മൺസൂൺ ബമ്പർ ഒന്നാം സ്ഥാനം അടിച്ചത് പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത കണ്ണൂർ സ്വദേശിക്ക്
ADVERTISEMENT
● എംസി 576896 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്
● തോട്ടടയിലെ കാവേരി സബ് ഏജൻസി സ്റ്റാളിൽ നിന്നാണ് ടിക്കറ്റ് എടുത്തത്
● നികുതികളെല്ലാം കിഴിച്ച് ആറ് കോടി 30 ലക്ഷം രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക
● ഇത്തവണ 40 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച് ലോട്ടറി വകുപ്പിന് റെക്കോർഡ് നേട്ടം
കണ്ണൂർ: (KVARTHA) സംസ്ഥാന സർക്കാർ ഭാഗ്യക്കുറി വകുപ്പിൻ്റെ മൺസൂൺ ബമ്പർ ഒന്നാം സ്ഥാനം അടിച്ചത് കണ്ണൂർ കോർപറേഷൻ പരിധിയിലെ തോട്ടട സ്വദേശിക്കെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ - തലശേരി ദേശീയപാതയിലെ തോട്ടട ടൗണിലെ ലോട്ടറി സ്റ്റാളിൽ നിന്നെടുത്ത എംസി 576896 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചത്.
എന്നാൽ പേര് വെളിപ്പെടുത്താൻ ഭാഗ്യശാലിയോ കുടുംബമോ താൽപര്യപ്പെടുന്നില്ല. തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടരുതെന്ന് ഇവർ അഭ്യർത്ഥിച്ചു. ഒരു സാധാരണ കുടുംബത്തെ തേടിയാണ് ഇത്തവണത്തെ ബമ്പർ എത്തിയത്. തിങ്കളാഴ്ച രാവിലെ ഇവർ ടിക്കറ്റ് പൊതുമേഖലാ ബാങ്കിൽ കൈമാറിയേക്കും.
ലോട്ടറി സ്റ്റാൾ അടച്ചു
തോട്ടടയിലെ കാവേരി സബ് ഏജൻസി സ്റ്റാൾ നടത്തുന്ന ബംഗാൾ സ്വദേശിയിൽ നിന്നാണ് ഇയാൾ ടിക്കറ്റെടുത്തത്. കണ്ണൂർ കാവേരി ഏജൻസിയാണ് വിൽപനയ്ക്കായി തോട്ടടയിൽ ടിക്കറ്റ് നൽകിയത്. മനോജ് എന്നയാളാണ് കാവേരി ഏജൻസി കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നടത്തിവരുന്നതെന്നാണ് വിവരം.
ഒന്നാം സമ്മാനമായ 10 കോടി അടിച്ചതിനെ തുടർന്ന് തോട്ടടയിലെ കാവേരി സ്റ്റാൾ പൂട്ടി ബംഗാൾ സ്വദേശിയായ ഏജൻ്റ് സ്ഥലം വിട്ടു. കണ്ണൂരിലെ മെയിൻ ഏജൻ്റിനെ കാണാനും മാധ്യമങ്ങളിൽ നിന്ന് ഒഴിവാകുന്നതിനുമാണ് ഇയാൾ മാറിയതെന്നാണ് സൂചന.
നികുതി കിഴിച്ചുള്ള തുക
ഒന്നാം സമ്മാനം അടിച്ച തോട്ടട സ്വദേശിക്ക് നികുതി പിടിച്ച ശേഷം 7,01,87,500 രൂപയാണ് ലഭിക്കുക. ഈ തുകയിൽ നിന്ന് കേന്ദ്ര സർക്കാരിൻ്റെ ആദായനികുതി സർചാർജ്, ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സെസ് എന്നിവയും പിടിക്കും.
ഇതിന് ശേഷം ആറ് കോടി 30 ലക്ഷം രൂപയാണ് ഭാഗ്യശാലിക്ക് കൈയിൽ കിട്ടുക. 250 രൂപയാണ് ടിക്കറ്റ് ചാർജ്. രണ്ടു വർഷം മുൻപ് വിഷു ബമ്പറും കണ്ണൂരിലെ ഇരിട്ടി സ്വദേശിയെ തേടിയെത്തിയിരുന്നു. ചക്കരക്കൽ മുത്തു ഏജൻസി ഏജൻ്റിന് കൈമാറിയ ടിക്കറ്റിൽ നിന്നാണ് അന്ന് ബമ്പറടിച്ചത്.
റെക്കോർഡ് വിൽപന
റെക്കോർഡ് വിൽപനയാണ് ഇത്തവണത്തെ മൺസൂൺ ബമ്പറിൽ നടന്നത്. 40 ലക്ഷം ടിക്കറ്റുകൾ വിറ്റുവെന്നാണ് ഭാഗ്യക്കുറി വകുപ്പിൻ്റെ കണക്കുകൾ. ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിഞ്ഞത് പതിവുപോലെ പാലക്കാട്ടാണ്. ഏറ്റവും കുറവ് വിൽപന നടന്നത് മലപ്പുറത്തുമാണ്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക
Article Summary: The Monsoon Bumper first prize of ₹10 crore goes to a native of Kannur.
#MonsoonBumper2026 #KeralaLottery #KannurNews #LotteryWinner #KeralaNews #LuckyDraw #AmmuNews
