

● ഔദ്യോഗിക റിപ്പോർട്ട് ചുഴലിക്കാറ്റാണ് കാരണമെന്ന് പറയുന്നു.
● റെയിൽവേയുടെ അനാസ്ഥയാണ് കാരണമെന്ന് നാട്ടുകാർ സംശയിക്കുന്നു.
● അന്വേഷണ റിപ്പോർട്ട് ഇന്നും പരസ്യമാക്കിയിട്ടില്ല.
● മരിച്ച പലർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
● മാപ്പിള ഖലാസികൾ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തി.
ഭാമനാവത്ത്
(KVARTHA) കേരളം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തം നടന്നിട്ട് ഇന്ന് (ജൂലൈ 08) 37 വർഷം തികയുന്നു. 1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് പാളം തെറ്റി അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞുണ്ടായ ആ വൻ ദുരന്തത്തെയാണ് പെരുമൺ ദുരന്തം എന്ന് വിശേഷിപ്പിക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമായ ഇതിൽ 105 പേർ മരണപ്പെടുകയും 200-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എൻജിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം ബോഗികൾ അഷ്ടമുടിക്കായലിലേക്ക് പതിക്കുകയായിരുന്നു.
അപകടം നടന്നത് ചുഴലിക്കാറ്റ് മൂലമാണെന്നാണ് റെയിൽവേയുടെ ഔദ്യോഗിക അന്വേഷണസംഘം സ്ഥിരീകരിച്ചത്. എന്നാൽ, യഥാർത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതമായി തുടരുന്നു. ട്രെയിൻ അമിതവേഗതയിൽ വന്നുവെന്നോ അവിദഗ്ധമായി ബ്രേക്ക് ചെയ്തതോ ആവാം അപകടകാരണമെന്ന് റെയിൽവേ അധികൃതർ ഒഴികെയുള്ളവർ വിശ്വസിക്കുന്നു.
ദുരന്ത ദിനത്തിൽ കോരിച്ചൊരിയുന്ന മഴയിൽ പതിവിലും നേരത്തെയാണ് ഐലൻഡ് എക്സ്പ്രസ് എത്തിച്ചേർന്നത്. പാലത്തിന് സമീപം വളവുകളിൽ ട്രെയിൻ അതിവേഗതയിൽ സഞ്ചരിക്കുമ്പോൾ പാളം തെറ്റാതിരിക്കാൻ നിരവധി അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരുന്ന സമയമായിരുന്നു അത്.
ജാക്കി വെച്ച് പാളം ഉയർത്തിയ ശേഷം മെറ്റൽ ഇടുകയായിരുന്നു ചെയ്തിരുന്നത്. ഈ സമയത്ത് ട്രെയിനുകൾ വന്നാൽ ജീവനക്കാരൻ കൊടുക്കുന്ന സിഗ്നൽ അനുസരിച്ച് ട്രെയിനിന്റെ വേഗത 10 കിലോമീറ്ററിൽ താഴെയായി കുറയ്ക്കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്.
എന്നാൽ, അപകടസമയത്ത് ജോലി ചെയ്തിരുന്ന ജീവനക്കാർ അവിടെ ഇല്ലാതിരിക്കുകയും ട്രെയിൻ നേരത്തെ എത്തുകയും ചെയ്തതിനാൽ കൃത്യസമയത്ത് സിഗ്നൽ കൊടുക്കാൻ സാധിച്ചില്ലെന്നും, 10 കിലോമീറ്ററിന് പകരം ട്രെയിൻ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയും പാളം തെറ്റുന്ന അവസ്ഥ സംജാതമായപ്പോൾ അടിയന്തരമായി ബ്രേക്ക് ചെയ്തത് കുറ്റകരമായ അനാസ്ഥയാണെന്നും സാധാരണക്കാർ സംശയിക്കുന്നു.
റെയിൽവേ അധികൃതർ അനാസ്ഥയ്ക്ക് പഴി കേൾക്കാതിരിക്കാൻ തട്ടിക്കൂട്ടിയ അന്വേഷണത്തിന്റെ ഭാഗമാണ് ‘ടൊർണാഡോ’ വാദമെന്നും ജനങ്ങൾ വിശ്വസിക്കുന്നു. മാത്രമല്ല, ദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ട് പാർലമെന്റിൽ ചർച്ച ചെയ്താൽ ഗുരുതരമായ അപാകതകൾ ചോദ്യം ചെയ്യപ്പെടുമെന്നതിനാൽ ഇത് പാർലമെന്റിൽ ചർച്ച ചെയ്യുക പോലും ഉണ്ടായില്ല എന്നത് റെയിൽവേയ്ക്ക് തങ്ങളുടെ അലംഭാവം മൂടിവെക്കാൻ സഹായിച്ചു എന്ന കാര്യവും സത്യമാണ്.
ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സാർവത്രികമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആ പരാതികൾ ബധിര കർണ്ണങ്ങളിലാണ് പതിച്ചത്. മരണപ്പെട്ട 105 പേരിൽ മുപ്പതിനടുത്ത് പേരുടെ യഥാർത്ഥ അനന്തരാവകാശികളെ കണ്ടെത്താൻ സാധിക്കാത്തതിനാൽ നഷ്ടപരിഹാരവും റെയിൽവേ നൽകിയിട്ടില്ലെന്ന് പറയുന്നു.
മാപ്പിള ഖലാസികളും നാട്ടുകാരും സന്നദ്ധ സംഘടനകളും ജീവൻ പണയം വെച്ച് നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. മനുഷ്യസാധ്യമല്ലാത്തതിനാൽ അഞ്ച് ദിവസം കഴിഞ്ഞിട്ടും വെള്ളത്തിൽ ആണ്ടുനിന്ന പല ബോഗികളിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല എന്നത്, ദുരന്തത്തിന്റെ വ്യാപ്തി 105 മരണം എന്ന ഔദ്യോഗിക കണക്കിൽ നിന്നും എത്രയോ മേലെയാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
ദുരന്തം നടന്ന സ്ഥലത്ത് റെയിൽവേ ഒരു സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്കും നേരനുഭവസ്ഥരായ നാട്ടുകാർക്കും ദുരന്തം കൺമുന്നിൽ നിന്ന് ഒരിക്കലും മായുന്നില്ലെങ്കിലും, റെയിൽവേയെ സംബന്ധിച്ചിടത്തോളം നിരവധി അപകടങ്ങളിലൊന്നെന്ന നിലയിൽ അവർ പൂർണ്ണമായും വിസ്മരിച്ചുകഴിഞ്ഞു.
റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അന്തിമ റിപ്പോർട്ട് റെയിൽവേ ഇനിയും പരസ്യപ്പെടുത്താത്തതിനാൽ, അന്തിമ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയും അതിന്മേലുള്ള അപ്പീലും 'റിപ്പോർട്ട് രഹസ്യമാണെ'ന്ന റെയിൽവേയുടെ വാദം അംഗീകരിച്ച് കമ്മീഷണർ തള്ളിയതിനാൽ, പെരുമൺ ദുരന്തത്തിന്റെ യഥാർത്ഥ കാരണം എന്തെന്നത് ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
പെരുമൺ ദുരന്തത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: 37 years since Perumon train disaster, truth still unknown.
#PerumonDisaster #KeralaTrainAccident #Perumon #TrainAccident #KeralaHistory #JusticeForPerumon