫന്‍, സെലിന്‍ ജോണ്‍സന്‍ എന്നിവര്‍ പങ്കെടുത്തു.