Destinations | പത്തനംതിട്ടയിൽ കാണേണ്ട 11 വിനോദസഞ്ചാര കേന്ദ്രങ്ങൾ 

 
PATHANAMTHITTRA
PATHANAMTHITTRA


പച്ചപ്പാർന്ന മലനിരകൾ, തെളിഞ്ഞ നദികൾ, ശാന്തമായ തടാകങ്ങൾ, സമ്പന്നമായ ജൈവവൈവിധ്യം എന്നിവയാൽ സമ്പന്നമാണ് 

പത്തനംതിട്ട: (KVARTHA) മലനാടിന്റെ സൗന്ദര്യവും സംസ്കാരവും നിറഞ്ഞ ഒരു ജില്ലയാണ് പത്തനംതിട്ട. പച്ചപ്പാർന്ന മലനിരകൾ, തെളിഞ്ഞ നദികൾ, ശാന്തമായ തടാകങ്ങൾ, സമ്പന്നമായ ജൈവവൈവിധ്യം എന്നിവയാൽ സമ്പന്നമായ ഈ ജില്ല സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവങ്ങൾ നൽകുന്നു. പത്തനംതിട്ട ജില്ലയിൽ തീർച്ചയായും കാണേണ്ട പ്രധാനപ്പെട്ട 11 വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് പരിചയപ്പെടാം.

1. ശബരിമല

പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് ശബരിമല. അയ്യപ്പന്റെ ദൈവീകമായ വാസസ്ഥാനം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീർത്ഥാടന കേന്ദ്രവുമാണ്. പശ്ചിമഘട്ട മലനിരകളിലെ കുന്നിൻമുകളിൽ നിബിഡ വനത്തിന് നടുവിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പത്തനംതിട്ടയിൽ നിന്ന് 72 കി. മീ, തിരുവനന്തപുരത്ത് നിന്ന് 191 ഉം കൊച്ചിയിൽ നിന്ന് 210 കിലോമീറ്ററും ആണ് ശബരിമലയിലേക്കുള്ള ദൂരം. 

വിവിധ വന്യജീവികളുടെ നിവാസ സ്ഥലം കൂടിയാണ് ശബരിമല. ഒരുപാട് തീർത്ഥാടകർ എത്തുന്ന ഇടം എന്ന നിലയിൽ ശബരിമല പ്രസിദ്ധവുമാണ്. ശബരിമലയിലേക്കുള്ള പരമ്പരാഗത റൂട്ട് എരുമേലി വഴി (40 കി.മീ) ആണ്. മറ്റു റൂട്ടുകൾ വണ്ടിപ്പെരിയാർ, ഉപ്പുപാറ, ചാലക്കയം എന്നിവിടങ്ങളിൽ നിന്ന് പ്ലാപ്പള്ളി വഴിയാണുള്ളത്. ഈ വഴികളുടെ സുന്ദരമായ ഭംഗിയും പൗരാണിക മൂല്യവും വളരെ പ്രശസ്തമാണ്. 

2. ഗവി

പത്തനംതിട്ടയെന്ന് കേൾക്കുമ്പോൾ വിനോദസഞ്ചാരികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന സ്ഥലമാണ് ഗവി. കുഞ്ചാക്കോ ബോബൻ നായകനായ ഓർഡിനറി എന്ന സിനിമയിലൂടെയാണ് ഗവി വിനോദസഞ്ചാരികളുടെ ഇടയിൽ സ്ഥാനം പിടിച്ചത്. പുൽമേടുകളാൽ സമ്പന്നമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ പ്രത്യേകത. പശ്ചിമഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ  ഗവിയിൽ കൊടുംവേനലിൽപ്പോലും വൈകീ കീട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണ്. 

അത്യപൂർവ്വങ്ങളായ പുഷ്പങ്ങളും മരങ്ങളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഇവിടെ ഒരു കുന്നിൻ പുറത്തു നിന്ന് നോക്കിയാൽ ശബരിമലയുടെ ഏതാനും ഭാഗങ്ങൾ കാണാവുന്നതാണ്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം ആണ്. പത്തനംതിട്ടയിൽ നിന്നും ഗവിയിലേക്ക് ഏകദേശം 40 കിലോമീറ്റർ ദൂരമുണ്ട്. കുമളി റോഡിലൂടെ യാത്ര ചെയ്ത് വണ്ടിപ്പെരിയാർ വഴി ഗവിയിലെത്താം. കുമളിയിൽ നിന്ന് 14 കിലോമീറ്ററും ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ നിന്ന് 28 കിലോമീറ്ററും അകലെയാണ് ഗവി സ്ഥിതി ചെയ്യുന്നത്. കുമളിയിൽ നിന്ന് ഗവിയിലെത്താൻ ജീപ്പ് വാടകയ്‌ക്കെടുക്കാം.

3. കോന്നി ആനത്താവളം 

പത്തനംതിട്ട ജില്ലയിൽ പെട്ട കോന്നിയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നാണ് ഒൻപത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ആനത്താവളം. പത്തനംതിട്ടയിൽ നിന്നും ഏകദേശം 12 കി.മീ അകലെയാണ് ഈ ആനത്താവളം സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ടയിൽ നിന്നും കുമ്പഴ വഴി കോന്നിയിലെത്തത്താം. കാട്ടിൽ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പിക്കുന്ന ഒരു കേന്ദ്രമാണിത്. മുൻപൊക്കെ കാട്ടാനകളെ പിടിച്ചിരിന്നുവെങ്കിലും 1977 ഓടെ  ആനപിടുത്തം അവസാനിപ്പിച്ചു. 

4. ത്രിവേണി സംഗമം

ത്രിവേണി സംഗമം എന്നത് പമ്പാ നദി എന്നും അറിയപ്പെടും. ശബരിമലയിലേക്കുള്ള വഴിയിലാണ് ത്രിവേണി സംഗമം. ഇവിടെ ദക്ഷിണഗംഗ എന്നറിയപ്പെടുന്ന പമ്പാനദി വടക്കുവശത്ത് മണിമണലയാറുമായും തെക്കുവശത്ത് അച്ചന്‍കോവിലാറുമായും കൂടിച്ചേരുന്നു.

5. ആറന്‍മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്‍മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം. പാര്‍ത്ഥസാരഥിയായ കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. കേരളീയ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ഒരു നല്ല ഉദാഹരണമാണ് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാര്‍ത്ഥസാരഥി വിഗ്രഹത്തിന് ആ‍റടി പൊക്കമുണ്ട്. ക്ഷേത്രത്തിന്‍റെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടില്‍ വരച്ച മനോഹരമായ ചിത്രങ്ങളാല്‍ അലങ്കൃതമാണ്. ക്ഷേത്രത്തില്‍ പുറം ചുമരിന്‍റെ നാല് വശങ്ങളിലായി നാല് ഗോപുരങ്ങളുണ്ട്. കിഴക്കന്‍ ഗോപുരത്തിലേക്ക് പതിനെട്ട് പടികളാണുള്ളത്. വടക്കന്‍ ഗോപുരത്തില്‍ നിന്ന് പമ്പ നദിയിലേക്കിറങ്ങാന്‍ 57 പടികളാണുള്ളത്. 

6. അരുവിക്കുഴി വെള്ളച്ചാട്ടം

കോഴഞ്ചേരി ടൗണിൽനിന്ന് പതിനൊന്ന് കിലോ മീറ്റർ ദൂരെയാണ് അരുവിക്കുഴി വെള്ളച്ചാട്ടമുള്ളത്. ഇടതൂർന്ന പച്ചപ്പിനു നടുവിൽ ശാന്തമായൊഴുകുന്ന അരുവി മഴക്കാലത്താണ്‌ സജീവമാകുന്നത്. പാറക്കെട്ടുകൾക്കു മുകളിലൂടെ പലതട്ടുകളായി വീണൊഴുകുന്ന ജലപാതവും വൻമരങ്ങൾ തീർക്കുന്ന ശീതളിമയും ഇങ്ങോട്ടുളള നടത്തം ഹൃദ്യമായൊരനുഭവമാക്കി മാറ്റുന്നു. ശരിക്കും ഇവിടം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്. 

7. കവിയൂർ ഗുഹ ക്ഷേത്രം

തിരുവല്ലയ്ക്കടുത്തുള്ള കവിയൂരിൽ സ്ഥിതിചെയ്യുന്ന കൂറ്റൻ പാറയിൽ കൊത്തിയെടുത്ത പുരാതന ക്ഷേത്രമാണ് കവിയൂർ ഗുഹ ക്ഷേത്രം. പല്ലവ ശൈലിയിലുള്ള വാസ്തുവിദ്യയുമായി സാമ്യമുള്ളതിനാൽ ഈ ക്ഷേത്രത്തിന് പുരാവസ്തു പ്രാധാന്യമുണ്ട്. ഭക്തരെ കൂടാതെ നിരവധി ചരിത്രകാരന്മാരും യാത്രക്കാരും ഈ ശിലാഫലകങ്ങൾ കാണാനായി ഈ ക്ഷേത്രം സന്ദർശിക്കുന്നു. സംസ്ഥാനത്തിന്റെ ശില്പകലയുടെ ആദ്യകാല മാതൃകകൾ എന്ന നിലയിൽ ഈ ക്ഷേത്രത്തിന് പുരാവസ്തു പ്രാധാന്യമുണ്ട്. ക്ഷേത്രത്തിലെ ശിൽപങ്ങളും കൊത്തുപണികളും നന്നായി സംരക്ഷിച്ചിരിക്കുന്നു. പുരാവസ്തു വകുപ്പ് ഈ ക്ഷേത്രത്തെ ഒരു സ്മാരകമായി സംരക്ഷിക്കുന്നു. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്റർ മാത്രം അകലെയാണ്. 121 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

8. കക്കി റിസർവോയർ 

പശ്ചിമഘട്ടത്തിന് വളരെ അടുത്തായി റാന്നി റിസർവ് വനത്തിലാണ് ഈ വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇത് പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ജലസംഭരണിയാണ്. കക്കി ഡാമും ആനത്തോട് ഡാമും നിർമ്മിച്ചപ്പോൾ സൃഷ്ടിക്കപ്പെട്ടതാണ് ഈ മനോഹര തടാകം. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് 1966 ൽ അണക്കെട്ടുകൾ നിർമ്മിച്ചത്. ഇവയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 

9. പന്തളം കൊട്ടാരം 

കേരളീയ വാസ്തുശില്പ കലയുടെ ഒരു ഉത്തമ ഉദാഹരണമാണ് പന്തളം രാജവംശത്തിന്റെ വാസസ്ഥലമായ പന്തളം കൊട്ടാരം. അച്ചൻകോവിലാറിന്റെ കരയിലാണ് സ്ഥിതിചെയ്യുന്നത്. 

10. മൂലൂർ സ്മാരകം

സരസ കവിയെന്നും മുല്ലൂർ ആശാനെന്നും വിഖ്യാതനായിരുന്ന മുലൂർ എസ്‌ പത്മനാഭപണിക്കരുടെ ജന്മ ഗൃഹത്തെയാണ്‌ കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ്‌ മുലൂർ സ്‌മാരകമാക്കി നിലനിർത്തുന്നത്‌. പത്തനംതിട്ട ടൗണിൽ നിന്ന്‌ 12 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ ഇലവുംതിട്ട. സാഹിത്യ സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്നവരെ മാത്രമല്ല ഇന്ന്‌ ഇലവുംതിട്ടയിലെ മുലൂർ സ്‌മാരകം ആകർഷിക്കുന്നത്‌. കേരളം സന്ദർശിക്കുന്ന ടൂറിസ്റ്റുകളും ഈ പ്രദേശത്തിന്റെ അനുപമ സൗന്ദര്യം ഇന്നു തിരിച്ചറിയുന്നുണ്ട്‌. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന്‌ 16 കിലോമീറ്ററും തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളത്തിൽ നിന്ന്‌ 108 കിലോമീറ്ററുമാണ്‌ മുലൂർ സ്‌മാരകത്തിലേക്കുള്ള ദൂരം. 

11. പെരുന്തേനരുവി വെള്ളച്ചാട്ടം 

പത്തനംതിട്ടയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്  പെരുന്തേനരുവി വെള്ളച്ചാട്ടം. റാന്നി താലൂക്കിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലാണ് പെരുന്തേനരുവി വെള്ളച്ചാട്ടം ഉള്ളത്. വെച്ചൂച്ചിറയിലെയും സമീപ പഞ്ചായത്തിലെയും ജനങ്ങൾക്ക്‌ ശുദ്ധജലവിതരണത്തിനും ഇത് ജലസ്രോതസ്സായി ഉപയോഗിക്കുന്നു. പമ്പാനദിയുടെ ഒരു പോഷകനദിയാണ്  പെരുന്തേനരുവി. പശ്ചിമഘട്ടത്തിലെ  മലനിരകളിൽ ആണ് ഉള്ളത് .  അതിനാൽ ഇവിടുത്തെ വെള്ളച്ചാട്ടം പെരുന്തേനരുവി വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്നു. 

ഇനിയും കാണാൻ കൊള്ളാവുന്ന ധാരാളം സ്ഥലങ്ങൾ പത്തനംതിട്ട ജില്ലയിലുണ്ട്. ഇപ്പറഞ്ഞ സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്ക് അവ കൂടി കണ്ട് മടങ്ങാവുന്നതാണ്. മേൽപ്പറഞ്ഞ സ്ഥലങ്ങൾ വിനോദസഞ്ചാരികൾ ഒരു തവണയെങ്കിലും പോയി കാണേണ്ടതാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia