KC Venugopal | നവജാതശിശുവിന്റെ മരണം: ആരോഗ്യമന്ത്രി അടിയന്തരമായി ആലപ്പുഴ മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കണമെന്ന് കെസി വേണുഗോപാല്‍ എംപി
 

 
Death of Newborn: KC Venugopal MP urges Health Minister to visit Alappuzha Medical College urgently, Alappuzha, News, KC Venugopal, Phone Call, Death of Newborn, Letter, Alappuzha Medical College, Kerala


കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴ വടക്ക് വൃക്ഷവിലാസം മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചത്


ആശുപത്രി അധികൃതരുടെ  അനാസ്ഥയാണെന്നാണ് ബന്ധുക്കളുടെ ആരോപണം

ആലപ്പുഴ:(KVARTHA) മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി എത്തിയ  നിരവധി രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നല്‍കി കെസി വേണുഗോപാല്‍ എംപി. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് കെസി വേണുഗോപാല്‍ മന്ത്രിയുമായി ഫോണില്‍ ആശയവിനിമയവും നടത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴ വടക്ക് വൃക്ഷവിലാസം മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചത്. ആശുപത്രി അധികൃതരുടെ  അനാസ്ഥയാണ് നവജാത ശിശുവിന്റെ  മരണകാരണമായി ബന്ധുക്കള്‍ ആരോപിക്കുന്നത്. ചികിത്സതേടി ആശുപത്രിയിലെത്തി രോഗി മരിക്കുന്നത് ഈ വര്‍ഷം മാത്രം ഇത്  മൂന്നാമത്തെ സംഭവമാണ്.

ഈ പശ്ചാത്തലത്തിലാണ് കെസി വേണുഗോപാല്‍ എംപിയുടെ ഇടപെടല്‍. ആശുപത്രി സന്ദര്‍ശിക്കാമെന്ന് ഫോണില്‍ ആശയവിനിമയം നടത്തിയ കെസി വേണുഗോപാലിന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കി. എത്രയും വേഗം അടിയന്തര നടപടി ഉണ്ടാകണമെന്നും എംപി ഫോണിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.


ആരോഗ്യമന്ത്രി അടിയന്തരമായി ആലപ്പുഴ മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് പരിഹാരനടപടികള്‍ സ്വീകരിക്കുകയും വേണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. സമാനമായ സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും ഒരു വിപുലമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കണമെന്നും കെസി വേണുഗോപാല്‍ ആരോഗ്യമന്ത്രിയോട് ഫോണിലൂടെ ആവശ്യപ്പെട്ടു.

ചികിത്സ തേടി എത്തുന്ന  രോഗികള്‍  ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മരിക്കുന്നത്  അതീവ ഗുരുതരമായ സാഹചര്യമാണ്. ഇത്തരം സംഭവങ്ങളില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഗുരുതരമായ അലംഭാവവും വീഴ്ചയും സര്‍ക്കാരിന്  ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ആശ്രയം നല്‍കേണ്ടതും ജീവന്‍ സംരക്ഷിക്കേണ്ടതുമായ ആശുപത്രികള്‍ ജീവനെടുക്കുന്ന കേന്ദ്രങ്ങളായി മാറുന്നുവെന്നത് ഏറെ നിര്‍ഭാഗ്യകരമാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

പാവപ്പെട്ട സാധാരണക്കാരാണ് ആലപ്പുഴ മെഡിക്കല്‍ കോളജിനെ ചികിത്സക്കായി ആശ്രയിക്കുന്നത്. അവര്‍ക്കാവശ്യമായ മതിയായ ചികിത്സ നല്‍കുന്നതില്‍ വീഴ്ച ഉണ്ടാകുന്നത് വളരെ ഗൗരവതരമാണെന്നും നിരന്തരമായി ഉണ്ടാകുന്ന ഇത്തരം  സംഭവങ്ങളെ ലാഘവത്തോടെ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia