മുത്തങ്ങ കേസ് വിധി നിരാശാജനകം; സർക്കാരിൽ നിന്ന് അവഗണനയെന്ന് കൊല്ലപ്പെട്ട പൊലീസുകാരൻ്റെ സഹോദരൻ
ADVERTISEMENT
● 23 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്
● മുൻ ഡിവൈഎസ്പിയായ കെ വി ബാബു ശ്രീകണ്ഠാപുരത്താണ് പ്രതികരണം നടത്തിയത്.
● 2003-ൽ വയനാട്ടിൽ നടന്ന സമരത്തിനിടെയാണ് കെ വി വിനോദ് കൊല്ലപ്പെട്ടത്.
● കണ്ണൂർ ശ്രീകണ്ഠാപുരം കൊയ്യം സ്വദേശിയാണ് കെ എ പി കോൺസ്റ്റബിളായ വിനോദ്.
● സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഇടപെട്ടാണ് പ്രായമായ മാതാപിതാക്കൾക്ക് കുടുംബ പെൻഷൻ ലഭ്യമാക്കിയത്.
കണ്ണൂർ: (KVARTHA) മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട കണ്ണൂര്‍ ശ്രീകണ്ഠാപുരം കൊയ്യം സ്വദേശിയായ കെ എ പി പൊലീസ് കോൺസ്‌റ്റബിൾ കെ വി വിനോദിൻ്റെ കേസിലെ വിധി തികച്ചും നിരാശാജനകമെന്ന് സഹോദരനും മുൻ ഡിവൈഎസ്പിയുമായ കെ വി ബാബു പ്രതികരിച്ചു. മരവിച്ച മനസ്സുമായാണ് കോടതിയുടെ ഈ വിധി പ്രസ്താവന കേട്ടതെന്നും, ഇത്തരമൊരു വിധി വരാന്‍ നീണ്ട 23 വര്‍ഷം കാത്തിരിക്കേണ്ടി വന്നത് കടുത്ത നിരാശയുണ്ടാക്കുന്നതാണെന്നും കെ വി ബാബു ശ്രീകണ്ഠാപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 2003-ൽ വയനാട്ടിലെ മുത്തങ്ങയിൽ നടന്ന ആദിവാസി സമരവുമായി ബന്ധപ്പെട്ട വലിയ സംഘർഷത്തിലാണ് വിനോദ് ഡ്യൂട്ടിയ്ക്കിടെ കൊല്ലപ്പെട്ടത്.
കുടുംബത്തിന് കടുത്ത അവഗണന
23 വര്‍ഷത്തിന് ശേഷമാണ് കേസിൽ ഇപ്പോൾ വിധി വരുന്നത്. പൊലീസ് വകുപ്പിൻ്റെ ഭാഗമായി വളരെ ആത്മാർഥമായി പ്രവര്‍ത്തിച്ചയാളാണ് താനെന്നും എന്നിട്ടും തങ്ങൾക്ക് ലഭിച്ച പരിഗണന ഇങ്ങനെയാണെങ്കില്‍ നീതിന്യായ വ്യവസ്ഥയില്‍ സാധാരണ ജനങ്ങളുടെ ചിന്ത എന്തായിരിക്കും എന്നും ബാബു ചോദിക്കുന്നു. ആദ്യകാലം മുതല്‍ തങ്ങളുടെ കുടുംബം ഒരുപാട് പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും അഭിമുഖീകരിച്ചു. സർക്കാരിൻ്റെ ഭാഗത്തുനിന്നും യാതൊരു പിന്തുണയും അന്ന് ലഭിച്ചില്ല.
സർവീസിൽ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ കുടുംബത്തിന് ലഭിക്കേണ്ട യാതൊരു ആനുകൂല്യങ്ങളും തങ്ങൾക്ക് യഥാസമയം ലഭിച്ചില്ല. പ്രായമായ മാതാപിതാക്കള്‍ക്ക് ലഭിക്കേണ്ട കുടുംബ പെന്‍ഷന്‍ പോലും സാങ്കേതിക കാര്യം പറഞ്ഞ് അധികൃതർ നിഷേധിക്കുകയായിരുന്നു. ഒടുവിൽ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ നേരിട്ട് ഇടപെട്ടാണ് ഈ പ്രശ്‌നം പരിഹരിച്ചത്. ആശ്രിതനിയമനം നൽകിയിട്ടില്ല, ആ ആനുകൂല്യവും ലഭിച്ചിട്ടില്ല. താനും സഹോദരിയും സർക്കാർ ജീവനക്കാരനായതിനാൽ ആനുകൂല്യം നൽകാനാവില്ലെന്നാണ് അന്ന് അധികൃതർ പറഞ്ഞതെന്നും കെ വി ബാബു പറഞ്ഞു.
സമൂഹത്തിന് വേണ്ടിയുള്ള ആത്മാഹുതി
കേസ് നടത്തിപ്പില്‍ കുടുംബത്തിന് ഒട്ടും തൃപ്തിയില്ലെന്നും നീതി കിട്ടേണ്ടത് സമൂഹത്തിൻ്റെ ആവശ്യമാണെന്നും മുൻ പൊലിസ് ഉദ്യോഗസ്ഥനായ കെ വി ബാബു പറഞ്ഞു. കേസിൻ്റെ നടത്തിപ്പിൽ തുടക്കം മുതൽ കുടുംബം തൃപ്തരല്ല. വിനോദിൻ്റേത് സമൂഹത്തിന് വേണ്ടിയുള്ള വലിയൊരു ആത്മാഹൂതിയാണ്. 23 വർഷമായി പ്രായമായ അമ്മ തൻ്റെ മകന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ വിധിയും കാത്തിരിക്കുന്നുണ്ട്. അവരോട് ഇപ്പോൾ എന്ത് പറയുമെന്ന് തനിക്കറിയില്ലെന്നും കെ വി ബാബു കൂട്ടിച്ചേർത്തു.
മുത്തങ്ങ കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Brother of slain cop KV Vinod calls Muthanga case verdict disappointing.
#MuthangaCase #KeralaPolice #KannurNews #KVVinod #KeralaNews #JusticeDelayed
