Controversy | താന്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിയിലെ ഉന്നതരുടെ പ്രേരണയോടെയാണെന്ന ആരോപണം ശരിയല്ല; വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചത് നിരവധി തവണയെന്ന് പിവി അന്‍വര്‍
തിരുവനന്തപുരം: (KVARTHA) താന്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിയിലെ ഉന്നതരുടെ പ്രേരണയോടെയാണെന്ന ആരോപണം ശരിയല്ലെന്ന് വ്യക്തമാക്കി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ തന്റെ പോരാട്ടം ആരംഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും പാര്‍ട്ടി ഓഫിസില്‍ നിന്നും തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും താന്‍ ഫോണ്‍ എടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എഡിജിപി എംആര്‍ അജിത് കുമാര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥരിലും അന്‍വര്‍ അതൃപ്തി പ്രകടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ക്കെതിരെയുള്ള പരാതി അന്വേഷിക്കേണ്ടത് പ്യൂണ്‍ അല്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കും സര്‍ക്കാറിനും ഉണ്ടാകുമെന്നും അന്‍വര്‍ തുറന്നടിച്ചു. എഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകുമെന്ന ഉറപ്പ് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.
താന്‍ ഉയര്‍ത്തിയ വിഷയങ്ങളുമായി പൊതുസമൂഹത്തിന് മുന്നിലുണ്ടാകും അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമോ എന്നത് സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടതെ ന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിക്ക് മുന്നിലും ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണസംഘത്തെ മാറ്റണമോ എന്നൊന്നും താനിപ്പോള്‍ പറയുന്നില്ലെന്നും അത് പിന്നീട് നോക്കാമെന്നും അന്‍വര്‍ പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ട് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.
എസ്പിയെ കുറിച്ചും പൊലീസിലെ കെടുകാര്യസ്ഥതയെക്കുറിച്ചും ഞാന്‍ തുറന്നു പറയാന്‍ തുടങ്ങിയ ശേഷം നിരവധി തവണ പാര്‍ട്ടി ഓഫിസില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ഫോണ്‍ വന്നിരുന്നു. ഞാന്‍ ഫോണ്‍ എടുത്തിട്ടില്ല. ഫോണ്‍ ഓഫ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഡ്രൈവറുടെ ഫോണും ഓഫ് ചെയ്യിച്ചു.
ഗണ്‍മാന്‍മാരുടെയും സ്റ്റാഫിന്റെയും ഫോണ്‍ ഓഫാക്കിച്ചു. എനിക്ക് പറയാനുള്ളത് പൊതുജനമധ്യത്തില്‍ പറഞ്ഞ ശേഷം ബന്ധപ്പെട്ടവരെ കണ്ടാല്‍ മതിയെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് ശേഷമാണ് ഞാന്‍ എല്ലാ കാര്യവും മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും ഏല്‍പ്പിച്ചത് എന്നും പിവി അന്‍വര്‍ പറഞ്ഞു.
എഡിജിപി എംആര്‍ അജിത് കുമാറടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരില്‍ കണ്ടും അന്‍വര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ടശേഷം അന്‍വര്‍ മയപ്പെടുന്ന രീതിയിലുള്ള സംസാരമാണ് നടത്തിയത്.
#KeralaPolitics, #PVAnwar, #PoliceControversy, #CPMKerala, #PinarayiVijayan, #ADGPAllegations