Probe | ഉന്നയിക്കപ്പെട്ട മുഴുവന്‍ ആരോപണങ്ങളിലും അന്വേഷണം നടത്തും; എടുത്തിട്ടുള്ളത് നയപരമായ തീരുമാനമെന്നും എംവി ഗോവിന്ദന്‍
● സര്‍ക്കാരിലോ സിപിഎമ്മിലോ യാതൊരുവിധ പ്രതിസന്ധിയുമില്ല
● പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നു
തിരുവനന്തപുരം: (KVARTHA) സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഉന്നയിക്കപ്പെട്ട മുഴുവന്‍ ആരോപണങ്ങളിലും അന്വേഷണം നടത്തുമെന്ന് പറഞ്ഞ അദ്ദേഹം നയപരമായ തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എഡിജിപിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. മുന്‍ മലപ്പുറം പൊലീസ് ചീഫിനെതിരായ ആരോപണങ്ങളില്‍ ഡിജിപി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പന്‍ഡ് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇത്രയൊക്കെ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നിട്ടും എഡിജിപി അജിത് കുമാറിനെ മാറ്റാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ എഡിജിപിയെ മാറ്റാതെ അന്വേഷണം നടത്തുന്നതില്‍ അസാധാരണത്വമില്ലെന്നാണ് എംവി ഗോവിന്ദന്‍ പറയുന്നത്. സര്‍ക്കാരിലോ സിപിഎമ്മിലോ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#CPM #KeralaPolitics #CorruptionAllegations #PoliceInvestigation #MVGovindan