Diabetes | പ്രമേഹ ലക്ഷണങ്ങളെ ഫലപ്രദമായി നേരിടാൻ 5 ആയുർവേദ മാർഗങ്ങൾ

 
Diabetes

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു

ന്യൂഡെൽഹി: (KVARTHA) പ്രമേഹം നിയന്ത്രിക്കാൻ ധാരാളം മാർഗങ്ങളുണ്ട്. ആയുർവേദത്തിൽ തന്നെ മികച്ച ധാരാളം വഴികളുണ്ട്. ഇന്ന് വളരെ സാധാരണമായി മാറികഴിഞ്ഞിരിക്കുന്ന ജീവിതശൈലി രോഗമാണിത്. നമ്മുടെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ രോഗ നിയന്ത്രണം സാധ്യമാണ്.

നിലവിൽ, ഏകദേശം 246 ദശലക്ഷം ആളുകൾക്ക് പ്രമേഹമുണ്ട്, ആഗോളതലത്തിൽ 40 നും 59 നും ഇടയിൽ പ്രായമുള്ളവർക്കാണ് കൂടുതലായും ഈ രോഗം പിടിപെടുന്നത്. 2025 ആകുന്നതോടെ, ഈ കണക്ക് 380 ദശലക്ഷമായി ഉയരുമെന്നാണ് സൂചന. ഇൻസുലിൻ കുത്തിവെപ്പാണ് നിലവിലെ ഫലപ്രദമായ ചികിത്സാ രീതി. ആയുർവേദത്തിലും വിവിധ ചികിത്സാ രീതികൾ ഉണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

പ്രമേഹ രോഗ ലക്ഷണങ്ങളെ സ്വാഭാവികമായി നിയന്ത്രിക്കുകയാണ് ആയുർവേദം ചെയ്യുന്നത്. ശരീരത്തിനുള്ളിലെ സന്തുലിതാവസ്ഥ നിലനിർത്താൻ, എളുപ്പവും ഫലപ്രദവുമായ പ്രകൃതിദത്ത ഔഷധങ്ങൾ, ഭക്ഷണക്രമീകരണം, ജീവിതശൈലി പരിഷ്‌ക്കരണം എന്നീ ഘടകങ്ങളെ സമന്വയിപ്പിക്കുന്നു.  

ഭക്ഷണക്രമീകരണം  

പ്രമേഹ നിയന്ത്രണത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടുന്നത് പഞ്ചസാരയുടെ അളവ് വർധിക്കാതെ, അവശ്യപോഷകങ്ങൾ ലഭിക്കത്തക്ക രീതിയിലുള്ള, ആഹാരനിയന്ത്രണം സാധ്യമാക്കാനാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ. സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ കഴിവതും ഒഴിവാക്കണം. ഉപ്പ് ഉപയോഗം കുറക്കുകയും വേണം എന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്.

പതിവായ വ്യായാമം 

പതിവായ വ്യായാമമാണ് മറ്റൊരു പരിഹാരം. ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നതിനും, യോഗാസനകളും മിതമായ ദൈനംദിന വ്യായാമങ്ങളും സഹായിക്കുമെന്നാണ് ആയുർവേദം പറയുന്നത്. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ തുടങ്ങിയവ ഉദാഹരണം.

സമ്മർദ നിയന്ത്രണം

സമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഗുരുതരമായ സ്വാധീനം ചെലുത്തും. ആയുർവേദം അനുസരിച്ച്, ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, ശ്രദ്ധാകേന്ദ്രം തുടങ്ങിയ വിശ്രമ പ്രവർത്തനങ്ങളിലൂടെ സമ്മർദത്തെ എളുപ്പത്തിൽ നിയന്ത്രിക്കാനാകുമെന്നാണ് അഭിപ്രായം. 

ആയുർവേദ ഔഷധങ്ങളും അനുബന്ധങ്ങളും

ആരോഗ്യം നിലനിർത്തുന്നതിനും, വിവിധ രോഗങ്ങളെ ചെറുത്തു നിർത്തുന്നതിനും, ആയുർവേദ ഔഷധങ്ങളും പ്രകൃതിദത്ത സപ്ലിമെൻ്റുകളും ഇന്ന് ധാരാളം ഉപയോഗിക്കുന്നവരുണ്ട്. പ്രമേഹ നിയന്ത്രണവും വ്യത്യസ്തമല്ല. കയ്പ്പക്ക, ഉലുവ, കറുവപ്പട്ട തുടങ്ങിയ ഔഷധങ്ങൾ പ്രമേഹം നിയന്ത്രിക്കാൻ ഉത്തമമാണ്. 
 
ആരോഗ്യകരമായ ജീവിതശൈലി 

ആയുർവേദത്തിൽ, ആരോഗ്യകരമായ ജീവിതശൈലിയാണ് ഏത് രോഗങ്ങൾക്കും അവസ്ഥകൾക്കും പരിഹാരമായി കണക്കാക്കുന്നത്. അതുപോലെ തന്നെയാണ് പ്രമേഹത്തെ നിയന്ത്രിക്കുന്നതും. ആരോഗ്യകരമായ ഈ ജീവിതശൈലി ക്രമമായ ദൈനംദിന ചിട്ടയും, മതിയായ ഉറക്കവും മാത്രമല്ല, ജലാംശം നിലനിർത്തുകയും പുകവലി, മദ്യപാനം തുടങ്ങിയ ദോഷകരമായ ശീലങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ ജീവിതശൈലി രോഗങ്ങളെ ചെറുക്കാം എന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്.

പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങളുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെടുമ്പോൾ തന്നെ ചികിത്സ തേടുക എന്നതാണ് പ്രധാനം. ഡോക്ടറുടെ നിർദേശപ്രകാരം, രോഗ നിയന്ത്രണത്തിനുള്ള, നടപടികൾ ആരംഭിക്കുകയുമാവാം. വ്യായാമശീലവും, ആഹാരനിയന്ത്രണവുമൊക്കെ വളരെ സാധാരണമായി പ്രമേഹരോഗികൾ ചെയ്തു വരുന്നതാണെങ്കിലും, ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം ഇത്തരം കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia