'കണ്ണൂർ വിമാനത്താവള വികസനം അട്ടിമറിക്കുന്നത് കൊച്ചിൻ ലോബിക്ക് വേണ്ടി'; കിയാൽ എംഡിക്കെതിരെ രൂക്ഷവിമർശനവുമായി ഓഹരി ഉടമകൾ
ADVERTISEMENT
● എംഡി മാധ്യമങ്ങളിലൂടെ പി ആർ വർക്ക് മാത്രമാണ് നടത്തുന്നതെന്ന് അസോസിയേഷൻ ചെയർമാൻ ആരോപിച്ചു.
● വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കാത്തത് പ്രവാസികൾക്ക് തിരിച്ചടി.
● കിയാൽ വാർഷിക പൊതുയോഗം ഓൺലൈൻ ഒഴിവാക്കി ഓഫ്‌ലൈനായി നടത്തണമെന്ന് ആവശ്യം.
● കമ്പനി ആക്ട് പ്രകാരമുള്ള ഓഡിറ്റിങ് നടക്കുന്നില്ലെന്നും കേന്ദ്രത്തിന് പരാതി നൽകുമെന്നും മുന്നറിയിപ്പ്.
● കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിനായി മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.
കണ്ണൂർ: (KVARTHA) അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ വികസനം ആസൂത്രിതമായി അട്ടിമറിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ഷെയർ ഉടമകൾ രംഗത്ത്. കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കിയാൽ ഷെയർ ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യം വ്യക്തമാക്കിയത്. മാനേജിങ് ഡയറക്ടർ മാധ്യമങ്ങളിലൂടെ നടത്തുന്ന പി ആർ വർക്കല്ലാതെ മറ്റൊന്നും അവിടെ നടക്കുന്നില്ലെന്ന് വിമാനത്താവള കമ്പനി ഓഹരി ഉടമകൾ കുറ്റപ്പെടുത്തി.
ഉത്തര കേരളത്തിൻ്റെ വികസന സ്വപ്നത്തിൻ്റെ പ്രതീകമാണ് കണ്ണൂരിലെ അന്താരാഷ്ട്ര വിമാനത്താവളം. ആയിരക്കണക്കിന് പ്രവാസികളുടെയും പതിനായിരക്കണക്കിന് ചെറുകിട നിക്ഷേപകരുടെയും പൊതുജനങ്ങളുടെയും സാമ്പത്തിക പങ്കാളിത്തത്തോടെയാണ് ഈ വിമാനത്താവളം യാഥാർഥ്യമായത്. എന്നാൽ വിമാനത്താവളം പ്രവർത്തനങ്ങൾ ആരംഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും അതിൻ്റെ യഥാർഥ ശേഷി പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥ അതീവ ആശങ്കാജനകമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
കൊച്ചിൻ ലോബിയുടെ ഇടപെടലും വിമർശനവും
കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് പിടിച്ചടക്കാൻ കൊച്ചിയിൽ നിന്നുള്ള ലോബി ശക്തമാണെന്നും, അതുകൊണ്ടാണ് അനധികൃത നിയമനങ്ങളും മറ്റും നടക്കുന്നതെന്നും ചെയർമാൻ അബ്ദുൾ ഖാദർ പനക്കാട്ട് ആരോപിച്ചു. ഇതിനൊക്കെ കിയാൽ എംഡി കൂട്ടുനിൽക്കുകയാണ്. കിയാൽ മാനേജ്മെൻ്റ് സംവിധാനത്തിൻ്റെ അവസ്ഥ ചൂണ്ടിക്കാണിക്കുന്ന നിവേദനം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ് മന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കും കൃഷിവകുപ്പ് മന്ത്രിക്കും എംഎൽഎമാർക്കും അസോസിയേഷൻ ഭാരവാഹികൾ നേരിട്ട് കണ്ട് നൽകിയിട്ടുണ്ട്.
പരിചയക്കുറവും പ്രാപ്‌തിയില്ലാത്തയാളുമാണ് നിലവിലെ കിയാൽ എംഡിയെന്ന് അബ്ദുൾ ഖാദർ പനക്കാട്ട് വിമർശിച്ചു. പോയിൻ്റ് ഓഫ് കോൾ ലഭിക്കുമെന്ന് വൃഥാ പറയുകയാണ്. മാധ്യമങ്ങളിലൂടെയുള്ള പി ആർ വർക്കല്ലാതെ ഇവിടെ മറ്റൊന്നും നടക്കുന്നില്ല. വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെ സാഹചര്യങ്ങൾ പഠിക്കാൻ നഷ്ടത്തിലോടുന്ന കിയാലിൽ നിന്നും കോടികൾ ചെലവഴിക്കുകയാണ്. കാർഗോ കോംപ്ലക്‌സ് വഴിയുള്ള ചരക്ക് കയറ്റുമതി നടത്തുമെന്ന് പറഞ്ഞിട്ട് ഇതുവരെയൊന്നും നടന്നിട്ടില്ല. കാര്യങ്ങൾ നടത്താനുള്ള പ്രാപ്തിയോ കഴിവോ നിലവിലുള്ള എംഡിക്കില്ലെന്നും, കൊച്ചിയിൽ നിന്നുള്ള ലോബിയുടെ താൽപര്യങ്ങളാണ് എംഡി സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദേശ വിമാനങ്ങൾക്ക് അനുമതിയില്ല; പ്രവാസികൾക്ക് തിരിച്ചടി
വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിലേക്ക് നേരിട്ട് സർവീസുകൾ നടത്തുന്നതിനാവശ്യമായ അനുമതികളും നയപരമായ തീരുമാനങ്ങളും യാഥാർഥ്യമാകാത്തത് ഉത്തര കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയായി. ലക്ഷക്കണക്കിന് പ്രവാസികൾ താമസിക്കുന്ന ഉത്തര കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാരാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ കഴിയാത്തതിനാൽ മത്സരാധിഷ്ഠിതമായ വിമാന നിരക്കുകൾ ലഭിക്കുന്നില്ല. യാത്രക്കാർക്ക് കൂടുതൽ നിരക്കിൽ ടിക്കറ്റ് വാങ്ങേണ്ടി വരികയും പലപ്പോഴും മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരികയുമാണ്.
വിമാനത്താവളത്തിൻ്റെ സമ്പൂർണ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ കേന്ദ്രാനുമതികളും നയപരമായ ഇളവുകളും നേടുന്നതിനായി സജീവവും ഫലപ്രദവുമായ ഇടപെടലുകൾ ഉണ്ടാകണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ഉന്നതതല ചർച്ചകൾ നടത്തി കണ്ണൂരിൻ്റെ പ്രത്യേക സാഹചര്യങ്ങൾ വിശദീകരിക്കുകയും ആവശ്യമായ എല്ലാ അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ ശക്തമായ നയതന്ത്ര ഇടപെടൽ നടത്തുകയും വേണം. കണ്ണൂർ വിമാനത്താവളത്തെ അടിയന്തര പ്രാധാന്യമുള്ള പ്രത്യേക വിഷയമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ശക്തമായി ആവശ്യപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗം ഓഫ്‌ലൈനായി നടത്തണം
കിയാൽ വാർഷിക പൊതുയോഗം ഓൺലൈനായാണ് ചേരുന്നതെന്നും ഇത് അടിയന്തരമായി അവസാനിപ്പിച്ച് ഓഫ്‌ലൈനായി യോഗം ചേരണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. കമ്പനി ആക്ട് പ്രകാരമുള്ള ഓഡിറ്റിങ് നടക്കുന്നില്ലെന്നും ഈ കാര്യത്തിൽ കേന്ദ്ര സർക്കാരിന് പരാതി നൽകുമെന്നും അബ്ദുൾ ഖാദർ പനക്കാട്ട് പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ അബ്ദുൾ ഖാദർ പനക്കാട്ടിന് പുറമെ സെക്രട്ടറി സി പി സലീം, ട്രഷറർ കെ പി മോഹനൻ, എൻ ഷൈജു, കെ പി അബ്ദുൾ മജീദ് എന്നിവരും പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary:The KIAL Shareholders Association alleged that Kannur airport's development is being sabotaged for the Cochin lobby, demanding the Chief Minister's immediate intervention.
#KannurAirport #KIAL #ShareholdersAssociation #CochinLobby #KeralaNews #MalayalamNews #AnjanaNews
