Medical Examination | താനൂര്‍ ബോടപകടം: നാസറിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി, ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും; അപകട സ്ഥലത്ത് എത്തിക്കാതിരുന്നത് ജനരോഷം ഭയന്ന്

 


മലപ്പുറം: (www.kvartha.com) താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോടിന്റെ ഉടമ നാസറിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്ന് പൊലീസ്. കഴിഞ്ഞദിവസം കോഴിക്കോടുനിന്നും അറസ്റ്റുചെയ്ത നാസറിനെ താനൂര്‍ താലൂക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഉച്ചയ്ക്കു ശേഷം പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

ഇയാളെ അപകടസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുമെന്നും സൂചനയുണ്ട്. ഇതിനായി കോടതിയില്‍ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. താനൂര്‍ ഡിവൈഎസ്പി കെവി ബെന്നിയുടെ നേതൃത്വത്തില്‍ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

നാസറിനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ്, അന്വേഷണ ചുമതലയുള്ള താനൂര്‍ ഡിവൈഎസ്പി കെവി ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

ചട്ടവിരുദ്ധമായി നിര്‍മിച്ച ബോടിന് അനുമതി ലഭിച്ച വഴിയും, നിയമം ലംഘിച്ച് രാത്രി വൈകിയും സര്‍വീസ് നടത്തിയതുമായി ബന്ധപ്പെട്ടുമുള്ള വിവരങ്ങള്‍ ആദ്യ ഘട്ടത്തില്‍ ചോദിച്ചറിയേണ്ടതുണ്ട്. മാത്രമല്ല, നാസറിനെ പൊലീസ് അന്വേഷിക്കുന്ന ഘട്ടത്തില്‍ മൊബൈല്‍ ഫോണുമായി സഹോദരന്‍ ഉള്‍പെടെയുള്ളവര്‍ കൊച്ചിയിലേക്ക് യാത്ര ചെയ്തത് അന്വേഷണം വഴി തെറ്റിക്കാനാണോ എന്നതു സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്. സഹോദരനും അയല്‍വാസിയും അടക്കമുള്ള നാലുപേരെ കഴിഞ്ഞദിവസം വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Medical Examination | താനൂര്‍ ബോടപകടം: നാസറിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി, ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും; അപകട സ്ഥലത്ത് എത്തിക്കാതിരുന്നത് ജനരോഷം ഭയന്ന്

അറസ്റ്റുചെയ്തശേഷം നാസറിനെ താനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും, പിന്നീട് ജനരോഷം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. അറസ്റ്റ് വിവരമറിഞ്ഞ് ജനങ്ങള്‍ താനൂര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന് നാസറിനെ മലപ്പുറം പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു.

ബോടിന്റെ സ്രാങ്ക് താനൂര്‍ ഒട്ടുംപുറം സ്വദേശി ദിനേശനും ജീവനക്കാരന്‍ രാജനും ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. അപകടത്തിനു പിന്നാലെ നീന്തി കരയ്‌ക്കെത്തിയ ഇരുവരും രക്ഷപ്പെട്ടുവെന്നാണ് പൊലീസിന്റെ അനുമാനം. ഇവരും അപകടത്തില്‍പ്പെട്ടെന്ന ധാരണയില്‍ പ്രദേശവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇവരെ ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Keywords:  Tanur boat accident: Nazar underwent medical examination, Malappuram, News, Court, Police Station, Police, Arrested, Accidental Death, Custody, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia