Man Found Dead | 'ഭാര്യയുടെ പരാതിയില്‍ കസ്റ്റഡിയിലെടുക്കാന്‍ കാത്തുനില്‍ക്കെ തെറ്റിദ്ധരിപ്പിച്ച് വീട്ടിനകത്ത് കയറി വാതിലടച്ച യുവാവ് തൂങ്ങി മരിച്ചു'; പൊലീസ് പീഡനം ഭയന്ന് ആത്മഹത്യ ചെയ്തതെന്ന് ആരോപണം
Jun 24, 2022, 07:56 IST
കൊല്ലം: (www.kvartha.com) ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കാനെത്തിയ ആളെ തൊട്ടു പിന്നാലെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. പനവേലി മടത്തിയറ ആദിത്യയില്‍ ശ്രീഹരി(45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പൊലീസ് പീഡനം ഭയന്ന് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ പൊലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.
സംഭവത്തെ കുറിച്ച് കൊട്ടാരക്കര പൊലീസ് പറയുന്നത് ഇങ്ങനെ: തെറ്റിദ്ധരിപ്പിച്ച് വീടിനുള്ളില്‍ കടന്നയാള്‍ തിരികെ വരുന്നതും കാത്ത് പുറത്തു നില്‍ക്കുമ്പോഴാണ് ജീവനൊടുക്കിയത്. പ്രവാസിയായിരുന്ന ശ്രീഹരി ക്രൂരമായി മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. രണ്ട് ദിവസമായി ശ്രീഹരിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ വീട് വളഞ്ഞ് ശ്രീഹരിയെ പിടികൂടി. തുടര്‍ന്ന് ജീപില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കവേ വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അനുവാദത്തോടെ ജീപില്‍ നിന്നു പുറത്തിറങ്ങിയ ശ്രീഹരി വീടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. കതകടച്ച് ഉള്ളിലേക്ക് പോയ ശ്രീഹരി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് വന്നില്ല. സംശയം തോന്നി നടത്തിയ തിരച്ചിലിന് ഒടുവിലാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പനവേലി ജംക്ഷന് സമീപം സ്റ്റേഷനറിക്കട നടത്തിവരികയായിരുന്ന ശ്രീഹരി കൊല്ലം കലക്ടറേറ്റിലെ താല്‍ക്കാലിക ജീവനക്കാരിയായ ഭാര്യ അസാലയെ ഉപദ്രവിക്കുമായിരുന്നെന്നാണ് പരാതി. പരാതി നല്‍കിയ ശേഷം മക്കളുമായി അസാല കഴിഞ്ഞ ദിവസം കുടുംബവീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്ന് വസ്ത്രങ്ങളും മറ്റു സാധനങ്ങളും എടുക്കുന്നതിന് സംരക്ഷണം തേടി ഭാര്യ സമീപിച്ചിരുന്നു. ശ്രീഹരിയുടെ ഭാര്യയ്ക്ക് ഒപ്പമാണ് വീട്ടിലെത്തിയതെന്നും ശ്രീഹരിയെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ശ്രീഹരിയുടെ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് അയച്ചു. മക്കള്‍: ആദിത്യ, കാര്‍ത്തിക്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.