ജനസാഗരമായി കൊട്ടിയൂർ: അഷ്ടമി ആരാധനയും ഇളനീരാട്ടവും പൂർത്തിയായി


● വ്രതക്കാർ സമർപ്പിച്ച ഇളനീർ അഭിഷേകം ചെയ്തു.
● കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിലുള്ള സംഘം ചടങ്ങുകൾക്ക്.
● ഇളനീരാട്ടത്തിന് മുമ്പ് മുത്തപ്പൻ വരവ് ചടങ്ങ്.
● മുത്തപ്പൻ വരവിന് പിന്നാലെ കൂലോം കയ്യാല ആക്രമണം.
● രേവതി ആരാധന ജൂൺ 20-ന് നടക്കും.
കണ്ണൂർ: (KVARTHA) ജനസാഗരത്തെ സാക്ഷിയാക്കി കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരി ഭക്തിസാന്ദ്രമായി. വ്യാഴാഴ്ചയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളാൽ കൊട്ടിയൂർ നിറഞ്ഞിരുന്നു.
മഹോത്സവത്തിലെ പ്രധാന ആരാധനകളിൽ രണ്ടാമത്തേതായ അഷ്ടമി ആരാധനയും പ്രധാന ചടങ്ങായ ഇളനീരാട്ടവുമാണ് ബുധനാഴ്ച നടന്നത്. ഉച്ച ശീവേലിക്കുശേഷം ഭണ്ഡാര അറയുടെ മുന്നിലാണ് അഷ്ടമിപ്പാട്ട് എന്നറിയപ്പെടുന്ന അഷ്ടമി ആരാധന നടന്നത്.
സ്ഥാനികനായ പന്തീരടി കാമ്പ്രമാണ് അഷ്ടമി ആരാധന നടത്തിയത്. തെയ്യംപാടിയുടെ വീണാ വാദനത്തോടൊപ്പം നടന്ന പൂജയിൽ പ്രധാന സ്ഥാനികരും ഊരാളന്മാരും മാത്രമാണ് സാധാരണയായി പങ്കെടുക്കാറ്.
ചൊവ്വാഴ്ച രാത്രി ഇളനീരാട്ടത്തിനായി വ്രതക്കാർ ആചാരപൂർവം എത്തിച്ച് തിരുവഞ്ചിറയിൽ സമർപ്പിച്ച ഇളനീർ കാവുകൾ ബുധനാഴ്ച രാവിലെ ഉഷഃപൂജക്ക് ശേഷം കൈക്കോളന്മാർ ചെത്തി ഒരുക്കി അഭിഷേകത്തിനായി മണിത്തറയിൽ എത്തിച്ചു.
കാങ്കോൽ ഗ്രാമത്തിലെ തെക്കേടത്ത് തറവാട്ടിലെ മൂത്തപൊതുവാൾ ആണ് കോവിലകം കയ്യാലയിലെ അധിപനായ കാര്യത്ത് കൈക്കോളൻ. കാര്യത്ത് കൈക്കൊളന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് ഇളനീരുകൾ മുഴുവൻ ചെത്തി ഒരുക്കി മണിത്തറയിലേക്ക് മാറ്റുന്നത്.
തിരുവഞ്ചിറയുടെ പരിപാലനം, നിവേദ്യ സാധനങ്ങൾ എത്തിച്ചു നൽകൽ തുടങ്ങിയ നിരവധി കാര്യങ്ങളും നിർവഹിക്കേണ്ടത് കാര്യത്ത് കൈക്കൊളന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
രാത്രിയിൽ ഇളനീരാട്ടം നടക്കുന്നതിന് തൊട്ടുമുമ്പായി മുത്തപ്പൻ വരവ് എന്ന ചടങ്ങ് നടന്നു. പുറംകലയൻ സ്ഥാനികൻ മുഖത്തെഴുത്ത് നടത്തി ശരീരം മുഴുവൻ ചായം പൂശി കൊട്ടേരിക്കാവിൽ നിന്നും കുറിച്യ പടയാളികളുമായി എത്തി തിരുവഞ്ചിറയിൽ പ്രവേശിച്ച് മണിത്തറക്കടുത്ത മുഖമണ്ഡപത്തിലെത്തി ചപ്പാരം വാളുകളെ വണങ്ങി അരിയും കളഭവും പ്രസാദവുമായി മടങ്ങുന്ന ചടങ്ങാണിത്. ഇതേ സമയത്തുതന്നെ കുറിച്യപ്പടയാളികൾ കൂലോം കയ്യാല ആക്രമിക്കുക എന്ന ചടങ്ങുമുണ്ട്.
മുത്തപ്പൻ വരവിന് ശേഷമാണ് ഇളനീരാട്ടം നടന്നത്. കാര്യത്ത് കൈക്കോളൻ ചെത്തി ഒരുക്കിയ ഇളനീരുകൾ സമുദായി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ ഉഷ്ണക്കാമ്പ്രം നമ്പൂതിരിയാണ് സ്വയംഭൂവിൽ അഭിഷേകം ചെയ്തത്. വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ജൂൺ 20 വെള്ളിയാഴ്ച നടക്കും.
കൊട്ടിയൂർ വൈശാഖ മഹോത്സവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക,
Article Summary (English): Kottiyoor Vaishakha Mahotsavam concludes Ashtami Aradhana and Ilamneerattam amidst large devotee turnout.
#Kottiyoor, #VaisakhaMahotsavam, #Ilamneerattam, #AshtamiAradhana, #KeralaTemples, #Kannur