Paragliding Accident | വര്‍ക്കല പാരാഗ്ലൈഡിങ് ഹൈമാസ്റ്റ് വിളക്കുതൂണില്‍ കുടുങ്ങിയുണ്ടായ അപകടം; ഉത്തരാഖണ്ഡുകാരനായ ട്രെയ്നര്‍ ഉള്‍പെടെ 3 പേര് കസ്റ്റഡിയില്‍
Mar 8, 2023, 11:08 IST
തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയില്‍ പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് വിളക്കുതൂണില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ ഉത്തരാഖണ്ഡുകാരനായ ട്രെയ്നര്‍ ഉള്‍പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡയിലെടുത്തു. ട്രെയ്നര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് പിടിയിലായത്. അപകടത്തില്‍പെട്ടയാളെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കാനും ഇവര്‍ ശ്രമിച്ചതായി പൊലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ അപകടകരമായി പറക്കല്‍ നടത്തിയതിന് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു.
80 അടി ഉയരത്തില്‍ തൂങ്ങിക്കിടന്ന വിനോദസഞ്ചാരിയായ കോയമ്പതൂര്‍ സ്വദേശിനി പവിത്രയേയും (28) ട്രെയ്നറെയും ഒന്നര മണിക്കൂറിനുശേഷമാണ് സുരക്ഷിതമായി താഴെയിറക്കാനായത്. പൊലീസും കെഎസ്ഇബിയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഇറക്കുന്നതിനിടെ ഇരുവരും വീണത് അഗ്നിരക്ഷാസേന വലിച്ചുകെട്ടിയ വലയിലായിരുന്നതിനാല്‍ പരുക്കേറ്റില്ല. പ്രഥമശുശ്രൂഷയ്ക്കുശേഷം ഇരുവരും ആശുപത്രി വിട്ടു.
ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് അപകടം. കാറ്റിന്റെ ദിശ മാറിയതുമൂലം വര്‍ക്കല ഹെലിപാഡില്‍നിന്ന് പറന്നുപൊങ്ങിയ പാരാഗ്ലൈഡറിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 350 മീറ്റര്‍ അകലെ പാപനാശം കടപ്പുറത്തെ ഹൈമാസ്റ്റ് വിളക്കിലാണ് കുടുങ്ങിയത്. ഏകദേശം 100 അടിയാണ് വിളക്കുതൂണിന്റെ ഉയരം. 80 അടിയോളം ഉയരത്തില്‍ തൂങ്ങിക്കിടന്ന ഇരുവരെയും എങ്ങനെ താഴെയിറക്കുമെന്ന് ആശയക്കുഴപ്പമായി. ഏകദേശം അരമണിക്കൂറോളം ഇരുവരും പോസ്റ്റില്‍ തൂങ്ങിപ്പിടിച്ച് നിന്നു.
ഇതിനിടെ അഗ്നിരക്ഷാ സേന വിളക്കുതൂണിന് ചുറ്റും വല വലിച്ചുകെട്ടി. വീണാലുള്ള ആഘാതം കുറയ്ക്കാന്‍ സമീപത്തെ റിസോര്‍ടില്‍നിന്ന് മെത്തകള്‍ കൊണ്ടുവന്നു നിരത്തി. അത്രയും ഉയരം കിട്ടുന്ന ക്രെയിന്‍ സംഘടിപ്പിക്കുക പ്രയാസമായതിനാല്‍ മുകളിലെ വിളക്കുമായി ഘടിപ്പിച്ച സ്റ്റീല്‍ കേബിള്‍ കറക്കി ഇവരെ താഴെയിറക്കാന്‍ തീരുമാനിച്ചു. നഗരസഭയില്‍ സൂക്ഷിച്ചിരുന്ന ലിവര്‍ എത്തിച്ച് തൂണിന്റെ അടിഭാഗത്തെ ചക്രത്തില്‍ ഘടിപ്പിച്ചു. മോടര്‍ ഉപയോഗിച്ച് കറക്കുന്നത് സുരക്ഷിതമല്ലെന്ന് വിലയിരുത്തി കൈകൊണ്ടാണ് കറക്കിയത്. ഏതാണ്ട് 40 അടിയായപ്പോഴേക്കും വിളക്കിന്റെ ഒരുഭാഗം ഒടിഞ്ഞ് ഇവര്‍ വലയിലേക്ക് വീഴുകയായിരുന്നു.
Keywords: News,Kerala,State,Thiruvananthapuram,Accident,Local-News,Top-Headlines,Trending,Latest-News,Police,Case,Custody, Police Take Three Persons Into Custody In Varkala Paragliding Accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.