ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മേലേചൊവ്വയിൽ പുതിയ മേൽപ്പാലം; നിർമാണം പുരോഗമിക്കുന്നു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഹൈമാസ്റ്റ് ലൈറ്റുകൾ മാറ്റുന്നതോടെ അടുത്ത ഘട്ടം തുടങ്ങും.
● പാലത്തിന് ആകെ 424.60 മീറ്റർ നീളമുണ്ട്.
● രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
● പദ്ധതിയുടെ ആകെ ചെലവ് 44.17 കോടി രൂപയാണ്.
● നാല് തൂണുകളും രണ്ട് ആബ്‌മെന്റുകളുമുണ്ട്.
കണ്ണൂർ: (KVARTHA) നഗരത്തിലേക്കും തിരിച്ചുമുള്ള യാത്രകളിലെ ഗതാഗതക്കുരുക്കഴിക്കാൻ മേലേചൊവ്വ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ടെസ്റ്റ് പൈലിങ് പൂർത്തിയായി.
നിർദിഷ്ട പാതയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മാറ്റുന്നതോടെ നിർമാണ പ്രവൃത്തിയുടെ അടുത്തഘട്ടം തുടങ്ങും. ചൊവ്വ ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിൽ നിന്ന് തുടങ്ങി ചൊവ്വ ശിവക്ഷേത്രത്തിന്റെ മുൻഭാഗത്തുള്ള കിഴക്കെനട റോഡ് വരെയാണ് മേൽപ്പാലം നിർമിക്കുന്നത്.

കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ അലൈൻമെന്റ് കൂടി പരിഗണിച്ച് നിർമിക്കുന്ന ഈ ഫ്‌ലൈ ഓവറിന് 424.60 മീറ്ററാണ് ആകെ നീളം. കണ്ണൂർ ഭാഗത്ത് 126.57 മീറ്ററും തലശ്ശേരി ഭാഗത്ത് 97.50 മീറ്ററും അപ്രോച്ച് റോഡുകളാണ് നിർമിക്കുക. മധ്യഭാഗത്ത് 200.53 മീറ്റർ നീളമുള്ള പാലമാണ്.
ഫ്‌ലൈ ഓവറിന് ആകെ ഒൻപത് മീറ്റർ വീതിയുണ്ട്. ഇതിൽ ഏഴ് മീറ്ററാണ് വാഹന ഗതാഗതത്തിനായി ഉപയോഗിക്കുന്നത്. ഇരുവശത്തും 0.50 മീറ്റർ വീതിയിൽ ഷൈ ഓഫ്, 0.05 മീറ്റർ വീതിയിൽ ക്രാഷ് ബാരിയറുകൾ എന്നിവയും ഉണ്ടാകും.
ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ ഓവുചാൽ ഉൾപ്പെടെയുള്ള നടപ്പാതകളോടുകൂടിയ ഏഴ് മീറ്റർ വീതിയുള്ള സർവീസ് റോഡുകളും നിർമിക്കും. സർവീസ് റോഡ് ഉൾപ്പെടെ 24 മീറ്ററാണ് ഫ്‌ലൈ ഓവറിന്റെ ആകെ വീതി.
നാല് തൂണുകളും രണ്ട് ആബ്‌മെന്റുകളും മധ്യഭാഗത്ത് 35 മീറ്റർ നീളമുള്ള ബൗസ്ട്രിങ് സ്പാനുമാണ് പാലത്തിന്റെ നിർമാണ ഡിസൈൻ. 24.54 കോടി രൂപയ്ക്കാണ് ഫ്‌ലൈ ഓവർ നിർമിക്കുന്നത്. കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ യുഎൽസിസിക്കാണ് ഫ്‌ലൈ ഓവർ നിർമാണച്ചുമതല.
ഫ്‌ലൈ ഓവർ നിർമാണത്തിനായി 57.45 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്. ഇതിനായി 15.43 കോടി രൂപ ചെലവാക്കി. സർവീസ് റോഡിനായി 0.1615 ഹെക്ടർ സ്വകാര്യഭൂമി ഉൾപ്പെടെ 0.4872 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനായി അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായി.
രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആകെ ചെലവ് 44.17 കോടി രൂപയാണ്. 2023 ഒക്ടോബറിലാണ് കിഫ്ബി പുതിയ മേൽപ്പാലത്തിന് സാമ്പത്തികാനുമതി നൽകിയത്. തുടർന്ന് 31.98 കോടി രൂപയുടെ സാങ്കേതികാനുമതിയും നൽകി. ഫ്‌ലൈ ഓവർ പൂർത്തിയാകുന്നതോടെ കണ്ണൂർ-തലശ്ശേരി ദേശീയപാത, മട്ടന്നൂർ-ഇരിട്ടി സംസ്ഥാന പാത എന്നിവയിലൂടെയുള്ള ഗതാഗതം സുഗമമാകും.
കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന ഈ പദ്ധതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: Construction of Mele Chovva flyover in Kannur progresses.
#Kannur #Flyover #MeleChovva #KeralaInfrastructure #TrafficSolution #Development