മയ്യിലിന്റെ അഭിമാനം: വൈദ്യപൂർണ്ണിമയായി ഡോ ഇടൂഴി ഭവദാസൻ നമ്പൂതിരിക്ക് ആദരം ഓഗസ്റ്റ് മൂന്നിന്


● ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി റൺ ഫോർ ഹെൽത്ത്.
● ആദര സമ്മേളനം ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും.
● ഡോ. ഭവദാസൻ നമ്പൂതിരിയുടെ ജീവചരിത്ര പ്രകാശനം നടക്കും.
● ആയുർവേദ ഗുരു സംഗമം ഡോ. പി.എം. വാര്യർ ഉദ്ഘാടനം ചെയ്യും.
● ഒരു മാസം നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും.
കണ്ണൂർ: (KVARTHA) ആരോഗ്യ രംഗത്ത് ആയുർവേദത്തിലൂടെ നിസ്തുല സംഭാവനകൾ നൽകി ആറ് പതിറ്റാണ്ടുകാലം മയ്യിൽ പ്രദേശത്ത് ആതുര സേവനം നടത്തിയ ഇടൂഴി വൈദ്യർ ഡോ. ഐ. ഭവദാസൻ നമ്പൂതിരിയുടെ ശതാഭിഷേകവും മയ്യിൽ പൗരാവലിയുടെ ആദര സമർപ്പണവും ‘വൈദ്യപൂർണ്ണിമ’ എന്ന പേരിൽ ഓഗസ്റ്റ് മൂന്നിന് മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ എട്ടുമണി മുതൽ നടക്കുന്ന പരിപാടിയിൽ റൺ ഫോർ ഹെൽത്ത്, ജീവചരിത്ര പ്രകാശനം, ആയുർവേദ ഗുരു സംഗമം, ആയുർവേദ സെമിനാർ, സുഹൃദ് സംഗമം, സാംസ്കാരിക സായാഹ്നം, കലാസന്ധ്യ എന്നിവ നടക്കും.
ആയുർവേദ മേഖലയിലെ ഭാരതത്തിലെ പരമോന്നത പുരസ്കാരമായ ധന്വന്തരി അവാർഡ്, നാഷനൽ ആയുർവേദ ഫെലോഷിപ്പ്, നാഷനൽ ആയുർവേദ അക്കാദമിയുടെ ആയുർവേദ ഗുരു പദവി, കേരള സർക്കാരിന്റെ മികച്ച ആയുർവേദ ഡോക്ടർക്കുള്ള വാഗ്ഭട പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നൽകി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആദരിച്ച ഡോ. ഇടൂഴി ഭവദാസൻ നമ്പൂതിരിയുടെ ശതാഭിഷേകമാണ് ‘വൈദ്യപൂർണ്ണിമ’ എന്ന പേരിൽ നടക്കുന്നത്.
ഓഗസ്റ്റ് മൂന്നിന് രാവിലെ എട്ടിന് ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന റൺ ഫോർ ഹെൽത്ത് റോഡ് ഷോയിൽ അത്‌ലറ്റുകൾ, എൻ.സി.സി, എസ്.പി.സി കേഡറ്റുകൾ എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന ആദര സമ്മേളനം കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ഭവദാസൻ നമ്പൂതിരിയുടെ ജീവചരിത്ര പ്രകാശനവും നടക്കും. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, ചിത്രകാരൻ കെ.കെ. മാരാർ എന്നിവർ വിശിഷ്ടാതിഥികളാകും.
ആയുർവേദ ഗുരു സംഗമം കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ആയുർവേദത്തിന്റെ ജനകീയതയും ശാസ്ത്രീയതയും എന്ന വിഷയത്തിൽ ആരോഗ്യ സെമിനാർ നടക്കും. എം.വി. ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ കേരള ഹെൽത്ത് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തും. ഡോ. കെ. മുരളീധരൻ, അഷ്ടവൈദ്യൻ ഡോ. ആലത്തൂർ നാരായണൻ നമ്പി, ഡോ. സജികുമാർ, പ്രൊഫ. ഇ. കുഞ്ഞിരാമൻ എന്നിവർ പങ്കെടുക്കും.
തുടർന്ന് നടക്കുന്ന സുഹൃദ് സംഗമത്തിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളാവും. മുൻ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി അധ്യക്ഷയാകും. വിവിധ പാർട്ടി നേതാക്കളായ പി.സി. ചാക്കോ, എം.വി. ജയരാജൻ, അബ്ദുൽ കരീം ചേലേരി, കാസിം ഇരിക്കൂർ, കെ.എൻ. ജയരാജ് എന്നിവർ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന സാംസ്കാരിക സായാഹ്നം കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഇടയാർ ബ്രദേഴ്സിന്റെ സംഗീത കച്ചേരിയോടെ പരിപാടി സമാപിക്കും.
ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഇദം ഹോം കെയർ, അന്നജം പദ്ധതികളുടെ സമർപ്പണവും വേദിയിൽ നടക്കും. വൈദ്യപൂർണ്ണിമയുടെ ഭാഗമായി ഒരു മാസം നീളുന്ന വിവിധ പരിപാടികളാണ് നടക്കുന്നത്.
ജൂലൈ 31ന് ഇടൂഴി നഴ്സിങ് ഹോമിൽ പുസ്തകോത്സവവും അപൂർവ നാണയശേഖരങ്ങളടങ്ങിയ എക്സിബിഷനും തുടങ്ങും. ഇതേ ദിവസം വൈകിട്ട് മൂന്നിന് സാംസ്കാരിക സദസ്സ് നടക്കും. കവി മധുസൂദനൻ നായർ, സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുക്കും. ഓഗസ്റ്റ് ഒന്നിന് കവിയരങ്ങും അക്ഷരശ്ലോക സദസ്സും നടക്കും. തുടർന്ന് എ.കെ. രാമചന്ദ്രൻ കുട്ട്യാട്ടൂർ നയിക്കുന്ന ഗസൽ സായാഹ്നം അരങ്ങേറും.
ഓഗസ്റ്റ് രണ്ടിന് രാവിലെ 10ന് കഥാകൃത്ത് ടി.പി. വേണുഗോപാലനുമായി കുട്ടികൾ മുഖാമുഖം നടത്തും. തുടർന്ന് ഇടൂഴി വൈദ്യർ ഡോ. ഐ. ഭവദാസൻ നമ്പൂതിരി കുട്ടികളുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ടിന് മാധ്യമ ക്വിസും നടക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.എച്ച്. സുബ്രഹ്മണ്യൻ, ജനറൽ കൺവീനർ പി.കെ. വിജയൻ, രാധാകൃഷ്ണൻ മാണിക്കോത്ത്, ഡോ. ഐ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോ. രാജഗോപാലൻ എന്നിവർ പങ്കെടുത്തു.
ഡോ. ഭവദാസൻ നമ്പൂതിരിയെ പോലുള്ള വ്യക്തികളെ ആദരിക്കുന്നത് സമൂഹത്തിന് എത്രത്തോളം പ്രചോദനമാകും? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Dr. I. Bhavadasan Namboodiri to be honored at 'Vaidyapoornima'.
#Ayurveda #Vaidyapoornima #Mayyil #DrBhavadasanNamboodiri #AyurvedaGuru #Health