കണ്ണൂരിൽ അത്ഭുതങ്ങൾ സംഭവിക്കുമോ? നാല് മണ്ഡലങ്ങൾ ലക്ഷ്യമിട്ട് യുഡിഎഫ്, പ്രതിരോധം കടുപ്പിച്ച് എൽഡിഎഫ്

 
Footage and key leaders from the assembly election campaign in Kannur.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പേരാവൂറിൽ സണ്ണി ജോസഫും കെകെ ശൈലജയും തമ്മിലുള്ള പോരാട്ടം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.
● തളിപ്പറമ്പിൽ പികെ ശ്യാമളയ്ക്കെതിരെ ആറ് പതിറ്റാണ്ട് സിപിഎമ്മിനൊപ്പം നിന്ന ടികെ ഗോവിന്ദനാണ് അങ്കത്തിനിറങ്ങിയത്.
● പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപിച്ച വി കുഞ്ഞിക്കൃഷ്ണൻ മധുസൂദനനെതിരെ മത്സരിക്കുന്നു.
● മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തും കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂരിലും ജനവിധി തേടുന്നു.

കണ്ണൂർ: (KVARTHA) എൽഡിഎഫിന്റെ ഉറച്ച കോട്ടയായ കണ്ണൂർ ജില്ലയിൽ ഇത്തവണ തങ്ങളുടെ നില മെച്ചപ്പെടുത്തുമെന്ന വലിയ പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം തുണയായെത്തിയാൽ ജില്ലയിലെ നാല് മണ്ഡലങ്ങളിൽ വിജയമുറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. നിലവിൽ കൈവശമുള്ള പേരാവൂരും ഇരിക്കൂറും നിലനിർത്തുന്നതിനു പുറമേ, നേരത്തെ തങ്ങൾക്കൊപ്പമുണ്ടായിരുന്ന കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങൾ ഇക്കുറി തിരിച്ചു പിടിക്കാൻ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎമ്മിൽ നിന്നും മറുകണ്ടം ചാടിയ വിമതരെ കളത്തിലിറക്കി മത്സരം കൂടുതൽ കടുപ്പിക്കാനും യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്.

Aster mims 04/11/2022

Footage and key leaders from the assembly election campaign in Kannur.

അടിയൊഴുക്കുകൾ പാർട്ടി ഗ്രാമങ്ങളിൽ നേട്ടമുണ്ടാക്കുമോ?

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലൊഴികെ കണ്ണൂരിന്റെ തിരഞ്ഞെടുപ്പ് കളത്തിൽ എക്കാലത്തും മേൽക്കൈ എൽഡിഎഫിനാണ്. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയർത്തുന്നതിനെക്കുറിച്ചു മാത്രമാണ് എൽഡിഎഫ് നേതൃത്വം ഇതുവരെ ചിന്തിച്ചിരുന്നത്. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പ് ചിത്രം അടിമുടി മാറുന്ന കാഴ്ചയാണ് മിക്ക മണ്ഡലങ്ങളിലുമുള്ളത്. പാർട്ടിവിട്ട മുതിർന്ന നേതാക്കൾ തളിപ്പറമ്പിലും പയ്യന്നൂരിലും യുഡിഎഫ് പിന്തുണയിൽ മത്സരിക്കുന്നത് സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. എം.വി രാഘവനെപ്പോലുള്ള അതികായർ പടിയിറങ്ങിയിട്ടും ഒരിളക്കവും പാർട്ടിക്കോ മുന്നണിക്കോ സംഭവിച്ചില്ലെന്ന് സിപിഎം നേതാക്കൾ പുറമേക്കു പറയുന്നുണ്ടെങ്കിലും, അടിയൊഴുക്കുകളെ കുറിച്ചുള്ള ആശങ്ക മുന്നണിയിലും പാർട്ടിയിലും ശക്തമായി നിലനിൽക്കുന്നുണ്ട്.

Footage and key leaders from the assembly election campaign in Kannur.

മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാമതും ജനവിധി തേടുന്ന ധർമ്മടം, കോൺഗ്രസ് നേതാവ് സണ്ണി ജോസഫ് നാലാം അങ്കത്തിനിറങ്ങുന്ന പേരാവൂർ എന്നിവയാണ് ജില്ലയിലെ പ്രധാന താരമണ്ഡലങ്ങൾ. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ മത്സരിക്കുന്നുവെന്നതും പേരാവൂരിൽ പോരാട്ടച്ചൂടേറ്റുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്ന കണ്ണൂർ മണ്ഡലവും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒന്നാണ്. മുൻ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനനാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിന്റെ ഉറച്ച കോട്ടകളായ കല്യാശേരി, ധർമ്മടം, തലശേരി, മട്ടന്നൂർ എന്നിവിടങ്ങളിൽ വലിയ ഭീഷണിയില്ലെങ്കിലും പയ്യന്നൂരിലും തളിപ്പറമ്പിലും ഇക്കുറി ഇടതുപക്ഷം വിയർക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

Footage and key leaders from the assembly election campaign in Kannur.

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വിമത ഭീഷണി

പയ്യന്നൂരിൽ അരലക്ഷത്തിനടുത്ത് വോട്ടുകൾക്കാണ് നിലവിലെ എംഎൽഎ ടി.ഐ മധുസൂദനൻ കഴിഞ്ഞ തവണ ജയിച്ചുകയറിയത്. 2021-ൽ തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ 22,689 വോട്ടിന്റെ ഭൂരിപക്ഷത്തിനും ജയിച്ചു. പയ്യന്നൂരിൽ രണ്ടാം അങ്കത്തിനിറങ്ങുന്ന മധുസൂദനനെതിരെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ മത്സരിക്കുന്നു. മധുസൂദനനെതിരെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പുൾപ്പെടെ കടുത്ത ആരോപണങ്ങളുയർത്തി പാർട്ടിവിട്ട കുഞ്ഞികൃഷ്ണന്റെ നീക്കങ്ങൾ വളരെ കരുതലോടെയാണ് സിപിഎം വീക്ഷിക്കുന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും വോട്ടുചോരാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് സിപിഎം നേതൃത്വം.

Footage and key leaders from the assembly election campaign in Kannur.

തളിപ്പറമ്പിൽ എം.വി ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ പി.കെ ശ്യാമളയ്ക്കെതിരെ ആറ് പതിറ്റാണ്ട് സിപിഎമ്മിനൊപ്പം നിന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായിരുന്ന ടി.കെ ഗോവിന്ദനാണ് അങ്കത്തിനിറങ്ങിയത്. ഇതിൽ തളിപ്പറമ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ടി.കെ ഗോവിന്ദൻ കാഴ്ച്ചവയ്ക്കുന്നത്. യുഡിഎഫ് പിന്തുണ ഉറപ്പിച്ചതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാവ് വി.പി അബ്ദുൽ റഷീദിനെ സ്ഥാനാർഥിയാക്കാനായിരുന്നു തുടക്കത്തിൽ യുഡിഎഫിൽ ധാരണ. രാഷ്ട്രീയസാഹചര്യങ്ങൾ പൊടുന്നനെ മാറിയതോടെ ടി.കെ ഗോവിന്ദനെ പിന്തുണയ്ക്കാനും അബ്ദുൽ റഷീദിനെ ധർമ്മടത്തേക്കു മാറ്റാനും യുഡിഎഫ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി മണ്ഡലത്തിൽ നിറഞ്ഞുനിന്ന അബ്ദുൽ റഷീദിനെ തന്നെ രംഗത്തിറിക്കിയിരുന്നെങ്കിൽ ഇത്തവണ തളിപ്പറമ്പിൽ വിസ്മയം സൃഷ്ടിക്കാൻ കഴിയുമായിരുന്നെന്ന് യുഡിഎഫ് അണികളിൽ വലിയൊരു വിഭാഗം വിശ്വസിക്കുന്നു.

Footage and key leaders from the assembly election campaign in Kannur.

പാർട്ടികോട്ടകളിൽ വിള്ളൽ വീഴ്ത്താൻ പ്രചണ്ഡമായ പ്രചാരണമാണ് ടി.കെ ഗോവിന്ദൻ നടത്തുന്നത്. 42 ശതമാനം വോട്ടുകൾ വരെ അദ്ദേഹം നേടുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. എൽഡിഎഫ് സ്ഥാനാർഥി പി.കെ ശ്യാമളയ്ക്ക് മൂന്ന് ശതമാനം വോട്ടിന്റെ മുൻതൂക്കം നിലവിലുണ്ടെങ്കിലും, ഒന്നുകൂടി ആഞ്ഞു പിടിച്ചാൽ സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയിൽ യുഡിഎഫ് കൊടിയുയർത്തിയേക്കും. അത്തരമൊരു അത്ഭുതകരമായ ക്ലൈമാക്സിലേക്കാണ് കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായ കണ്ണൂരിലെ തിരഞ്ഞെടുപ്പ് രംഗം നീങ്ങുന്നത്. കഴിഞ്ഞതവണ ജയിച്ച ഇരിക്കൂറിനും പേരാവൂരിനും പുറമേ ആഞ്ഞുശ്രമിച്ചാൽ അഴീക്കോട്, കണ്ണൂർ മണ്ഡലങ്ങൾ കൂടി തങ്ങൾക്കൊപ്പം പോരുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ രണ്ടു മണ്ഡലങ്ങളിലും മുന്നേറ്റമുണ്ടാക്കാൻ സാധിച്ചുവെന്നതും അവർക്ക് വലിയ പ്രതീക്ഷ നൽകുന്നു. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങളിൽ മറുതന്ത്രങ്ങളുമായി അതീവ ജാഗ്രതയിലാണ് എൽഡിഎഫ്. അതിൽ തളിപ്പറമ്പിലാണ് പാർട്ടിയുടെ സകല സംവിധാനങ്ങളും അണിനിരത്തിയുള്ള സിപിഎം പ്രചാരണം നടക്കുന്നത്. മുതിർന്ന നേതാക്കളായ മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി ഗോവിന്ദൻ, എം.വി ജയരാജൻ, പി. ജയരാജൻ എന്നിവർ മണ്ഡലത്തിൽ രാഷ്ട്രീയ പൊതുയോഗങ്ങളിൽ പങ്കെടുത്തു കഴിഞ്ഞു. പി.കെ ശ്രീമതിയുടെ നേതൃത്വത്തിൽ വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവരും പി.കെ ശ്യാമളയുടെ പ്രചാരണത്തിന് ഊഴമിട്ടെത്തുന്നുണ്ട്.

വിവാദങ്ങൾ ആർക്ക് തുണയേകും?

സിപിഎമ്മിന്റെ ശക്തിദുർഗ്ഗങ്ങളെ പിടിച്ചുകുലുക്കിയാണ് കണ്ണൂരിൽ തിരഞ്ഞെടുപ്പ് അങ്കത്തിന് തിരിതെളിഞ്ഞത്. തളിപ്പറമ്പ് സീറ്റിനായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ ഗോവിന്ദൻ പൊട്ടിച്ച ബോംബാണ് സിപിഎമ്മിൽ ഉഗ്രപ്രഹരമുണ്ടാക്കിയത്. 75 വയസായെന്നും ഇത്തവണയെങ്കിലും തന്നെ തളിപ്പറമ്പിൽ പരിഗണിക്കണമെന്നും ജില്ലാ ഘടകങ്ങളിൽ ടി.കെ ഗോവിന്ദൻ ആവശ്യമുന്നയിച്ചെങ്കിലും സംസ്ഥാന നേതൃത്വം പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കി. ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ യുഡിഎഫിനുണ്ടായ വോട്ട് വർധനയിലാണ് ടി.കെ ഗോവിന്ദന്റെ കണ്ണ്. ആന്തൂർ നഗരസഭാ ചെയർപേഴ്സൺ ആയിരുന്ന കാലത്ത് പി.കെ ശ്യാമള പാർട്ടിക്കുണ്ടാക്കിയ പ്രതിസന്ധി തളിപ്പറമ്പിലെ വോട്ടർമാർ മറന്നിട്ടില്ലെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. ഇതാണ് പ്രവാസി വ്യവസായി പാറയിൽ സാജന്റെ ആത്മഹത്യ വീണ്ടും തിരഞ്ഞെടുപ്പ് രംഗത്ത് ഉയർത്തി കൊണ്ടുവരാൻ കാരണം.

Footage and key leaders from the assembly election campaign in Kannur.

എന്നാൽ മുൻ കെപിസിസി അംഗം കൊയ്യം ജനാർദനൻ യുഡിഎഫ് വിമതനായെത്തിയത് ടി.കെ ഗോവിന്ദന് തിരിച്ചടിയാണ്. പയ്യന്നൂരിൽ മധുസൂദനനെതിരെ മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണനു പിന്നിലും അസംതൃപ്തരായ പാർട്ടി അണികളുണ്ട്. ചില മുതിർന്ന നേതാക്കളുടെ നിശബ്ദ പിന്തുണയും അദ്ദേഹത്തിനുണ്ട്. ഈ അനുകൂല ഘടകങ്ങളെല്ലാം വോട്ടായാൽ മധുസൂദനന്റെ ഭൂരിപക്ഷം കുറയ്ക്കാനാവുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. സിപിഎമ്മിലെ പൊട്ടിത്തെറി അനുകൂലമാക്കാൻ യുഡിഎഫ് കളത്തിലിറങ്ങിയ വേളയിലാണ് കോൺഗ്രസിൽ കെ. സുധാകരൻ കലാപക്കൊടി ഉയർത്തിയത്. എംപിയായ അദ്ദേഹത്തിന് കണ്ണൂർ സീറ്റ് വേണമെന്ന പിടിവാശി അപ്രതീക്ഷിത കല്ലുകടിയായി. പിടിവാശിക്ക് വഴങ്ങേണ്ടെന്ന് കോൺഗ്രസ് നിലപാട് കടുപ്പിച്ചതോടെ സുധാകരൻ പത്തിമടക്കി. സുധാകരന്റെ എതിർചേരിയിലാണ് യുഡിഎഫ് സ്ഥാനാർഥി ടി.ഒ മോഹനൻ. ലോക്സഭയിലും തദ്ദേശത്തിലും കണ്ണൂർ മണ്ഡലത്തിൽ യുഡിഎഫിനാണ് മേൽക്കൈ. അതുകൊണ്ടുതന്നെ ഇക്കുറി മണ്ഡലം എന്തുവിലകൊടുത്തും പിടിച്ചെടുക്കുമെന്ന് യുഡിഎഫ് പറയുന്നു. ഹാട്രിക് ജയം ഉറപ്പിച്ചാണ് കടന്നപ്പള്ളി രാമചന്ദ്രന്റെ പ്രചാരണം. എൽഡിഎഫ് ഘടകകക്ഷിയായ കോൺഗ്രസ് എസ് മത്സരിക്കുന്ന ഏക മണ്ഡലമാണ് കണ്ണൂർ.

മനംമാറുമോ കൂത്തുപറമ്പും അഴീക്കോടും

യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗ് മത്സരിക്കുന്ന അഴീക്കോടും കൂത്തുപറമ്പും ഇക്കുറി തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് യുഡിഎഫ്. അഴീക്കോട് എൽഡിഎഫിന്റെ സിറ്റിങ് എംഎൽഎ കെ.വി സുമേഷിനെതിരെയാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരിം ചേലേരി മത്സരിക്കുന്നത്. ലോക്സഭയിലും തദ്ദേശത്തിലും യുഡിഎഫിനായിരുന്നു മേൽക്കൈ. അത് അനുകൂലമാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കൂത്തുപറമ്പിൽ സിറ്റിങ് എംഎൽഎ കെ.പി മോഹനന് പകരം അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകൻ പി.കെ പ്രവീൺ മത്സരിക്കുന്നു. ലീഗ് വനിതാ സ്ഥാനാർഥി ജയന്തി രാജാണ് എതിരാളി. കൂത്തുപറമ്പും ഇത്തവണ വലത്തോട്ട് ചായുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

തിരഞ്ഞെടുപ്പ് പോരാട്ടം ചൂടുപിടിക്കുന്ന കണ്ണൂർ ജില്ലയിലെ ഈ നിർണ്ണായക രാഷ്ട്രീയ അടിയൊഴുക്കുകളെക്കുറിച്ച് നിങ്ങൾക്കെന്ത് തോന്നുന്നു? നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വാർത്തകളും സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഉടൻ ഫോളോ ചെയ്യുക. രാഷ്ട്രീയ മാറ്റങ്ങളിൽ താൽപ്പര്യമുള്ള സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഈ റിപ്പോർട്ട് ഷെയർ ചെയ്യൂ. കൂടുതൽ വിവരങ്ങൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.

Article Summary: The UDF aims to secure four assembly seats in the CPM stronghold of Kannur district during the 2026 elections, leveraging rebel candidates and anti-incumbency sentiments, while the LDF intensifies its defense strategies. 

#KannurElection #KeralaAssemblyElection #UDFKerala #LDFKerala #CPMRebels #KeralaPoli

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia