Criticism | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ പരാമര്‍ശം അതീവ ഗൗരവതരം; സംസ്ഥാനം ഭരിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധ ഗവണ്‍മെന്റെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: (KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ പരാമര്‍ശം അതീവ ഗൗരവതരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധ ഗവണ്‍മെന്റാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും കാലം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വച്ച ഈ ഗവണ്‍മെന്റിനെതിരെ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത് നിശിതമായ വിമര്‍ശനമാണെന്നും അദ്ദേഹം പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെയ്‌ക്കേണ്ട ആവശ്യം എന്തായിരുന്നുവെന്നും ആരെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി വിമര്‍ശനത്തിന്റെ വെളിച്ചത്തില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തുവിടണം. കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ മൊഴികള്‍ക്കനുസരിച്ച് എഫ് ഐ ആറുകള്‍ എടുക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയില്‍ ഈ കേസുകളും ഉള്‍പ്പെടുത്തണമെന്നും ചെന്നിത്തല പറഞ്ഞു.
ഈ അന്വേഷണം ഒരു പ്രഹസനമാക്കി മാറ്റുവാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. അതിനെതിരായിട്ടാണ് ഹൈക്കോടതിയുടെ ശക്തമായ വിമര്‍ശനം. ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ പുറത്തുവന്ന കാര്യങ്ങള്‍ മറച്ചുവച്ച് സര്‍ക്കാര്‍ കൊടുക്കുന്ന സംരക്ഷണം ഇപ്പോഴും തുടരുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വസ്തുതകള്‍ സര്‍ക്കാര്‍ മന:പൂര്‍വ്വം മറച്ചു പിടിക്കുന്നുവെന്നും കുറ്റക്കാരെ സംരക്ഷിക്കാനും വേട്ടക്കാരോടൊപ്പം നില്‍ക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇരകള്‍ക്ക് സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്തമുള്ള ഗവണ്‍മെന്റാണ് വേട്ടക്കാരോടൊപ്പം നില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റിപ്പോര്‍ട്ട് പുറത്തുവിടുന്ന കാര്യത്തില്‍ ഇനി അമാന്തം പാടില്ല. ഹൈക്കോടതി നടത്തിയ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
#KeralaPolitics #HemaCommittee #HighCourt #JusticeForWomen #IndiaNews