ഓസ്ട്രേലിയയിലെ മെൽബണിൽ തുറന്ന വേദിയിൽ മുത്തപ്പൻ ദൈവത്തെ വികലമായി കെട്ടിയാടിയത് കടുത്ത ആചാരലംഘനമാണെന്ന് മണ്ണാൻ, വണ്ണാൻ സമുദായ സംഘം ഭാരവാഹികൾ
ADVERTISEMENT
● ജൂലൈ 11-ന് നടന്ന 'ദക്ഷകം 2026' പരിപാടിയിലാണ് തെയ്യം അവതരിപ്പിച്ചത്
● ആചാരാനുഷ്ഠാനങ്ങളില്ലാതെയാണ് തുറന്ന വേദിയിൽ മുത്തപ്പനെ അവതരിപ്പിച്ചതെന്ന് ആരോപണം
● സാമ്പത്തിക ലാഭത്തിനായി തെയ്യത്തെ തെരുവിലിറക്കുന്നത് ആചാരലംഘനമാണെന്ന് ഭാരവാഹികൾ
● ആചാരപരമായ കീഴ്‌വഴക്കം ലംഘിച്ച് ഇതര സമുദായക്കാരാണ് മുത്തപ്പനെ കെട്ടിയാടിയത്
കണ്ണൂർ: (KVARTHA) ഓസ്ട്രേലിയയിലെ മെൽബണിൽ മുത്തപ്പൻ ദൈവത്തെ വികലമായി കെട്ടിയാടിയത് കടുത്ത ആചാരലംഘനവും വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് മണ്ണാൻ, വണ്ണാൻ സമുദായ സംഘം ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ജൂലൈ 11-ന് മെൽബണിൽ വിപഞ്ഞിക ഗ്രന്ഥശാലയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് ബോക്സ് ഹിൽ ടൗൺ ഹാളിൽ നടന്ന 'ദക്ഷകം 2026' എന്ന പരിപാടിയിലാണ് മുത്തപ്പനെ വികലമായി അവതരിപ്പിച്ചതെന്ന് ഇവർ പറയുന്നു.
വേദിയിൽ അവതരിപ്പിച്ചത് ആചാരങ്ങളില്ലാതെ
പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് മുത്തപ്പനെ കെട്ടിയാടുന്ന കോലധികാരികളുടെയും വിശ്വാസികളുടെയും മനസ്സിന് മുറിവേൽപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പ്രശസ്ത നാടകകലാകാരനും മുൻഷിയിലെ മുഖ്യകഥാപാത്രവുമായ ബിജു ഇരിണാവും ആചാരപ്പെട്ട തെയ്യക്കോലധാരിയുമായ ഹരിപ്പണിക്കരും ചേർന്നാണ് മുത്തപ്പൻ ദൈവക്കോലത്തെ യാതൊരു ആചാരാനുഷ്ഠാനങ്ങളും പാലിക്കാതെ തുറന്ന വേദിയിൽ അവതരിപ്പിച്ചത്.
മണ്ണാൻ, വണ്ണാൻ സമുദായക്കാരാണ് മുത്തപ്പനെ സാധാരണയായി കീഴ്‌വഴക്കപ്രകാരം കെട്ടിയാടാറുള്ളത്. ഇതരസമുദായക്കാർക്ക് ഇതിനുള്ള അവകാശമില്ല. മലയ സമുദായക്കാർ കെട്ടിയാടുന്ന തെയ്യങ്ങൾ മറ്റുള്ളവരും കെട്ടിയാടാറില്ല. ആചാരപരമായ കീഴ്‌വഴക്കം ലംഘിച്ചുകൊണ്ടാണ് മെൽബണിൽ മുത്തപ്പനെ കെട്ടിയാടിയത്. ഇതിനായി ഇവർ ആരിലും നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
സാമ്പത്തിക ലാഭത്തിന് തെയ്യത്തെ ഉപയോഗിക്കുന്നു
മുത്തപ്പൻ ഉൾപ്പെടെയുള്ള തെയ്യക്കോലങ്ങൾക്ക് കാവുകളുടെയും മടപ്പുരകളുടെയും വിശുദ്ധമായ അന്തരീക്ഷം വേണം. തെയ്യത്തിന് ഉറയലും ഉരിയാടലുമാണ് പരമപ്രാധാന്യം. അനുഷ്ഠാന പശ്ചാത്തലത്തിലാണ് ഇത് സംഭവിക്കുന്നത്.
സാമ്പത്തിക ലാഭത്തിനായി തെയ്യത്തെ തെരുവിലിറക്കുമ്പോൾ അത് ജീവനില്ലാത്ത ഒരു പ്രദർശനമായി മാറുകയാണെന്ന് മണ്ണാൻ, വണ്ണാൻ സമുദായ സംഘം ഭാരവാഹികൾ കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ സി വി ഉണ്ണികൃഷ്ണൻ പെരുവണ്ണാൻ, മനോജ് പെരുവണ്ണാൻ, ശശി പെരുവണ്ണാൻ എന്നിവർ പങ്കെടുത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Mannan and Vannan communities protest Melbourne Theyyam performance.
#MuthappanTheyyam #Melbourne #RitualViolation #KannurNews #KeralaCulture #Theyyam #KeralaNews #AmmuNews
