രാഷ്ട്രീയ സംഘർഷത്തിൽ വീണ്ടും കലങ്ങി കണ്ണൂർ; മന്ത്രിയുടെ വാഹനം തടഞ്ഞതുമുതൽ ശ്രീകണ്ഠാപുരം ഹർത്താൽ വരെ നീളുന്ന സംഭവവികാസങ്ങൾ

 
Political Violence Returns to Kannur: Youth Congress-DYFI Clashes, Hartal, and Attacks on Leaders Ignite Tensions

Photo: Special Arrangement

ADVERTISEMENT

● ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വ്യാപക ഏറ്റുമുട്ടൽ.
● മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമം.
● യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ വെച്ചിയോട്ടിന്റെ വാഹനങ്ങൾ അടിച്ചുതകർത്തു.
● മന്ത്രിയെ തടഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി.
● രാജീവ് ഗാന്ധി സ്മാരകത്തിൽ കരിഓയിൽ ഒഴിച്ചതിന് സിപിഎം പ്രവർത്തകൻ കസ്റ്റഡിയിൽ.
● അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജില്ലയിൽ പൊലീസ് പട്രോളിങ് ശക്തമാക്കി.

കണ്ണൂർ: (KVARTHA) ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയ അക്രമങ്ങളുടെ കനൽ എരിഞ്ഞുതുടങ്ങി കണ്ണൂർ വീണ്ടും കലങ്ങിമറിയുന്നു. യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ പ്രവർത്തകർ നേർക്കുനേർ വെല്ലുവിളിയുമായി രംഗത്തുവന്നതോടെയാണ് ജില്ലയിലെ സമാധാന അന്തരീക്ഷം വീണ്ടും തകർന്നത്. തുടർച്ചയായി അരങ്ങേറുന്ന അക്രമ പരമ്പരകൾ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻകാലങ്ങളിലുണ്ടായതു പോലുള്ള രാഷ്ട്രീയ അക്രമങ്ങൾ ജില്ലയിലേക്ക് തിരികെ വരുന്നുണ്ടോയെന്ന ആശങ്കയിലാണ് ജനങ്ങൾ.   

Aster_MIMS

മന്ത്രിയുടെ വാഹനം തടഞ്ഞു; വ്യാപക പ്രതിഷേധം   

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ മന്ത്രി ഒ ജെ ജനീഷിനെതിരെ വ്യാഴാഴ്ച തളിപ്പറമ്പിലും പയ്യന്നൂരിലുമടക്കം ഔദ്യോഗിക വാഹനം തടഞ്ഞ് ഭീഷണി മുഴക്കുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. മന്ത്രിയെ തടഞ്ഞതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ ഡിവൈഎഫ്ഐ കൊടി കത്തിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനവും നടത്തി. തുടർന്ന് കണ്ണൂർ ജില്ലയിൽ പലയിടത്തും പരസ്പരം ബോർഡുകളും ഫ്ലെക്സുകളും നശിപ്പിക്കപ്പെട്ടു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി കണ്ണൂരിലെത്തിയപ്പോൾ ഉണ്ടായ സിപിഎം അക്രമത്തിന് ശേഷം ആദ്യമായാണ് ഒരു മന്ത്രിയുടെ വാഹനം തടഞ്ഞ് ഇത്തരത്തിലുള്ള സംഘർഷാവസ്ഥ ഉണ്ടാകുന്നത്.   

മന്ത്രിയായിരിക്കെ വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കെഎസ്‌യുക്കാർ കരിങ്കൊടി പ്രതിഷേധത്തിനിടയിൽ അക്രമിച്ചുവെന്ന പ്രചാരണവും കേസുമുണ്ടായിരുന്നു. ഈ കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണത്തെ തുടർന്ന് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിച്ചിരിക്കുകയാണ്.

ശ്രീകണ്ഠാപുരത്ത് ഹർത്താൽ; നേതാക്കൾക്ക് നേരെ ആക്രമണം   

ശ്രീകണ്ഠാപുരം പൊടിക്കളത്ത് ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് ഏറ്റുമുട്ടലിൽ കോൺഗ്രസിന്റെ നഗരസഭ കൗൺസിലർക്കും രണ്ട് പ്രവർത്തകർക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ടിന്റെ തളിപ്പറമ്പിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും അക്രമികൾ അടിച്ചുതകർത്തു.

ശ്രീകണ്ഠാപുരം നഗരസഭാ ചെയർമാനെ തടഞ്ഞു മർദിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് ശനിയാഴ്ച ശ്രീകണ്ഠാപുരം നഗരസഭയിൽ ഹർത്താൽ ആചരിച്ചു. ഡിവൈഎഫ്ഐ അക്രമത്തിൽ പരിക്കേറ്റ ശ്രീകണ്ഠാപുരം നഗരസഭാ ചെയർമാനും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ അഡ്വ. ഇ വി രാമകൃഷ്ണനെയും കെ പി ഗംഗാധരനെയും കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റലിലെത്തി സന്ദർശിച്ചു.   

രാജീവ് ഗാന്ധി സ്മാരകത്തിന് നേരെ അതിക്രമം

അഴീക്കോട് വൻകുളത്ത് വയലിൽ രാജീവ് ഗാന്ധി സ്മാരകത്തിന് നേരെയും വ്യാപകമായ അതിക്രമമുണ്ടായി. സ്മാരകത്തിന് കരിഓയിൽ ഒഴിച്ച് നശിപ്പിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകനായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ രാഷ്ട്രീയ ഭേദമില്ലാതെ കർശന നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും ആവശ്യം. അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പട്രോളിങ്ങും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.   

കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്. 

Article Summary: Kannur faces renewed political violence with clashes between Youth Congress and DYFI, hartal, and police actions.

#Kannur #PoliticalViolence #YouthCongress #DYFI #SreekandapuramHartal #KeralaNews #KannurPolice #Kvartha #AnjanaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia