Happy Ending | നഷ്ടപ്പെട്ട സ്വര്‍ണ മാല 4 മാസത്തിന് ശേഷം തിരികെ ലഭിച്ചു; ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാര്‍ക്ക് ഓണക്കോടി വാങ്ങി നല്‍കി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീജ


കോട്ടയം: (KVARTHA) നഷ്ടപ്പെട്ട സ്വര്‍ണ മാല നാലു മാസത്തിന് ശേഷം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അതിരമ്പുഴ ഗവ.പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ജീജ. ഇനി ഒരിക്കലും കിട്ടാനിടയില്ലെന്ന് കരുതിയിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി സ്വര്‍ണമാല തിരികെ ലഭിക്കുന്നത്.
ഏപ്രില്‍ 29-നാണ് ജീജയുടെ മുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടത്. പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഇതോടെ പ്രതീക്ഷ കൈവെടിഞ്ഞിരിക്കുകയായിരുന്നു ജീജ. എന്നാല്‍ കഴിഞ്ഞദിവസം അപ്രതീക്ഷിതമായി അതിരമ്പുഴ മാര്‍ക്കറ്റ് ജങ്ഷനില്‍വെച്ച് താര ബ്യൂട്ടിപാര്‍ലറിലെ മൂന്ന് ജീവനക്കാരികള്‍ ജീജയെ കാണാനിടയാകുകയും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ചോദിക്കുകയും ചെയ്തു. മാല കാണാതെ പോയ വിവരം ജീജ അവരെ അറിയിച്ചു. ഇതോടെ അത് തങ്ങളുടെ കൈവശമുണ്ടെന്ന് ജീവനക്കാരികള്‍ അറിയിച്ചു.
ആഭരണം നഷ്ടമായ ദിവസം ബ്യൂട്ടിപാര്‍ലറില്‍ പോയിരുന്നുവെങ്കിലും അക്കാര്യം ഓര്‍ത്തിരുന്നില്ല. അതുകൊണ്ടുതന്നെ അവിടെ അന്വേഷിച്ചുമില്ല. എന്നാല്‍ ആരോ മറന്നുവച്ച ആഭരണം ഉടമസ്ഥര്‍ എത്തുന്നതും കാത്ത് ജീവനക്കാരികള്‍ ബ്യൂട്ടിപാര്‍ലറില്‍ തന്നെ സൂക്ഷിച്ച് വയ്ക്കുകയായിരുന്നു. ചെയിന്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ജീജ, ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരികളായ ഷിജാ അനില്‍, ശ്വേതാ രാധാകൃഷ്ണന്‍, ലീലാ ജോജി എന്നിവര്‍ക്ക് ഓണക്കോടി വാങ്ങി നല്‍കി.
#lostandfound #gold #beautyparlor #kerala #india #goodnews #reward #inspiration