Criticism | തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവരുടെ അറിവോടെ; സുരേഷ് ഗോപി വിജയിച്ചതിന്റെ പൂര്‍ണ ഉത്തരവാദി പിണറായി വിജയനാണെന്നും കെ മുരളീധരന്‍
തിരുവനന്തപുരം: (KVARTHA) തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളളവരുടെ അറിവോടെയാണെന്ന ആരോപണവുമായി തൃശുര്‍ ലോക്‌സഭാ മണ്ഡലം മുന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് മുരളീധരന്‍ ആരോപണം ഉന്നയിച്ചത്. ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന മിക്ക വിഷയങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
പൂരം കലക്കല്‍ ഭരണനേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയ പ്രവൃത്തിയാണെന്നും ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി വിജയിച്ചതിന്റെ പൂര്‍ണ ഉത്തരവാദി പിണറായി വിജയനാണെന്നും മുരളീധരന്‍ ആരോപിച്ചു. ബിജെപി വിജയത്തിന്റെ പാപഭാരം മുഖ്യമന്ത്രിക്കാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചതിന് പിന്നില്‍ കരുവന്നൂര്‍ അടക്കം പല കേസുകളും ഒതുക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും മുരളീധരന്‍ ആരോപിച്ചു. പൂരം കലക്കിയതില്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഫ് ളാറ്റില്‍ വച്ച് സംസാരിച്ചെന്ന വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനറായിരുന്ന ഇപി ജയരാജന്‍ രാജിവെച്ചതിലൂടെ ജയരാജനെ സിപിഎം രക്തസാക്ഷിയാക്കിയെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണിതെന്നും ജയരാജനെ പുറത്തുനിര്‍ത്തിയാല്‍ പിണറായിയുടെ രഹസ്യങ്ങള്‍ പുറത്തുവരുമെന്നും മുരളീധരന്‍ പറഞ്ഞു.
ഹേമ കമ്മിഷനില്‍ ആരോപണ വിധേയനായ കൊല്ലം എം എല്‍ എ മുകേഷിനെ സംരക്ഷിക്കുന്നത് വഴി സിപിഎം എടുത്തത് സ്വയം നശിക്കാനുള്ള തീരുമാനമാണെന്നും മുരളീധരന്‍ പറഞ്ഞു. പിവി അന്‍വര്‍ എം എല്‍ എയുമായി ഉയര്‍ന്നു വന്ന പൊലീസ് വിവാദത്തില്‍ പ്രതികരിച്ച മുരളീധരന്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ പിണറായിക്കുവേണ്ടി ഏജന്‍സിപ്പണി എടുക്കുന്നയാളാണെന്നും ഇപ്പോഴത്തെ ഡിജിപി വെറും നോക്കി കുത്തിയാണെന്നും ആരോപിച്ചു.
ലോക് സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് എഡിജിപി എംആര്‍ അജിത് കുമാറാണെന്ന ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ രംഗത്തുവന്നിരുന്നു. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. ഇതിന് മറുപടി നല്‍കുകയായിരുന്നു കെ മുരളീധരന്‍.
#ThrissurPooram, #KeralaPolitics, #BJP, #CPM, #PinarayiVijayan, #Muraleedharan