കണ്ണൂരിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ സ്ഥാപിച്ച 525 കൊടിതോരണങ്ങൾ നീക്കം ചെയ്തു; അനധികൃതമായി സ്ഥാപിച്ചതിന് 1.18 ലക്ഷം രൂപ പിഴ ഈടാക്കിയതായി അധികൃതർ
ADVERTISEMENT
● ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലാണ് നടപടി സ്വീകരിച്ചത്
● മുണ്ടേരി ഗ്രാമപഞ്ചായത്തും ഇരിട്ടി നഗരസഭയും പിഴ ഈടാക്കുന്നതിൽ മുൻപിൽ നിന്നു
● ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട ഹോർഡിങ്ങുകളും ബോർഡുകളും സുരക്ഷിതമായി നീക്കം ചെയ്യണമെന്ന് നിർദ്ദേശം
● ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു
കണ്ണൂർ: (KVARTHA) സംസ്ഥാന പാതയോരങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ സ്ഥാപിച്ച കൊടിതോരണങ്ങളിൽ കണ്ണൂർ ജില്ലയിൽ ഈ വർഷം നീക്കം ചെയ്തത് 525 എണ്ണം. ജനുവരി ഒന്നുമുതൽ ജൂൺ 30 വരെ കാലയളവിൽ 414 ബോർഡുകൾ, 86 ബാനറുകൾ, 6 കൊടികൾ, 19 ഹോർഡിങ്ങുകൾ എന്നിങ്ങനെ ആകെ 525 എണ്ണമാണ് നീക്കം ചെയ്തത്. ഇവ അനധികൃതമായി സ്ഥാപിച്ചതിനും യഥാസമയം നീക്കം ചെയ്യാത്തതിനും 4,05,500 രൂപ പിഴ ചുമത്തിയതിൽ 1,18,000 രൂപ ഈടാക്കി.
ഗ്രാമപഞ്ചായത്ത് തലത്തിൽ മുണ്ടേരി പഞ്ചായത്ത് ആണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് - 6000 രൂപ. ഇവിടെ 12 ബോർഡുകൾ ആയിരുന്നു സ്ഥാപിച്ചിരുന്നത്. വേങ്ങാട് ഗ്രാമപഞ്ചായത്ത് 4000 രൂപ പിഴ ഈടാക്കി. നഗരസഭ തലത്തിൽ ഇരിട്ടി നഗരസഭ 40,000 രൂപ പിഴ ഈടാക്കി. ഇവിടെ 10 ഹോർഡിങ്ങുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണിത്.
തലശ്ശേരി നഗരസഭ 27,500 രൂപ പിഴയിനത്തിൽ ഈടാക്കി. കണ്ണൂർ കോർപ്പറേഷനിൽ 46 ബോർഡുകളാണ് അനധികൃതമായി സ്ഥാപിച്ചത്. 2,30,000 രൂപ പിഴ ചുമത്തിയതിൽ 25,000 രൂപ ഈടാക്കി. രാമന്തളി, വേങ്ങാട്, മുണ്ടേരി ഒഴെികെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കൊടിതോരണങ്ങൾ നീക്കം ചെയ്തിട്ടില്ല. കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂർ ഒഴികെയുള്ള നഗരസഭകളും നീക്കം ചെയ്തിട്ടില്ല.
ലോകകപ്പ് ഹോർഡിങ്ങുകൾ നീക്കം ചെയ്യണം
ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ജില്ലയിൽ വ്യാപകമായി സ്ഥാപിച്ച ഹോർഡിങ്ങുകൾ, ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിച്ചവർ തന്നെ സുരക്ഷിതമായി നീക്കം ചെയ്ത് ഹരിതകർമ്മ സേനയ്ക്ക് നേരിട്ടോ അല്ലെങ്കിൽ അതാത് തദ്ദേശസ്ഥാപനം വഴിയോ കൈമാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അറിയിച്ചു. ഫുട്ബോളിന്റെ മത്സരസ്പിരിറ്റ് പോലെ തങ്ങൾ സ്ഥാപിച്ച ബോർഡുകൾ ഉത്തരവാദിത്തത്തോടെ മാറ്റി മാലിന്യസംസ്കരണത്തിൽ മാതൃകയാകാനും യുവാക്കൾ തയാറാകണം.
ഇതുസംബന്ധിച്ച് ചേർന്ന അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ധനീഷ് പി എം, കണ്ണൂർ കോർപ്പറേഷൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം, ദേശീയപാത അതോറിറ്റി, പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kannur district removed 525 illegal flex boards and banners, collecting Rs 1.18 lakh in fines.
#KannurNews #IllegalBanners #DistrictPanchayat #KannurCorporation #LocalNews #KeralaNews #AmmuNews
