Remanded | ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസ്; എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു; ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നല്‍കി

 


കൊച്ചി: (www.kvartha.com) ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപല്‍ സെക്രടറി എം ശിവശങ്കറിനെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. അതേസമയം. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശിവശങ്കര്‍ കോടതിയില്‍ ജാമ്യേപേക്ഷ നല്‍കി. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്റെ ആവശ്യം.

Remanded | ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസ്; എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു; ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നല്‍കി

ഒമ്പതുദിവസം കസ്റ്റഡിയിലെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയെങ്കിലും ചോദ്യങ്ങള്‍ക്കൊന്നിനും ശിവശങ്കര്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

ലൈഫ് മിഷനില്‍ കോഴപ്പണം കൈപ്പറ്റിയെന്ന് ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും അദ്ദേഹം സമ്മതിച്ചിട്ടില്ല. സ്വപ്നയുമായി നടത്തിയ വാട്‌സ് ആപ് ചാറ്റുകള്‍ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമുള്ള മറുപടിയാണ് ശിശങ്കര്‍ നല്‍കിയത്.

ശിവശങ്കര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ നേരത്തേ അദ്ദേഹത്തിന്റെ ചാര്‍ടേര്‍ഡ് അകൗണ്ടന്റ് വേണുഗോപാല്‍, ലൈഫ് മിഷന്‍ മുന്‍ സി ഇ ഒ യു വി ജോസ് എന്നിവരെ ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴികള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

സ്വപ്ന സുരേഷിന്റെയും വേണുഗോപാലിന്റെയും സംയുക്ത പേരിലുള്ള ബാങ്ക് ലോകര്‍ ശിവശങ്കറിന്റേതാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ലോകര്‍ എടുത്തതെന്ന് വേണുഗോപാല്‍ മൊഴി നല്‍കിയിട്ടുണ്ട്. ലോകറില്‍ നിന്ന് ലഭിച്ച പണം ശിവശങ്കറിന്റേതാണെന്ന സ്വപ്നയുടെ മൊഴിയുമുണ്ട്.

ശിവശങ്കറിനും സ്വപ്നയ്ക്കുമപ്പുറം കരാര്‍ ഇടപാടില്‍ ബന്ധപ്പെട്ടവര്‍, കോഴ കൈപ്പറ്റിയവര്‍ എന്നിവരെക്കുറിച്ചും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നും ഇ ഡി അന്വേഷിക്കുന്നുണ്ട്. ഉദ്യോഗസ്ഥ, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ക്ക് ഇടപാടിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം തുടരുകയാണ്. വാട്‌സ് ആപ് ചാറ്റുകള്‍ അടക്കം ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ കോര്‍ത്തിണക്കിയാണ് അന്വേഷണം.

തുടര്‍ചയായി മൂന്നു ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, ഇപ്പോള്‍ ലൈഫ് മിഷന്‍ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജന്‍സികളില്‍ എന്‍ഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേര്‍ക്കാത്തത്.

യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പിട സമുച്ചയം നിര്‍മിച്ച പദ്ധതിയില്‍ കോടികളുടെ കോഴ ഇടപാടു നടന്നതായുള്ള കേസിലാണു ശിവശങ്കറെ അറസ്റ്റ് ചെയ്ത് ഇഡി വീണ്ടും അന്വേഷണം കടുപ്പിക്കുന്നത്.

കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായര്‍, സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. പദ്ധതിയുടെ ഭാഗമായി ആറു കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാലു കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്നു നിര്‍മാണ കരാറെടുത്ത യൂനിടാക് ഉടമ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ജനുവരി 31നാണു ശിവശങ്കര്‍ സര്‍വീസില്‍ നിന്നു വിരമിച്ചത്. അന്ന് തന്നെയാണ് ഇഡി ശിവശങ്കറിനോട് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നത്.

Keywords: LIFE mission scam: Sivasankar remanded, wants bail citing health issues, Kochi, Local-News, Remanded, Court, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia