Accidental Death | നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് മുന്നിലെ റോഡില്‍ പാറപ്പൊടിയിലും കല്ലിലും തെന്നി ബൈക് മറിഞ്ഞു; പിന്നാലെവന്ന കാറിനടിയില്‍പെട്ട് വയോധികന് ദാരുണാന്ത്യം; വാഹനമോടിച്ചയാള്‍ക്ക് പരുക്ക്

 



പാലക്കാട്: (www.kvartha.com) നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് മുന്നില്‍ റോഡില്‍ പരന്ന പാറപ്പൊടിയിലും കല്ലിലും തെന്നി ബൈക് മറിഞ്ഞുണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. അഖില ഭാരത അയ്യപ്പ സേവാ സംഘം യൂനിയന്‍ പ്രസിഡന്റും എന്‍എസ്എസ് കുന്നത്തൂര്‍മേട് കരയോഗം സെക്രടറിയുമായ ചിറ്റൂര്‍ റോഡ് ശ്രീഗിരിയില്‍ ശങ്കരന്‍ നായര്‍ (84) ആണ് മരിച്ചത്. 

തെന്നി മറിഞ്ഞ ബൈകില്‍നിന്നും റോഡിലേക്ക് തെറിച്ചുവീണ ശങ്കരന്‍ നായര്‍ പിന്നാലെ എത്തിയ കാറിനടിയില്‍പെട്ടാണ് മരിച്ചത്. ജില്ലാ സഹകരണ ബാങ്ക് മുന്‍ ഉദ്യോഗസ്ഥനും ആഞ്ജനേയ സേവാ സമിതി പ്രസിഡന്റുമാണ്. എന്‍എസ്എസ് പാലക്കാട് താലൂക്ക് യൂണിയന്‍ മുന്‍ ഭരണസമിതി അംഗമായ ശങ്കരന്‍ നായര്‍ ദീര്‍ഘകാലം സുല്‍ത്താന്‍പേട്ട കരയോഗം സെക്രടറിയുമായിരുന്നു. 

Accidental Death | നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് മുന്നിലെ റോഡില്‍ പാറപ്പൊടിയിലും കല്ലിലും തെന്നി ബൈക് മറിഞ്ഞു; പിന്നാലെവന്ന കാറിനടിയില്‍പെട്ട് വയോധികന് ദാരുണാന്ത്യം; വാഹനമോടിച്ചയാള്‍ക്ക് പരുക്ക്


ബൈക് ഓടിച്ചിരുന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കുന്നത്തൂര്‍മേട് ശാരദാലയത്തില്‍ സി വി ചന്ദ്രശേഖരന് (62) പരുക്കേറ്റു. ഇദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ഞായറാഴ്ച ഉച്ചയ്ക്ക് കല്‍മണ്ഡപം ജംഗ്ഷന്‍ കുന്നത്തൂര്‍മേട് റോഡില്‍ പാറക്കുളത്തിന് സമീപമായിരുന്നു അപകടം നടന്നത്. കല്‍മണ്ഡപത്തുനിന്നു കുന്നത്തൂര്‍മേട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. റോഡിലേക്ക് തെറിച്ചു വീണ ശങ്കരന്‍ നായര്‍, പിന്നാലെയെത്തിയ കാറിനടിയില്‍പെട്ടാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതര ക്ഷതമേറ്റതായും സംശയിക്കുന്നു. ഉടന്‍തന്നെ പരിസരത്തുണ്ടായിരുന്നവര്‍ ശങ്കരന്‍ നായരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സംസ്‌കാരം ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ നടക്കും. സുഭദ്രയാണ് ശങ്കരന്‍ നായരുടെ ഭാര്യ. മക്കള്‍: ഗിരീഷ്, ഗിരിജ. മരുമക്കള്‍: സുജ, ബ്രിജേഷ്.

Keywords:  News,Kerala,State,Accident,Accidental Death,Road,Local-News,palakkad, Man Dies As Car Runs Over Him After Falling From Bike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia