വെളുക്കാൻ തേച്ചത് വിനയായി; ആദ്യദിനത്തിൽ തന്നെ വൻ ഗതാഗതക്കുരുക്ക്, കണ്ണൂർ നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്കാരം പിൻവലിച്ചു
ADVERTISEMENT
● യാത്രക്കാർക്കും വ്യാപാരികൾക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു
● വിവിധ ട്രേഡ് യൂണിയനുകളുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നു
● എസിപി ഓഫീസിൽ ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം
● ഓണത്തിന് ശേഷം വിശദമായ ചർച്ച നടത്തിയതിന് ശേഷം പുതിയ പരിഷ്കാരം നടപ്പിലാക്കും
● ട്രാഫിക് പരിഷ്കാരം നടപ്പിലാക്കും മുൻപ് കൂടിയാലോചനകൾ വേണമായിരുന്നുവെന്ന് അഡ്വ. ടി ഒ മോഹനൻ എംഎൽഎ
കണ്ണൂർ: (KVARTHA) നഗരത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരം പിൻവലിച്ചു. പരിഷ്കാരം നടപ്പിലാക്കിയ ആദ്യ ദിനമായ വെള്ളിയാഴ്ച (ഓഗസ്റ്റ് 21) അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്. ഇതോടെയാണ് ഓണം നാളുകളിൽ നഗരത്തിൽ ഏർപ്പെടുത്തിയ ട്രാഫിക് പരിഷ്കരണം മണിക്കൂറുകൾക്കുള്ളിൽ തന്നെ പിൻവലിക്കാൻ അധികൃതർ നിർബന്ധിതരായത്.
യൂണിയനുകളുടെ പ്രതിഷേധം
യാത്രക്കാർക്ക് പുറമെ ഓട്ടോറിക്ഷാ തൊഴിലാളികളുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും ഭാഗത്തുനിന്ന് വ്യാപകമായ പരാതികൾ ഉയർന്നുവന്നിരുന്നു. വൈകുന്നേരം എസിപി ഓഫീസിൽ ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ ട്രാഫിക് പരിഷ്കാരം തൽക്കാലം നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് ട്രാഫിക് റെഗുലേറ്ററി സമിതി കൺവീനറും കണ്ണൂർ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണറുമായ എംപി ആസാദ് അറിയിച്ചു. ഓണത്തിന് ശേഷം എല്ലാ വിഭാഗങ്ങളുമായും വിശദമായ ചർച്ച നടത്തിയതിന് ശേഷം മാത്രം നഗരത്തിൽ ശാസ്ത്രീയമായ രീതിയിൽ പുതിയ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കുമെന്നും എസിപി വ്യക്തമാക്കി.
കൂടിയാലോചനകൾ വേണമെന്ന് എംഎൽഎ
കണ്ണൂർ നഗരത്തിലെ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കും മുൻപ് ആവശ്യമായ കൂടിയാലോചനകൾ വേണമായിരുന്നുവെന്ന് അഡ്വ. ടിഒ മോഹനൻ എംഎൽഎ പ്രതികരിച്ചു. നഗരത്തിൽ നടപ്പിലാക്കിയ പരിഷ്കാരവുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്ന് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് എല്ലാവരുമായി കൂടിയാലോചിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തണമെന്ന് അദ്ദേഹം പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പരിഷ്കാരം മൂലം പൊതുജനങ്ങൾക്കും യാത്രക്കാർക്കും വ്യാപാരികൾക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും വലിയ ബുദ്ധിമുട്ടുകൾ നേരിട്ടതായും എംഎൽഎ ചൂണ്ടിക്കാട്ടി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: A new traffic regulation implemented in Kannur city ahead of the Onam season was withdrawn on August 21, 2026, within hours of its launch, following severe traffic congestion and protests from trade unions and the public.
#Kvartha #Kannur #KannurNews #TrafficUpdate #KeralaPolice #MalayalamNews #KeralaNews #Onam2026 #TrafficJam #AmmuNews
